ലങ്കയിൽ റെക്കോർഡ് മഴ :മുൻപിൽ ഇന്ത്യൻ താരങ്ങൾ

ഇന്ത്യ :ശ്രീലങ്ക ടി :20 പരമ്പരക്ക്‌ ഇന്നലെ ആദ്യ ടി :20 മത്സരത്തോടെ തുടക്കം കുറിച്ചപ്പോൾ ഇരു ടീമിലെയും പ്രമുഖ താരങ്ങൾ പലരും ഇത്രയേറെ അപൂർവ്വ റെക്കോർഡുകൾ നേടുമെന്ന് ഒരുപക്ഷേ ആരാധകരിൽ പലരും ചിന്തിച്ചുകാണില്ല. ആദ്യ ടി :20യിൽ 38 റൺസിന്റെ വിജയം കരസ്ഥമാക്കിയ നായകൻ ശിഖർ ധവാനും സംഘവും മത്സരത്തിൽ ചില റെക്കോർഡുകളും സ്വന്തമാക്കി. തന്റെ അന്താരാഷ്ട്ര കരിയറിൽ ആദ്യമായിട്ടാണ് ധവാൻ ഇന്ത്യൻ ടീമിന്റെ ടി :20 ക്രിക്കറ്റിൽ നയിച്ചത്. മത്സരത്തിൽ ടീം ഇന്ത്യയുടെ ടി :20 നായകനായ ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടം സ്വന്തമാക്കിയ ധവാൻ ഒരു ഇന്ത്യൻ ടി :20 നായകന്റെ ആദ്യ മത്സരത്തിലെ ഏറ്റവും ഉയർന്ന സ്കോറും നേടി.

അതേസമയം ഇന്നലത്തെ മത്സരത്തിൽ നാണക്കേടിന്റെ റെക്കോർഡാണ് സ്റ്റാർ ഓപ്പണർ പൃഥ്വി ഷാക്ക്‌ ലഭിച്ചത്.അരങ്ങേറ്റ ടി :20 മത്സരത്തിൽ ഗോൾഡൻ ഡക്കിൽ പുറത്തായ പൃഥ്വി ഷാ. കൂടാതെ തങ്ങളുടെ അരങ്ങേറ്റ ടി :20യിൽ റൺസ് നേടുവാൻ കഴിയാതെ പുറത്തായ മൂന്നാമത്തെ ഇന്ത്യൻ താരമായിട്ടും ഷാ മാറി.മൂന്ന് ഫോർമാറ്റിലും ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം എന്നൊരു നേട്ടവും ഷാ സ്വന്തമാക്കി.21 വയസ്സുകാരനായ ഷാക്ക്‌ പക്ഷേ ടി :20 ക്രിക്കറ്റിലെ അരങ്ങേറ്റം ഗംഭീരമാക്കി മാറ്റുവാൻ സാധിച്ചില്ല.

എന്നാൽ ഇന്നലെ മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ ബാറ്റിങ് കരുത്തായി മാറിയത് സൂര്യകുമാർ യാദവാണ്. കരിയറിലെ രണ്ടാം ടി :20 ഫിഫ്റ്റി നേടിയ താരം ഏറെ റെക്കോർഡുകളും സ്വന്തമാക്കി.മൂന്ന് ടി :20 മത്സരങ്ങൾ മാത്രം ഇന്ത്യക്കായി ഇത് വരെ കളിച്ചിട്ടുള്ള സൂര്യകുമാർ യാദവ് മൂന്ന് ഇന്നിങസിൽ നിന്നായി 139 റൺസ് നേടികഴിഞ്ഞു. അന്താരാഷ്ട്ര ടി :20യിൽ ആദ്യ 3 മത്സരങ്ങളിൽ നിന്നായി ഏറ്റവും അധികം റൺസ് അടിച്ച ഇന്ത്യൻ താരം എന്നുള്ള റെക്കോർഡും താരം നേടി.

ഇന്ത്യയുടെ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കൻ ടീമിന് എല്ലാവിധ പ്രതീക്ഷകളും നൽകി നാലാം നമ്പറിൽ ബാറ്റിംഗിന് എത്തിയ ചരിത് അസലങ്ക ചില റെക്കോർഡുകളും നേടി. ഇന്ത്യക്ക് എതിരെ ടി :20യിൽ ഒരു ബാറ്റ്‌സ്മാന്റെ ഏറ്റവും വലിയ അരങ്ങേറ്റ സ്കോറാണ്‌ താരം സ്വന്തമാക്കിയത്.26 പന്തിൽ മൂന്ന് സിക്സും മൂന്ന് ഫോറും താരം പറത്തി. താരത്തെ പുറത്താക്കി ദീപക് ചഹാറാണ് മത്സരത്തിൽ ഇന്ത്യക്ക് ജയം സമ്മാനിച്ചത്

മത്സരത്തിൽ നാല് വിക്കറ്റ് വീഴ്ത്തിയ പേസർ ഭുവനേശ്വർ കുമാറാണ് ഇന്നലെ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയത്. ഈ വർഷം താരം കരസ്ഥമാക്കുന്ന രണ്ടാം മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം കൂടിയാണിത്.ഇന്നലെ നാല് വിക്കറ്റ് വീഴ്ത്തിയ താരത്തിന് അന്താരാഷ്ട്ര ടി :20 ക്രിക്കറ്റിൽ ഇന്ത്യക്കായി നാല് വിക്കറ്റ് രണ്ട് തവണ സ്വന്തമാക്കുന്ന ആദ്യ താരമായി മാറുവാനും സാധിച്ചു. കൂടാതെ ഭുവി ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ 250 വിക്കറ്റുകൾ എന്ന നേട്ടവും ഇന്നലെ മത്സരത്തിൽ നേടി.