മുംബൈ ബാറ്റിങ്ങിനെ തരിപ്പണമാക്കി അസറുദ്ധീൻ ബാറ്റിംഗ് ഷോ : കൂടെ സ്വന്തമാക്കിയത് ഒരുപിടി റെക്കോർഡുകൾ

സ്വന്തം ഗ്രൗണ്ടിൽ പടുകൂറ്റൻ  സ്‌കോര്‍ ഉയര്‍ത്തി ഞെട്ടിക്കാമെന്ന് കരുതിയ മുംബൈയുടെ ചിറകരിഞ്ഞ് കേരളം. സയിദ് മുഷ്താഖ് അലി  ടി20  ടൂർണമെന്റിൽ രണ്ടാം മത്സരത്തിനിറങ്ങിയ കേരള ടീമിന്  എട്ട് വിക്കറ്റിന്റെ  ആധികാരിക  വിജയം .  മുംബൈ ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം വെറും രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി 15.5 ഓവറില്‍ കേരളം മറികടന്നു.  പേരെടുത്ത ബൗളർമാരുടെ നീണ്ട നിരയുമായി വന്ന  മുംബൈ ടീമിനെ   തലങ്ങും വിലങ്ങും അടിച്ചോടിച്ച് സെഞ്ചുറി നേടിയ കാസര്‍കോടുകാരന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ  ബാറ്റിംഗ് മികവിലാണ് കേരളം വിജയം  പിടിച്ചെടുത്തത് . ഗ്രൂപ്പ് ഇയില്‍ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച കേരളത്തിന് എട്ട് പോയിന്റായി. ആദ്യ മത്സത്തില്‍ പോണ്ടിച്ചേരിയെയാണ് കേരളം തോല്‍പ്പിച്ചത്. വെള്ളിയാഴ്ച്ച കേരളം അടുത്ത മത്സരത്തിൽ  ഡൽഹിയെ  നേരിടും.

മുംബൈ നിരയിൽ ബൗൾ ചെയ്ത എല്ലാവരും  അസറുദ്ദീന്റെ ബാറ്റിന്റെ ചൂടറിഞ്ഞു.മുഹമ്മദ് അസ്ഹറുദ്ദീന്‍ 54 പന്തില്‍ പുറത്താവാതെ 137 റൺസ്  നേടി ടീമിന്റെ ബാറ്റിംഗ് വിസ്മയമായി .
9 ഫോറും 11 സിക്സും അടക്കം  253.7 സ്ട്രൈക്ക് റേറ്റിലാണ് താരം  അവിശ്വസനീയ പ്രകടനം കാഴ്ചവെച്ചത് .

അതേസമയം ഇന്നലത്തെ ബാറ്റിംഗ് പ്രകടനത്തോടെ ഒട്ടനവധി റെക്കോർഡുകളും സ്വന്തം പേരിൽ കുറിക്കുവാൻ അസറുദ്ധീന് കഴിഞ്ഞു .
ടി:20 ക്രിക്കറ്റിൽ റൺസ് പിന്തുടരവെ ഒരു ബാറ്സ്മാൻറെ ഏറ്റവും  ഉയർന്ന മൂന്നാം  സ്കോർ എന്ന നേട്ടവും അസഹറുദ്ധീൻ സ്വന്തമാക്കി . ലുക്ക്  റൈറ്റ് ( 153*), ക്രിസ് ഗെയ്ൽ (151*) എന്നിവർക്ക് തൊട്ട് പിറകിലാണ്  മലയാളി താരത്തിന്റെ  137 റൺസിന്റെ സ്ഥാനം .

കൂടാതെ  സയ്യദ് മുഷ്‌താഖ്‌  അലി ട്രോഫി ടൂർണമെന്റ് ചരിത്രത്തിലെ  മൂന്നാമത്തെ ഉയർന്ന വ്യക്തികത  സ്കോർ എന്ന നേട്ടവും  അസഹറുദീന്റെ പേരിലായി .
കേരള  താരത്തിന്റെ ആദ്യ  ടി:20 സെഞ്ച്വറി സ്വന്തം പേരിലാക്കിയ  ഈ  വലം കയ്യൻ താരം  ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി കൂടിയാണ് കുറിച്ചത് .