ഇന്ത്യയുടെ പരിശീലകനായി ഗൗതം ഗംഭീർ എത്തിയതിന് ശേഷമായിരുന്നു മലയാളി താരം സഞ്ജു സാംസന് ഇന്ത്യൻ ടീമിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചത്. ട്വന്റി20 ക്രിക്കറ്റിൽ സഞ്ജുവിനെ ഓപ്പണറായി ഗംഭീർ പരീക്ഷിക്കുകയും ആ പരീക്ഷണത്തിൽ സഞ്ജു വിജയം നേടുകയും ചെയ്തു. കഴിഞ്ഞ 2 ട്വന്റി20 പരമ്പരകളിൽ നിന്നായി 3 സെഞ്ചുറികളാണ് സഞ്ജു സ്വന്തമാക്കിയത്. ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾക്കെതിരെയാണ് സഞ്ജുവിന്റെ സെഞ്ച്വറികൾ പിറന്നത്. ഇതിനുശേഷം തന്നെ ഏറ്റവുമധികം പിന്തുണച്ച ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനെ പറ്റി സംസാരിക്കുകയാണ് സഞ്ജു സാംസൺ.
മൈതാനത്ത് എത്തിയശേഷം തനിക്ക് ഇഷ്ടമുള്ളതുപോലെ കളിച്ചോളാൻ ഗൗതം ഗംഭീർ ആദ്യ ദിവസം തന്നെ പറഞ്ഞതായി സഞ്ജു വ്യക്തമാക്കി. “അന്ന് അദ്ദേഹം ഇന്ത്യയുടെ ഡ്രസ്സിംഗ് റൂമിലേക്ക് എത്തുമ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു. എന്റെ സവിശേഷമായ കഴിവുകളെ പറ്റി ഗംഭീർ സംസാരിച്ചിരുന്നു. മാത്രമല്ല വേണ്ടത്ര പിന്തുണ ഇനി ലഭിക്കുമെന്ന് അദ്ദേഹം എനിക്ക് ഉറപ്പുതരുകയും ചെയ്തു. ക്രീസിലെത്തിയ ശേഷം എനിക്ക് ഇഷ്ടമുള്ള രീതിയിൽ കളിക്കാനാണ് ഗംഭീർ എന്നോട് പറഞ്ഞത്. അദ്ദേഹവുമായുള്ള സംഭാഷണം എനിക്ക് ഒരുപാട് ആത്മവിശ്വാസം നൽകി.”- സഞ്ജു പറയുന്നു.
പക്ഷേ ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിൽ തനിക്ക് തുടക്കം പിഴച്ചു എന്ന് സഞ്ജു കൂട്ടിച്ചേർത്തു. “ചില മത്സരങ്ങളിൽ ഞാൻ പരാജയപ്പെടുകയുണ്ടായി. അത് എനിക്ക് വലിയ സമ്മർദ്ദം നൽകി. പക്ഷേ ഇത്തരത്തിൽ ഒരു കോച്ച് പിന്തുണ നൽകുമ്പോൾ അത് നഷ്ടപ്പെട്ടത് എനിക്ക് നിരാശ ഉണ്ടാക്കിയിരുന്നു. അതുകൊണ്ടു തന്നെ ഫോമിലേക്ക് തിരികെ എത്തണമെന്ന് ഞാൻ എന്നോട് തന്നെ സ്വയം പറയുമായിരുന്നു. പിന്നീട് ദൈവത്തിന്റെ അനുഗ്രഹത്താൽ എനിക്ക് അനുകൂലമായി കാര്യങ്ങൾ നടന്നു. ഇനിയും റൺസ് നേടുന്നത് തുടരണമെന്നും രാജ്യത്തെ വിജയിപ്പിക്കണമെന്നുമാണ് എന്റെ ആഗ്രഹം.”- സഞ്ജു കൂട്ടിച്ചേർത്തു.
“ഗംഭീറുമായി കരിയറിന് തുടക്കം മുതൽ വലിയ ബന്ധം സ്ഥാപിക്കാൻ എനിക്ക് സാധിച്ചിരുന്നു. ഐപിഎല്ലിൽ ഞാൻ ആദ്യമായി അണിനിരന്ന ഫ്രാഞ്ചൈസി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആയിരുന്നു. 14 വയസ്സ് പൂർത്തിയായപ്പോൾ തന്നെ അവർ എനിക്ക് അണ്ടർ 14 ടീമിൽ അവസരം നൽകിയിരുന്നു. പതിനേഴാം വയസ്സിൽ അവർ എന്നെ സീനിയർ ടീമിലേക്ക് വിളിച്ചു. ആ വർഷം തന്നെ കൊൽക്കത്തയ്ക്ക് ഐപിഎല്ലിൽ കിരീടവും സ്വന്തമാക്കാൻ സാധിച്ചിരുന്നു.”- സഞ്ജു സാംസൺ കൂട്ടിച്ചേർക്കുന്നു.