രവിചന്ദ്രൻ അശ്വിന്റെ വിരമിക്കൽ ഇന്ത്യയെ സംബന്ധിച്ച് ബോർഡർ- ഗവാസ്കർ ട്രോഫിയിൽ ഒരു നഷ്ടം തന്നെയാണ്. ഇപ്പോൾ അശ്വിന്റെ പകരക്കാരനെ കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. തനുഷ് കൊട്ടിയനെയാണ് ഇന്ത്യ നാലാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി തങ്ങളുടെ ടീമിലേക്ക് ഉൾപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച തന്നെ കൊട്ടിയൻ ഇന്ത്യൻ ടീമിനൊപ്പം ചേരാനായി ഓസ്ട്രേലിയയിലേക്ക് തിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുംബൈ താരമായ കൊട്ടിയൻ ഒരു ഓഫ് സ്പിന്നറും വലംകൈയ്യൻ ബാറ്ററുമാണ്. ഇന്ത്യ എ ടീമിന്റെ ഓസ്ട്രേലിയൻ പര്യടനത്തിൽ താരം ഒരു ഭാഗമായിരുന്നു.
പരമ്പരയിൽ ഇന്ത്യ എ ടീമിനായി മികച്ച പ്രകടനമായിരുന്നു ഈ യുവതാരം കാഴ്ചവെച്ചത്. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എട്ടാമനായി ക്രീസിലെത്തിയ കൊട്ടിയൻ 44 റൺസ് സ്വന്തമാക്കാൻ സാധിച്ചിരുന്നു. നിലവിൽ മുംബൈ ടീമിനൊപ്പം വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിനുള്ള പരിശീലനത്തിൽ ആയിരുന്നു കൊട്ടിയൻ.
ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സർക്യൂട്ടിലെ നിലവിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളാണ് ഈ താരം. 2023-24ലെ രഞ്ജി ട്രോഫി ടൂർണമെന്റിൽ താരമായി മാറാൻ കൊട്ടിയന് സാധിച്ചിരുന്നു. മുംബൈ തങ്ങളുടെ 42ആം രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കിയപ്പോൾ കൊട്ടിയൻ 29 വിക്കറ്റുകളാണ് നേടിയത്. 16.96 എന്ന വമ്പൻ ബോളിംഗ് ശരാശരിയിൽ ആയിരുന്നു കൊട്ടിയന്റെ നേട്ടം. മാത്രമല്ല ടൂർണമെന്റിൽ 41.83 റൺസ് ശരാശരിയിൽ 502 റൺസ് നേടാനും കൊട്ടിയന് സാധിച്ചു.
രമേശ് പവാറിന് ശേഷം ഇത് ആദ്യമായാണ് ഒരു മുംബൈ സ്പിന്നർ ഇന്ത്യൻ ദേശീയ ടീമിന്റെ ഭാഗമായി മാറുന്നത്. ഐപിഎൽ ക്രിക്കറ്റിൽ കഴിഞ്ഞ സീസണിൽ രാജസ്ഥാനായി അരങ്ങേറ്റം കുറിച്ച താരമാണ് കൊട്ടിയൻ. ഐപിഎല്ലിൽ ഇതുവരെ ബോൾ ചെയ്യാനുള്ള അവസരം കൊട്ടിയന് ലഭിച്ചിരുന്നില്ല. മാത്രമല്ല 2025 ഐപിഎൽ സീസണിൽ കൊട്ടിയൻ അൺസോൾഡായി മാറുകയും ചെയ്തു. എന്നിരുന്നാലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കണ്ണഞ്ചിപ്പിക്കുന്ന റെക്കോർഡ് ആണ് കൊട്ടിയനുള്ളത്.
ഇതുവരെ 33 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച കൊട്ടിയൻ 41 റൺസ് ശരാശരിയിൽ 2523 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. മാത്രമല്ല 101 വിക്കറ്റുകളും താരം പേരിൽ ചേർത്തു. ഇങ്ങനെ ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനങ്ങൾ കാഴ്ചവെച്ചതിന് പിന്നാലെയാണ് കൊട്ടിയനെ ഇന്ത്യ തങ്ങളുടെ ദേശീയ ടീമിലേക്ക് ഉൾപ്പെടുത്തിയത്. കൊട്ടിയന്റെ സാന്നിധ്യം ഇന്ത്യയ്ക്ക് മെൽബണിൽ സഹായകരമായി മാറും എന്നാണ് കരുതുന്നത്. മാത്രമല്ല പ്രസ്തുത പരമ്പരയിൽ മികവ് പുലർത്താൻ സാധിച്ചാൽ കൊട്ടിയന് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ സ്ഥിരസാന്നിധ്യമായി മാറാനും വലിയ അവസരമുണ്ട്.