വീണ്ടും തോൽവി : പ്രതീക്ഷകൾ അവസാനിച്ച് കേരളം

സച്ചിന്‍ ബേബിയുടെ  പോരാട്ടത്തിനും   ഒടുവിൽ  കേരളത്തെ വിജയത്തിലേക്ക് നയിക്കാനായില്ല. സച്ചിന്‍ ബേബി 36 പന്തില്‍ 68 റണ്‍സ്  അടിച്ച് കൈവിട്ട മത്സരത്തിലേക്ക് കേരളത്തെ തിരികെ കൊണ്ടുവന്നുവെങ്കിലും അവസാന ഓവറില്‍ 12 റണ്‍സ് നേടുവാന്‍ കേരളത്തിന് സാധിക്കാതെ പോയപ്പോള്‍ സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ നോക്ക്ഔട്ട് ഘട്ടത്തിലേക്ക്  പ്രവേശനം നേടി  ഹരിയാന.

സയ്യദ് മുഷ്താഖ് അലി  ടി:20  ടൂർണമെന്റിൽ  തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് കേരളം ഇന്ന് ഹരിയാനയോട്  ഏറ്റുവാങ്ങിയത്. ഇന്ന് നടന്ന മത്സരത്തില്‍ കേരളത്തിനെതിരെ ഹരിയാന ആദ്യം ബാറ്റ് ചെയ്ത് 198 റണ്‍സ് നേടിയിരുന്നു. കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ കേരളത്തിന് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 194  റൺസ് മാത്രമേ  ബാറ്റിങ്ങിൽ  നേടുവാൻ സാധിച്ചുള്ളു .

ഹരിയാന ഉയർത്തിയ വലിയ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ കേരള ടീമിന് റോബിന്‍ ഉത്തപ്പയെ തുടക്കത്തിലെ നഷ്ടമായി . ശേഷം രണ്ടാം വിക്കറ്റില്‍ ഒന്നിച്ച  സഞ്ജു സാംസണും മുഹമ്മദ് അസ്ഹറുദ്ദീനും ചേര്‍ന്ന് ടീമിനായി 81 റണ്‍സ് കൂട്ടുകെട്ട് നേടി മത്സരത്തില്‍ പ്രതീക്ഷ പുലര്‍ത്തിയെങ്കിലും സഞ്ജുവിനെയും അസ്ഹറുദ്ദിനെയും ഒരേ ഓവറില്‍ പുറത്താക്കി സുമിത് കുമാര്‍ കേരളത്തിന് ഇരട്ട പ്രഹരം ഏൽപ്പിച്ചു . നായകൻ  സഞ്ജു 31 പന്തില്‍ 51 റണ്‍സും അസ്ഹറുദ്ദീന്‍ 25 പന്തില്‍ 35 റണ്‍സും നേടുകയായിരുന്നു.

11 ഓവറില്‍ കേരളം 102/3 എന്ന നിലയിലേക്ക് പതുങ്ങിയ കേരളത്തെ  അവിടെ നിന്ന് മുൻ നായകൻ  സച്ചിന്‍ ബേബി 38 പന്തില്‍  66 റൺസ് പ്രതീക്ഷ നൽകി  .അങ്ങനെ  അവസാന രണ്ടോവറില്‍ 26 റണ്‍സ് ആയിരുന്നു കേരളത്തിന്  ജയിക്കുവാൻ വേണ്ടിയിരുന്നത്. മോഹിത് ശര്‍മ്മ എറിഞ്ഞ 19ാം ഓവറിലെ ആദ്യ മൂന്ന് പന്തുകളില്‍ സല്‍മാന്‍ നിസാറിന് വലിയ ഷോട്ടുകള്‍ നേടാനായില്ലെങ്കിലും നാലാം പന്തില്‍ സച്ചിന്‍ ബേബി സിക്സര്‍ നേടി. ഓവറിലെ അവസാന പന്തില്‍ സല്‍മാന്‍ നിസാര്‍ ഒരു ബൗണ്ടറി നേടിയപ്പോള്‍ ലക്ഷ്യം ആറ് പന്തില്‍ 12 റണ്‍സായി മാറി

പക്ഷേ  അവസാന ഓവറിൽ കേരള  ടീമും ആരാധകരും പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ  നടന്നില്ല .അവസാന ഓവറിലെ മൂന്നാം പന്തില്‍ കേരളത്തിന് സല്‍മാന്‍ നിസാറിന്റെ വിക്കറ്റ് നഷ്ടപ്പെടുകയായിരുന്നു. മൂന്ന് പന്തില്‍ 11 റണ്‍സ് വേണ്ട ഘട്ടത്തില്‍ സച്ചിന്‍ ബേബി റണ്ണൗട്ടായതോട് കൂടി വിജയമെന്ന സ്വപ്നം വിഫലമായി .