യുവിയുടെ ഈ റെക്കോർഡുകൾ ആരുണ്ട് മറികടക്കാൻ :അപൂർവ്വ നേട്ടങ്ങൾ അറിയാം

ലോകക്രിക്കറ്റിൽ യുവരാജ് എന്നൊരു പേരിന് പോരാളി എന്നൊരു വിശേഷണം ക്രിക്കറ്റ്‌ ആരാധകർ സമ്മാനിച്ചിട്ടുണ്ട്. ബാറ്റിംഗിലും ബൗളിങ്ങിലും ഒപ്പം അസാധ്യ മികവ് ഫീൽഡിങ്ങിലും കാഴ്ചവെക്കുന്ന ചുരുക്കം ചില താരങ്ങളിലൊരാളാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. ഇന്നും ആരാധകർ ആവേശത്തോടെ സ്നേഹിക്കുന്ന യുവിയുടെ മനോഹര പ്രകടനങ്ങൾ അദ്ദേഹത്തിന്റെ മഹത്വം വിളിച്ചോതും. തന്റെ ശരീരത്തെ ഒരുവേള കാർന്നുതിന്ന ക്യാൻസർ സെല്ലുകൾക്ക് മുൻപിലും തളരാതെ വിശ്വ കിരീട വിജയം എന്നൊരു ജനതയുടെ സ്വപ്നത്തിനായി ബാറ്റേന്തിയ ആ കൈകളെ ഇന്നും ആരും മറക്കില്ല.ക്രിക്കറ്റിലെ ആർക്കും ഇന്നും അവകാശപെടുവാനില്ലാത്ത നേട്ടങ്ങൾ സ്വന്തമാക്കിയാണ് യുവി ക്രിക്കറ്റിൽ നിന്നും വിരമിച്ചത്.

യുവരാജ് സിംഗിന്റെ നേട്ടങ്ങൾ എന്നും പരിശോധിച്ചാൽ ഒരോവറിലെ ആറ് സികസറുകൾ എന്ന സ്വപ്നതുല്യ നേട്ടം തലയുയർത്തി നിൽക്കും.2007ലെ ടി :20 ലോകകപ്പിൽ ഇംഗ്ലണ്ട് പേസർ സ്റ്റുവർട് ബ്രോഡ് എറിഞ്ഞ ഇന്നിങ്സിലെ 19-)0 ഓവറിൽ യുവരാജ് എല്ലാ പന്തുകളും ബൗണ്ടറി ലൈൻ മുകളിലൂടെ അതിവേഗം പായിച്ചപ്പോൾ പിറന്നത് ടി :ട്വന്റി ക്രിക്കറ്റ്‌ ചരിത്രത്തിലെ പുതുയുഗമാണ്.ടി :ട്വന്റി ഫോർമാറ്റിൽ ആദ്യമായി ഒരോവറിലെ എല്ലാ പന്തും സിക്സ് എന്നൊരു നേട്ടം യുവി സ്വന്തം പേരിൽ കുറിച്ചിട്ടു.

28 വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ്‌ ടീം വിശ്വ ചാമ്പ്യൻ പട്ടം സ്വന്തമാക്കിയപ്പോൾ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ആ ഇടംകയ്യൻ തിളങ്ങി.362 റൺസും 15 വിക്കറ്റും വീഴ്ത്തിയ യുവരാജ് ടൂർണമെന്റിലെ മികച്ച താരമായി.2000ലെ അണ്ടർ 19 ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യൻ ടീമിന്റെ കരുത്തായ യുവി ശേഷം 2011ലെ ഏകദിന ലോകകപ്പ് കിരീടവും സ്വന്തമാക്കി ഇരട്ടി മധുരമുള്ള മറ്റൊരു റെക്കോർഡ് കരസ്‌ഥമാക്കി. അണ്ടർ 19 ലോകകപ്പിലും ഐസിസി ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിലും മാൻ ഓഫ് ദി ടൂർണമെന്റ് പുരസ്ക്കാരം നേടിയ ഏക താരവും യുവരാജ് എന്ന ആ പന്ത്രണ്ടാം നമ്പർ കുപ്പായക്കാരൻ തന്നെ.

ലോകത്തെ ഏറ്റവും മികച്ച ടി :20 ലീഗായ ഇന്ത്യൻ പ്രീമിയർ ലീഗിലും യുവരാജ് തന്റെ പേര് അപൂർവ്വ പ്രകടനങ്ങളാൽ ഇന്നും ആരാധകർക്ക് അത്ഭുതമാക്കിയിട്ടുണ്ട്. ഐപിഎല്ലിൽ ഒരൊറ്റ സീസണിൽ രണ്ട് തവണ ഹാട്രിക്ക് നേടിയ ഏക താരവും യുവരാജ് തന്നെ.രോഗബാധിതനായി ക്രിക്കറ്റിൽ നിന്നും ഇടവേള എടുത്ത യുവി പിന്നീട് പലർക്കും ഒരു തമാശയായി എങ്കിലും ഇന്ത്യൻ ക്രിക്കറ്റിനെയും ഒപ്പം തളരാത്ത പോരാളികളെയും ആവേശ ത്തോടെ സ്നേഹിക്കുന്നവർക്ക് യുവരാജ് എന്നും ഒരു തിളങ്ങുന്ന വജ്രമാണ്.