രഹാനെക്ക്‌ കരിയർ എൻഡോ ? ആകാശ് ചോപ്ര പറയുന്നു

ഇന്ത്യൻ ക്രിക്കറ്റ്‌ ടീം വളരെ അധികം നിർണായക ടെസ്റ്റ്‌ പരമ്പരക്കായിട്ടാണ് സൗത്താഫ്രിക്കയിൽ തയ്യാറെടുപ്പുകൾ നടത്തുന്നത്. സൗത്താഫ്രിക്കൻ മണ്ണിൽ ഇതുവരെ ഒരു ടെസ്റ്റ്‌ പരമ്പര നേടുവാൻ കഴിയാത്ത ഇന്ത്യൻ സംഘം ചരിത്ര ടെസ്റ്റ്‌ പരമ്പര തന്നെയാണ് ലക്ഷ്യമിടുന്നത്. നായകൻ വിരാട് കോഹ്ലിക്കും ഈ ടെസ്റ്റ്‌ പരമ്പര വളരെ പ്രധാനമാണ്. ഏകദിന ക്യാപ്റ്റൻസി പദവിയും നഷ്ടമായ വിരാട് കോഹ്ലിക്ക്‌ ചിലത് തെളിയിക്കുവാൻ ഈ പരമ്പര ജയിക്കേണ്ടതും പ്രധാനമാണ്.

വിദേശ പിച്ചുകളിൽ ടെസ്റ്റ്‌ കളിക്കാനായി എത്തുമ്പോൾ ഇന്ത്യൻ ബാറ്റിങ് നിരയാണ് ഏറെ നിർണായകമായി മാറുന്നത്. സീനിയർ താരങ്ങൾ അടക്കം മോശം ഫോം ആശങ്ക സൃഷ്ടിക്കുന്നുണ്ട് എങ്കിലും ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ ടെസ്റ്റ്‌ പരമ്പര നേടിയത് ഇന്ത്യൻ ക്യാമ്പിൽ ആശ്വാസമാണ്. എന്നാൽ ടെസ്റ്റ്‌ ക്രിക്കറ്റ്‌ ടീം ഉപനായക റോളിൽ നിന്നും വളരെ ഏറെ നാടകീയമായി ഒഴിയേണ്ടി വന്ന രഹാനെയെ കുറിച്ചാണ് ചർച്ച. ഒരുപക്ഷേ രഹാനെയുടെ കരിയറിൽ തന്നെ അവസാന ടെസ്റ്റ്‌ പരമ്പരയായി ഈ സൗത്താഫ്രിക്കൻ പര്യടനം മാറുമോയെന്നതാണ് ഉയരുന്ന ചോദ്യം.

ഇക്കാര്യത്തിൽ തന്റെ അഭിപ്രായം വിശദമാക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.പരിക്ക് കാരണം പുതിയ ഉപനായകൻ രോഹിത് ശർമ്മ ടെസ്റ്റ്‌ പരമ്പരയിൽ നിന്നും പിന്മാറിയെങ്കിൽ പോലും രാഹുലിനെയാണ് പുതിയ ഉപ നായകനായി ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌ നിയമിച്ചത്. ഇതാണ് രഹാനെയുടെ ഭാവിയെ കുറിച്ചുള്ള സംശയങ്ങൾ കൂടി ശക്തമാക്കി മാറ്റുന്നത്.

സീനിയർ താരമായ രഹാനെക്ക്‌ ഒരുവേള പ്ലെയിങ് ഇലവനിൽ പോലും അവസരം ലഭിക്കില്ല എന്നാണ് ചോപ്രയുടെ നിരീക്ഷണം.”ഈ ടെസ്റ്റ്‌ പരമ്പര രഹാനെക്ക്‌ വളരെ ഏറെ പ്രധാനമാണ് എന്നാൽ ഇന്ത്യന്‍ ടീമിന്റെ പ്ലേയിംഗ്‌ ഇലവനിൽ പോലും രഹാനെക്ക്‌ അവസരം ലഭിച്ചേക്കില്ല. താരത്തിന്റെ നിലവിലെ മോശം ഫോമും കൂടാതെ ടീം ഇന്ത്യയുടെ പ്ലാനുകളും അതാണ്‌ എനിക്ക് അപ്രകാരം തോന്നുവാനുള്ള കാരണം. ” ആകാശ് ചോപ്ര അഭിപ്രായം വിശദമാക്കി

“രഹാനെ ഇന്ത്യൻ ടീമിനെ ബാറ്റിങ് മികവ് കൊണ്ട് തന്നെ മനോഹരമായ അനേകം ജയങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ ടീം ഇന്ത്യയിൽ മാറ്റങ്ങൾ ഏറെ നടക്കുകയാണ്. രഹാനെയുടെ കാലം കഴിഞ്ഞെന്ന് ആരെങ്കിലും പറഞ്ഞാൽ പോലും അത്ഭുതപെടാനില്ല. കൂടാതെ രോഹിത് ശർമ്മയുടെ അഭാവത്തിൽ രാഹുൽ ഉപനായകനായി നിയമിതനായി കഴിഞ്ഞു. ഇതിൽ കൂടി തന്നെ രഹാനെക്ക്‌ ടീമിൽ സ്ഥാനം ലഭിച്ചേക്കില്ല എന്ന സൂചനയാണ് ലഭിക്കുന്നത്. നാലാം നമ്പറിൽ കോഹ്ലി, അഞ്ചാമത് റിഷാബ് പന്ത് ആറാമനായി വിഹാരി എന്നിവർ ബാറ്റ് ചെയ്യാൻ എത്തും “ആകാശ് ചോപ്ര പ്രവചിച്ചു.