അവന് ലവലേശം പേടിയില്ലാ. എന്‍റെ ബാറ്റിംഗ് ശൈലി മാറ്റേണ്ടി വന്നു. വിരാട് കോഹ്ലി

അര്‍ദ്ധസെഞ്ചുറിയുമായി വിരാട് കോഹ്ലിയും സൂര്യകുമാര്‍ യാദവും തിളങ്ങിയപ്പോള്‍ ഓസ്ട്രേലിയക്കെതിരെയുള്ള ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂന്നാമത്തേയും അവസാനത്തേയും മത്സരത്തില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം 1 പന്ത് ബാക്കി നില്‍ക്കേ ഇന്ത്യ നേടിയെടുത്തു. മത്സരത്തില്‍ വിരാട് കോഹ്ലിയും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിച്ചിരുന്നു.

എന്‍റെ പരിചയസമ്പത്ത് ഉപയോഗിക്കണമെന്നും ടീമിനു ആവശ്യമുള്ളതെല്ലാം കൊടുക്കണമെന്ന് അതിനാലാണ് താന്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്നതെന്ന് വിരാട് കോഹ്ലി പറഞ്ഞു. മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ സൂര്യകുമാറിനെ പ്രശംസിക്കാനും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മറന്നില്ലാ.

” സൂര്യകുമാര്‍ ബാറ്റിംഗിനായി വന്നതോടെ താന്‍ തന്റെ ശൈലി മാറ്റി. സൂര്യകുമാറിന് കളിയുടെ പൂര്‍ണ്ണ നിയന്ത്രണം നല്‍കുകയായിരുന്നു. സൂര്യകുമാര്‍ ഒരു ഭയവും ഇല്ലാത്ത കളിക്കാരനാണെന്നും ഏത് ഷോട്ട് കളിക്കണമെന്ന് സൂര്യ ആഗ്രഹിക്കുന്നോ ആ ഷോട്ട് ഒരു ഭയവും കൂടാതെ കളിക്കാന്‍ സൂര്യയ്ക്ക് കഴിയും. ഓരോ പന്തിലും എങ്ങനെയാണ് കളിക്കേണ്ടതെന്ന് മുന്‍കൂര്‍ ധാരണ സൂര്യയ്ക്കുണ്ടെന്നും അതിനാല്‍ ഏത് സാഹചര്യത്തിലും കളിക്കാന്‍ സൂര്യയ്ക്കാകും ” കോഹ്ലി പറഞ്ഞു.

സൂര്യ ബാറ്റ് ചെയ്യുമ്പോള്‍ താന്‍ ഡഗൗട്ടിലേക്ക് നോക്കിയെന്നും അപ്പോള്‍ രോഹിത് ശര്‍മ്മയും രാഹുല്‍ ഭായിയും ബാറ്റിംഗ് തുടരാനാണ് (പരമാവധി നേരം ) ആവശ്യപ്പെട്ടത് എന്നും കോഹ്ലി കൂട്ടിചേര്‍ത്തു.