ഒടുവിൽ തോൽവി വഴങ്ങി കേരളം : ആന്ധ്ര പ്രദേശ് ആറ് വിക്കറ്റിന് ജയിച്ചു കയറി

സയിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിൽ  കേരളത്തിന്  ആദ്യത്തെ  തോല്‍വി. കേരളത്തെ ആന്ധ്ര പ്രദേശ് ആറ് വിക്കറ്റിന് തോല്‍പിച്ചു. കേരളം ഉയര്‍ത്തിയ 113 റണ്‍സ് വിജയലക്ഷ്യം ആന്ധ്ര നാല് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി 17.1  ഓവറിൽ മറികടന്നു.  
കേരളത്തിന്റെ വിജയലക്ഷ്യം പിന്തുടർന്ന ആന്ധ്ര ടീമിന് തുടക്കത്തിലേ  കെ എസ് ഭരത് (9), മനീഷ് ഗോലമാരു (5) എന്നിവരുടെ വിക്കറ്റുകള്‍ പവര്‍പ്ലേയ്‌ക്കിടെ  നഷ്ടമായിരുന്നു.  ഓഫ്‌ സ്പിന്നർ ജലജ് സക്‌സേന ഇരുവരേയും പുറത്താക്കി. മിഥുന് ക്യാച്ച് നല്‍കിയാണ് അവരുടെ വിക്കറ്റ് കീപ്പറായ ഭരത് മടങ്ങിയത്. മൂന്നാം ഓവറിലാണ് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. പിന്നാലെ മനീഷ് സല്‍മാന്‍ നിസാറിന് ക്യാച്ച് നല്‍കി.  തുടക്കത്തിലേ വിക്കറ്റുകൾ തുടരെ  നഷ്ടമായത് ആന്ധ്ര ടീമിനെ വലച്ചു .വിക്കറ്റുകൾ നഷ്ടമായത് അവരുടെ സ്കോറിങ്ങിന്റെ വേഗത്തെ ബാധിച്ചു .ആറ് ഓവര്‍ പിന്നിടുമ്പോള്‍ 40 റണ്‍സ് മാത്രമായിരുന്നു ആന്ധ്രയുടെ സ്‌കോര്‍ബോര്‍ഡില്‍. 

എന്നാല്‍ അശ്വിന്‍ ഹെബ്ബാര്‍-അമ്പാട്ടി റായുഡു സഖ്യം ആന്ധ്രക്ക് തുണയായി. നിലയുറച്ച് കളിച്ചെങ്കിലും ഹെബ്ബാര്‍ 48 റണ്‍സില്‍ പുറത്തായി.ശ്രീശാന്തിന്‍റെ  മികച്ചൊരു പന്തില്‍ വിഷ്‌ണു വിനോദ് ക്യാച്ചെടുക്കുകയായിരുന്നു. എന്നാല്‍
എന്നാല്‍ നായകന്‍ അമ്പാട്ടി റായുഡുവും(38*) പ്രശാന്ത് കുമാറും(9*) ആന്ധ്രയെ 18-ാം ഓവറില്‍ ലക്ഷ്യത്തിലെത്തിച്ചു. 

നേരത്തെ   ആദ്യം ബാറ്റിങിനിടയിൽ തുടക്കത്തിലെ തകര്‍ച്ച നേരിട്ട കേരളം 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തിലാണ് 112 റണ്‍സ്  മാത്രമാണ് നേടിയത്. മുൻ നായകൻ സച്ചിന്‍ ബേബി (51), ജലജ് സക്‌സേന (27) എന്നിവരുടെ ഇന്നിംഗ്‌സാണ് കേരളത്തെ വന്‍തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഒരുഘട്ടത്തില്‍ നാലിന് 38 എന്ന പരിതാപകരമായ  നിലയിലായിരുന്നു കേരളം. എന്നാല്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത 74 റണ്‍സ് കേരളത്തിന്  സഹായകമായി .

റോബിന്‍ ഉത്തപ്പ (8), മുഹമ്മദ് അസ്‌ഹറുദ്ദീന്‍ (12), സഞ്ജു സാസംണ്‍ (7), വിഷ്ണു വിനോദ് (4) എന്നിവരുടെ വിക്കറ്റുകളാണ് കേളത്തിന് നഷ്ടമായത്. അഞ്ചാം ഓവറില്‍ തന്നെ കൂറ്റനടിക്കാരന്‍ അസറുദ്ദീന്‍ പവലിയനില്‍ തിരിച്ചെത്തി. ഷൊയ്ബ് ഖാന്റെ പന്തില്‍ അമ്പാട്ടി റായുഡുവിന് ക്യാച്ച് നല്‍കിയാണ് അസറുദ്ദീന്‍ മടങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഉത്തപ്പയ്ക്കും ക്രീസിൽ  അധികം  ആയുസ് ഉണ്ടായിരുന്നില്ല. ലളിത് മോഹന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഭരതിന് ക്യാച്ച് നല്‍കി.ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. 14 പന്തുകള്‍ മാത്രമായിരുന്നു സഞ്ജുവിന്റെ ആയുസ്.