ആ പഴയ ധോണി ഇനി വരില്ല :നിരീക്ഷണവുമായി സഞ്ജയ്‌ മഞ്ജരേക്കർ

ഐപിൽ പതിനാലാം സീസണിൽ മികച്ച പ്രകടനവുമായി വളരെ അധികം കയ്യടി നേടിയ ടീമാണ് മഹേന്ദ്ര സിംഗ് ധോണി നയിച്ച ചെന്നൈ സൂപ്പർ കിങ്‌സ്. ഈ സീസൺ ഐപിഎല്ലിൽ പ്ലേഓഫ്‌ യോഗ്യത നേടിയ ആദ്യത്തെ ടീമായി കൂടി മാറിയ ചെന്നൈ ടീം കഴിഞ്ഞ തവണ പ്ലേഓഫ്‌ കാണാതെ പുറത്തായ ക്ഷീണം കൂടി മികച്ച പ്രകടനത്തിലൂടെ ഇത്തവണ മാറ്റി. ബാറ്റിങ്, ബൗളിംഗ് ഡിപ്പാർട്ടുമെന്റുകൾ മനോഹരമായ പ്രകടനം കാഴ്ചവെക്കുന്ന ചെന്നൈ ടീമിൽ ഓപ്പണിങ് കോംബോ ഏറെ മികച്ച ഫോമിലാണ്. ഋതുരാജ് ഗെയ്ക്ഗ്വാദ് :ഫാഫ് ഡൂപ്ലസ്സിസ് എന്നിവർ തുടക്ക ഓവറുകളിൽ റൺസ് നേടുന്നത് പല മത്സരങ്ങളിലും ചെന്നൈ ടീമിന്റെ ജയം അനായാസമാക്കാറുണ്ട്.കൂടാതെ ബാറ്റിങ് നിരയിൽ നായകൻ ധോണി, സുരേഷ് റെയ്ന എന്നിവരുടെ മോശം ഫോമും ചെന്നൈ ടീമിനോപ്പം സജീവ ചർച്ചയായി മാറുന്നുണ്ട്.

എന്നാൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീം നായകൻ ധോണിയുടെ ക്യാപ്റ്റൻസി മികവിനെ മുൻ താരങ്ങളും ക്രിക്കറ്റ്‌ നിരീക്ഷകരും വാനോളം പുകഴ്ത്താറുണ്ട് എങ്കിലും താരം ബാറ്റിങ്ങിൽ പൂർണ്ണ പരാജയമായി മാറുന്നത് ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്.പ്ലേഓഫ്‌ മുന്നിൽ നിൽക്കേ മുൻ താരങ്ങൾ അടക്കം ഈ ഒരു പ്രശ്നമാണ് ചൂണ്ടികാണിക്കുന്നത്. ഈ സീസണിൽ വെറും 66 റൺസാണ് ധോണിയുടെ ബാറ്റിൽ നിന്നും പിറന്നത്. ധോണി ഒരിക്കൽ കൂടി ബാറ്റിങ് ഫോം നേടുമെന്നുള്ള ആരാധകരുടെ എല്ലാം പ്രതീക്ഷകൾ വെറുതേയാണെന്ന് തുറന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ്‌ മഞ്ജരേക്കർ.

ധോണിക്ക് ഇനിയൊരു തിരിച്ചുവരവിന് കഴിയില്ല എന്നും പറഞ്ഞ മുൻ താരം പഴയ ധോണിയായി മാറുവാൻ അദ്ദേഹം ശ്രമിച്ചാലും അത് നടക്കില്ലെന്നും എന്നും വിശദമാക്കി. “ഒരു ബാറ്റ്‌സ്മാനെന്ന റോൾ പ്രതീക്ഷിച്ചത് പോലെയൊന്നും ധോണിക്ക് കൈകാര്യം ചെയ്യുവാൻ കഴിഞ്ഞില്ല. ഈ സീസണിൽ ധോണി ബാറ്റിങ്ങിൽ പൂർണ്ണ പരാജയമാണ്. ഹൈദരാബാദ് ടീമിന് എതിരായ ധോണിയുടെ സിക്സ് നമ്മളെ എല്ലാം സന്തോഷത്തിലാക്കി എങ്കിൽ പോലും അദ്ദേഹം ഫോമിലേക്ക് എത്താൻ സാധ്യതകൾ കുറവാണ്. ധോണി തന്റെ ബാറ്റിങ് ഫോമിലേക്ക് എത്തുന്നില്ലെങ്കിൽ പോലും അത് ചെന്നൈ സൂപ്പർ കിംഗ്സ് ടീമിനെ ബാധിക്കുന്നില്ല എന്നതാണ് സത്യം ബാക്കിയുള്ള ബാറ്റ്‌സ്മന്മാർ ചെന്നൈ നിരയിൽ ഫോമിലാണ് “മഞ്ജരേക്കർ അഭിപ്രായം വ്യക്തമാക്കി.