അവൻ നയിക്കുന്നത് എക്കാലത്തെയും മികച്ച ഇന്ത്യൻ ടീമിനെ : വാചാലനായി ദിനേശ് കാർത്തിക്

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ വളർച്ചയാണ് ഇപ്പോൾ ക്രിക്കറ്റ്‌ ലോകത്തെ പ്രധാന ചർച്ചാവിഷയം. മൂന്ന് ഫോർമാറ്റിലും ലോകത്തെ ഒന്നാം നമ്പർ ടീമായ കോഹ്ലി നയിക്കുന്ന ഇന്ത്യൻ സംഘം ജൂൺ 18ന്‌ ആരംഭിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ കിവീസ് ടീമിന് എതിരെ പോരാട്ടത്തിന് ഇറങ്ങുമ്പോൾ ഉറപ്പായും ഇന്ത്യൻ ആരാധകർ എല്ലാം ഏറെ വിജയ പ്രതീക്ഷയിലാണ്. ടീം ഇന്ത്യ ഫൈനലിൽ ജയിക്കുമെന്ന മുൻ ക്രിക്കറ്റ്‌ താരങ്ങളുടെ അടക്കം പ്രവചനം ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ ഏറ്റെടുത്ത് കഴിഞ്ഞു.

എന്നാൽ മുൻ ഇന്ത്യൻ താരവും ഐപിൽ പ്രമുഖ ടീമായ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സിലെ കീപ്പർ ബാറ്റ്സ്മാനുമായ ദിനേശ് കാർത്തിക്കിന്റെ അഭിപ്രായമാണ് ക്രിക്കറ്റ്‌ ലോകത്തെ വ്യാപക ചർച്ചക്ക് കാരണം. ഇപ്പോഴത്തെ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ എക്കാലത്തെയും കരുത്തുറ്റ സംഘം എന്നാണ് ദിനേശ് കാർത്തിക് വിശേഷിപ്പിക്കുന്നത്.തോൽക്കാൻ മനസ്സില്ലാത്ത ഒരു യൂണിറ്റാണ് വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യൻ സംഘം എന്ന് താരം വിശദമാക്കുന്നു.

“എന്റെ അഭിപ്രായത്തിൽ ഇന്ത്യൻ ക്രിക്കറ്റ്‌ കണ്ട ഏറ്റവും മികച്ച സംഘമാണ് ഈ വിരാട് കോഹ്ലി ക്യാപ്റ്റനായ ടീം. വളരെ വ്യത്യസ്തതകൾ നിറഞ്ഞ ഇപ്പോഴത്തെ ഇന്ത്യൻ ടീം ബാറ്റിംഗിലും ഒപ്പം അതിലേറെ ബൗളിങ്ങിലും സന്തുലിതമാണ്.ഈ ഒരു ഇന്ത്യൻ സംഘം യോജിച്ച കാലം മുതലേ നമുക്ക് അനവധി റെക്കോർഡുകൾ നേടി തന്നിട്ടുണ്ട്.ഏതൊരു വെല്ലുവിളിയും മറികടക്കുവാൻ കഴിയുന്നൊരു അപാര സംഘമായി അവർ മാറി കഴിഞ്ഞു ” കാർത്തിക് വാചാലനായി.

ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് ശക്തിക്കും ബൗളിംഗ് കരുത്തിനും ഏതൊരു എതിർ ടീമിനെയും നേരിടാൻ കഴിയുമെന്ന് പറഞ്ഞ കാർത്തിക് ടെസ്റ്റ് ലോകകപ്പ് ഫൈനലിൽ അനായാസം എത്തുവാനും അതാണ്‌ കാരണമെന്ന് വിശദമാക്കി. ജൂൺ പതിനെട്ടിന് ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ കിവീസ് ടീമിനെ നേരിടാനുള്ള ഒരുക്കങ്ങൾ ഇന്ത്യൻ സംഘം തുടങ്ങി. രണ്ട് ദിവസം മുൻപ് പരിശീലനം ആരംഭിച്ച ഇന്ത്യൻ നായകൻ കോഹ്ലിയുൾപ്പെടുന്ന സ്‌ക്വാഡ് ക്വാറന്റൈൻ പൂർത്തിയാക്കിയിരുന്നു.