വീണ്ടും കൂറ്റൻ വിജയലക്ഷ്യം മറികടന്ന് കേരളം : ഡൽഹിയെ മലർത്തിയടിച്ച്‌ മൂന്നാം വിജയം

kerjpg

സയ്യദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിൽ  മുംബൈക്ക് പിന്നാലെ ഡൽഹിയെയും ബാറ്റിങ്ങിൽ വിരട്ടി  കേരളം. ആറ് വിക്കറ്റിനാണ്  കേരളത്തിന്‍റെ മിന്നും  ജയം. ഡൽഹി  മുന്നോട്ടുവച്ച കൂറ്റന്‍ വിജയലക്ഷ്യമായ 213 റണ്‍സ് റോബിന്‍ ഉത്തപ്പ, വിഷ്‌ണു വിനോദ് എന്നിവരുടെ ബാറ്റിംഗ് വെടിക്കെട്ടില്‍ ആറ് പന്ത് ബാക്കിനില്‍ക്കേ മറികടന്ന് കേരളം വിജയം  സ്വന്തമാക്കി. ഉത്തപ്പ 54 പന്തില്‍ 95 റണ്‍സും വിഷ്‌ണു  വിനോദ് 38 പന്തില്‍ 71* റണ്‍സും നേടി. സ്‌കോര്‍: ഡല്‍ഹി-212/4 (20), കേരളം-218/4 (19). 

ഡൽഹിയുടെ  വലിയ വിജയലക്ഷ്യം മറികടക്കുവാൻ  ഇറങ്ങിയപ്പോൾ  ബാറ്റിംഗില്‍ കേരളത്തിന് തുടക്കത്തിലെ തിരിച്ചടി നേരിട്ടു. കഴിഞ്ഞ മത്സരത്തില്‍ 54 പന്തില്‍ 137 റണ്‍സുമായി ഹീറോയായ മുഹമ്മദ് അസ്‌ഹറുദ്ദീനെ ആദ്യ ഓവറില്‍ കേരളത്തിന് നഷ്‌ടമായി.  ഇന്ത്യൻ പേസര്‍ ഇശാന്ത് ശര്‍മ്മയുടെ മൂന്നാം പന്തില്‍ പുറത്താകുമ്പോള്‍ അസ്‌ഹറുദ്ദീന്‍ അക്കൗണ്ട് തുറന്നിരുന്നില്ല. മൂന്നാമനായി ക്രീസിലെത്തിയ സഞ്ജുവിനും തിളങ്ങുവാനായില്ല .കേരള  നായകന്  നിരാശയായി മത്സരം. 10 പന്തില്‍ 16 എടുത്ത സഞ്ജുവിനെ നാലാം ഓവറില്‍ പ്രദീപ് സാങ്‌വാന്‍ റിട്ടേണ്‍ ക്യാച്ചില്‍ മടക്കുകയായിരുന്നു.

എന്നാൽ റോബിൻ ഉത്തപ്പയുടെ  ബാറ്റിംഗ്  കേരള ടീമിന് പ്രതീക്ഷ നൽകി .പക്ഷേ റോബിന്‍ ഉത്തപ്പയ്‌ക്കൊപ്പം വേഗത്തില്‍ സ്‌കോറുയര്‍ത്താന്‍ നാലാം നമ്പറിൽ വന്ന  സച്ചിന്‍ ബേബി ശ്രമിച്ചെങ്കിലും അധികം നീണ്ടില്ല. 11 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 22 റണ്‍സെടുത്ത സച്ചിനെ എട്ടാം  ഓവറില്‍ ലളിത് യാദവ് റിട്ടേണ്‍ ക്യാച്ചില്‍ പറഞ്ഞയച്ചു. ഇതോടെ കേരളം  3 വിക്കറ്റ് നഷ്ടത്തിൽ 71 റൺസെന്ന നിലയിൽ പരുങ്ങലിലായി . 10 ഓവറില്‍ 95  റൺസ് മാത്രമാണ്  കേരളത്തിന്‍റെ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. ഇതിനിടെ  34 പന്തില്‍ നിന്ന് ഉത്തപ്പ അര്‍ധ സെഞ്ചുറി തികച്ചു. 

See also  ടെസ്റ്റ്‌ ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുമ്പിൽ ഇനിയും കടമ്പകൾ. 10ൽ 5 വിജയം ആവശ്യം.

എന്നാൽ അഞ്ചാം നമ്പറിൽ  ബാറ്റിംഗ് ഇറങ്ങിയ വിഷ്ണു വിനോദ് കേരളത്തിന്റെ രക്ഷക്കെത്തി .ഡൽഹി ബൗളർമാരെ  കണക്കിന്  പ്രഹരിച്ച  താരം  38 പന്തിൽ  71 റൺസ് നേടി . 5 സിക്സറും  3 ഫോറും അടങ്ങുന്നതാണ് താരത്തിന്റെ ബാറ്റിംഗ് . ഇഷാന്ത്  എറിഞ്ഞ 13-ാം ഓവറില്‍ ക്യാച്ചും നോബോളും  ഓപ്പണർ ഉത്തപ്പയുടെ  രക്ഷക്കെത്തിയത് കേരള ടീമിന് അനുഗ്രഹമായി . മറുവശത്ത് തകര്‍പ്പന്‍ സിക്സുകളുമായി വിഷ്‌ണു വിനോദും മുന്നേറി. ഇതോടെ 15 ഓവറില്‍ 163 റണ്‍സിലെത്തി. ജയിക്കാന്‍ അവസാന 30 പന്തില്‍ കേരളത്തിന് 45 റണ്‍സ്. പതിനെട്ടാം ഓവറിൽ  ഉത്തപ്പ പുറത്തായെങ്കിലും 54 പന്തില്‍ 95 റണ്‍സുണ്ടായിരുന്നു  താരത്തിന്റെ പേരില്‍.  ശേഷം വിഷ്‌ണു-സല്‍മാന്‍ സഖ്യം 19 ഓവറില്‍ കേരളത്തെ അനായാസം ജയിപ്പിച്ചു.

നേരത്തെ ടോസ് നേടിയ കേരള ടീം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഡൽഹിക്ക്  ശിഖര്‍ ധവാന്റെ (77) അര്‍ധ സെഞ്ചുറിയാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. നാല് വിക്കറ്റുകള്‍ മാത്രമേ ഡൽഹി  ടീമിന് നഷ്ടമായോളൂ .
കേരളത്തിന്  വേണ്ടി ശ്രീശാന്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. ധവാന്‍, റാണ എന്നീ വമ്പന്മാരെയാണ് ശ്രീശാന്ത് മടക്കിയത്. എന്നാല്‍ വെറ്റന്‍ താരം 46 റൺസ് 4 ഓവറിൽ  വിട്ടുകൊടുത്തു. കെ എം ആസിഫ്, എസ് മിഥുന്‍ എന്നിവര്‍ക്ക് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. 

ജയത്തോടെ ഗ്രൂപ്പ് ഇയില്‍ ദില്ലിയെ പിന്തള്ളി കേരള  ടീം  ഒന്നാമതെത്തി. ആദ്യ മത്സരത്തില്‍ പോണ്ടിച്ചേരിയെ ആറ് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ മുംബൈയെ എട്ട് വിക്കറ്റിനും കേരളം തോല്‍പ്പിച്ചിരുന്നു.

Scroll to Top