പറക്കും ക്യാച്ച് അതും കേരളത്തിൽ :കയ്യടിച്ച് ക്രിക്കറ്റ്‌ ലോകം

ക്രിക്കറ്റ്‌ ആരാധകരെ എല്ലാം വളരെ അധികം ഞെട്ടിക്കുന്ന ക്യാച്ചുകൾ എല്ലാ കാലത്തും ക്രിക്കറ്റ്‌ മത്സരങ്ങളിൽ പിറക്കാറുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിലെ പല ക്യാച്ചുകളും ഇന്നും മിക്ക ക്രിക്കറ്റ്‌ പ്രേമികളും ഓർത്തിരിക്കാറുണ്ട്. ഇന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാച്ചിങ് മികവിനാലും ഒപ്പം ഫീൽഡിങ് മികവിലും വളരെ അധികം കയ്യടികൾ നേടുന്ന താരങ്ങൾ ഉണ്ട്. മൈതാനത്ത് എന്നും തങ്ങളുടെ നൂറ്‌ ശതമാനവും ടീമിനായി നൽകുന്ന ഫീൽഡർമാരെ കുറിച്ചുള്ള ചർച്ചകളും അവരുടെ ചില മാന്ത്രിക ഫീൽഡിങ് പ്രകടനങ്ങളും എല്ലാം സോഷ്യൽ മീഡിയയിലും ക്രിക്കറ്റ്‌ ലോകത്തും വൈറലായി മാറാറുണ്ട്.

എന്നാൽ ക്രിക്കറ്റ്‌ ആരാധകരെ എല്ലാം ഇപ്പോൾ ഞെട്ടിക്കുന്നതും ഒപ്പം തന്നെ എല്ലാവർക്കുമിടയിൽ ചർച്ചാവിഷയമായി മാറുന്നതും ഇന്നലെ കേരള ക്രിക്കറ്റ്‌ അസോസിയേഷൻ പങ്കുവെച്ച ഒരു വീഡിയോയാണ്. കെസിഎയുടെ കൂടി സംഘാടനത്തിൽ നടക്കുന്ന പ്രധാന ക്ലബ് ചാമ്പ്യൻഷിപ്പിലെ ഒരു മത്സരത്തിലാണ് മാസ്മരികമായ ഈ ക്യാച്ച് പിറന്നത്. ജോളി റോവേഴ്സ് ടീമും ഒപ്പം മാസ്റ്റേഴ്സ് തിരുവനന്തപുരവും തമ്മിൽ നടന്ന ഒരു മത്സരത്തിലാണ് ഈ അത്ഭുത ക്യാച്ച് പിറന്നതും ആരാധകർ എല്ലാം ഇപ്പോൾ അത് ഏറ്റെടുക്കുന്നതും.

മാസ്റ്റേഴ്സ് തിരുവനന്തപുരത്തിന്റെ തന്നെ പ്രധാന താരമായ കൃഷ്ണപ്രസാദാണ് ബൗണ്ടറി ലൈനിൽ നിന്നും ഓടി വന്ന് ഡൈവുമായി പറക്കും ക്യാച്ച് എടുത്തത്. ആലപ്പുഴ എസ്‌ഡി കോളേജിൽ നടന്ന മത്സരത്തിന്റെ വീഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറി കഴിഞ്ഞു. കൂടാതെ താരത്തിനെ കേരള പറവ, കേരള ജോണ്ടി റോഡ്സ് എന്നൊക്കെ ക്രിക്കറ്റ്‌ ആരാധകർ വിശേഷിപ്പിക്കുന്നുണ്ട്.കൂടാതെ താരം ബാറ്റിങ്ങിൽ 98 റൺസ് കൂടി നേടിയ കാര്യവും ആരാധകർ കയ്യടികൾ നൽകി സ്വീകരിക്കുന്നുണ്ട്.