2013ന് ശേഷം ഇന്ത്യ തുടർച്ചയായി ഐസിസി ഇവന്റുകളിൽ പരാജയം ഏറ്റുവാങ്ങുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലും ഇന്ത്യ പരാജയപ്പെട്ടതോടുകൂടി രോഹിത് ശർമയുടെ നായകസ്ഥാനം സംബന്ധിച്ചു പോലും ചോദ്യങ്ങൾക്ക് ഉയർന്നിരുന്നു. അതിനുശേഷം വെസ്റ്റിൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെയും പ്രഖ്യാപിക്കുകയുണ്ടായി. പരമ്പരയിലും രോഹിത് തന്നെയാണ് ഇന്ത്യയുടെ നായകൻ. എന്നാൽ ഇന്ത്യൻ സെലക്ടർമാർക്കെതിരെയും ഇന്ത്യയുടെ ടീം മാനേജ്മെന്റിനെതിരെയും വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. ഇന്ത്യൻ നിരയിൽ കരുത്തനായ ഒരു സെലക്ടറുടെ അഭാവമുണ്ട് എന്നാണ് സുനിൽ ഗവാസ്കർ ചൂണ്ടിക്കാട്ടുന്നത്.
“ഇന്ത്യയ്ക്ക് ആവശ്യം കരുത്തനായ ഒരു സെലക്ടറെയാണ്. അങ്ങനെ ഒരാൾ ഉണ്ടായിരുന്നെങ്കിൽ ഫൈനലിൽ അശ്വിനെ ഒഴിവാക്കിയതിനെ കുറിച്ചും, മത്സരത്തിൽ ടോസ് നേടിയ ശേഷം ഫീൽഡിങ് തെരഞ്ഞെടുത്തതിനെ പറ്റിയും രോഹിത്തിനോട് ചോദിച്ചേനെ. ഒപ്പം ട്രാവിസ് ഹെഡ് അന്ന് ക്രീസിലെത്തിയ സമയത്ത് ഷോർട് ബോൾ തന്ത്രം ഉപയോഗിക്കാത്തതിനെപ്പറ്റിയും സംസാരിച്ചേനെ. ഈ ചോദ്യങ്ങളൊക്കെ രോഹിത്തിനോട് ചോദിക്കേണ്ടത് ആവശ്യം തന്നെയാണ്.”- ഗവാസ്കർ പറയുന്നു.
“ഇപ്പോൾ എന്ത് ഉത്തരവാദിത്തമാണ് ക്യാപ്റ്റനുള്ളത് എന്ന കാര്യത്തിൽ എല്ലാവർക്കും സംശയമുണ്ട്. ഇത്തരം സംശയങ്ങൾക്ക് ഉത്തരം നൽകിയ ശേഷം രോഹിത് ക്യാപ്റ്റനായി തുടരണം എന്നതാണ് എന്റെ അഭിപ്രായം. രോഹിത്തിനെ ഒരിക്കലും ഒഴിവാക്കണമെന്ന് ഞാൻ പറയില്ല. പക്ഷേ താൻ മൈതാനത്ത് എടുക്കുന്ന തീരുമാനങ്ങളിൽ ഏത് ക്യാപ്റ്റനും ഉത്തരവാദിത്വം വേണം. അല്ലാത്തപക്ഷം അത് വലിയ രീതിയിൽ ടീമിനെ ബാധിക്കും.”- ഗവാസ്കർ കൂട്ടിച്ചേർക്കുന്നു.
“ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പരാജയത്തിനുശേഷം രോഹിത്തുമായി ബോർഡിലെ ആരെങ്കിലും സംസാരിച്ചു എന്നെനിക്ക് തോന്നുന്നില്ല. ഇനിയും എന്തുകൊണ്ട് രോഹിത്തിനെ ക്യാപ്റ്റനായി കളിപ്പിക്കണമെന്ന് അദ്ദേഹം തന്നെ പറയേണ്ടതുണ്ട്. ഞങ്ങളുടെ സമയത്ത് ഒരാളെ ക്യാപ്റ്റനായി തിരഞ്ഞെടുക്കുന്നത് വിവിധ കമ്മറ്റികൾ കൂടിയായിരുന്നു. ആദ്യം സെലക്ടർമാരുടെ കമ്മിറ്റിയും, പിന്നീട് നായകനൊപ്പം മറ്റൊരു കമ്മിറ്റിയും ചേരാറുണ്ട്. ഈ യോഗത്തിൽ, എന്താണ് ടീമിന് വേണ്ടത് എന്ന കാര്യങ്ങൾ ക്യാപ്റ്റനുമായി ബോർഡ് അംഗങ്ങൾ സംസാരിക്കാറുണ്ട്. പക്ഷേ ഇപ്പോൾ അത്തരം കാര്യങ്ങൾ ഒന്നും നടക്കാറില്ല.”- ഗവാസ്കർ പറഞ്ഞുവയ്ക്കുന്നു.