വിദേശത്ത് അവന്റെ ആദ്യ ടെസ്റ്റ്‌ സെഞ്ച്വറി ഉടൻ :പ്രശംസ കൊണ്ട് മൂടി സുനിൽ ഗവാസ്ക്കർ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ലോർഡ്‌സ് ടെസ്റ്റ്‌ മത്സരത്തിലെ 151 റൺസിന്റെ മാസ്മരിക ജയം ക്രിക്കറ്റ്‌ ആരാധകർ ഇന്നും തന്നെ മറന്നിട്ടില്ല. അഞ്ചാം ദിനം തോൽവിയെ മുന്നിൽ കണ്ട ഇന്ത്യൻ ടീം മനോഹരമായ ബാറ്റിങ്ങും ബൗളിങ്ങും കാഴ്ചവെച്ചാണ് ഇംഗ്ലണ്ട് ടീമിനെ തോൽപ്പിച്ചത്.5 ടെസ്റ്റ്‌ മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ 1-0ന് മുൻപിലെത്തുവാനും കോഹ്ലിക്കും ടീമിനും കഴിഞ്ഞിട്ടുണ്ട്. രണ്ടാം ടെസ്റ്റിലെ ജയം ഇന്ത്യൻ വാലറ്റ ബാറ്റിംഗിന്റെയും ഒപ്പം ഇന്ത്യൻ ബൗളർമാരുടെ പ്രകടനവും കാരണം സംഭവിച്ചതാണെന്ന് ക്രിക്കറ്റ്‌ നിരീക്ഷകർ പലരും വിലയിരുത്തുമ്പോൾ വ്യത്യസ്ത അഭിപ്രായവുമായി രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ താരമായ സുനിൽ ഗവാസ്ക്കർ. രണ്ടാം ടെസ്റ്റിലെ ജയത്തിൽ ഇന്ത്യൻ ഓപ്പണിങ് ജോടിക്കും ക്രെഡിറ്റുണ്ട് എന്നും അദ്ദേഹം തുറന്ന് പറയുന്നുണ്ട്.

“രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ടീമിന് മികച്ച തുടക്കമാണ് രോഹിത്തും ലോകേഷ് രാഹുലും ചേർന്ന് സമ്മാനിച്ചത്. രോഹിത് ബാറ്റിങ് ഏറെ മാറി കഴിഞ്ഞു.ലോർഡ്‌സ് ടെസ്റ്റിൽ സെഞ്ച്വറി നേടുവാനായില്ല എന്ന വിഷമം രോഹിത്തിൽ കാണും പക്ഷേ എന്ത് മനോഹരമായിട്ടാണ് അദ്ദേഹം 83 റൺസ് നേടിയത്. ഇത്തരം ഒരു ബാറ്റിങ് ഫോമിൽ തുടരുന്ന ബാറ്റ്‌സ്മാനിൽ നിന്ന് നമ്മൾ 5 മത്സര ടെസ്റ്റ്‌ പരമ്പരയിൽ 450 -500 റൺസ് പ്രതീക്ഷിക്കും.ഏതൊരു ടീം നായകനും എന്താണ് വേറെ വേണ്ടത്. ടെസ്റ്റ്‌ ക്രിക്കറ്റിൽ സാഹചര്യങ്ങൾക്ക് അനുസരിച്ച് എങ്ങനെ കളിക്കണം എന്ന് രോഹിത് ആദ്യ ഇന്നിങ്സിൽ തെളിയിച്ചു ” ഗവാസ്ക്കർ വാചാലനായി

ടെസ്റ്റ്‌ മത്സരങ്ങളിൽ ആദ്യ ദിനം ബാറ്റിങ് എത്രത്തോളം ബുദ്ധിമുട്ടാണ് എന്നും മുൻ താരം വിശദീകരിച്ചു “5 ദിവസമുള്ള ടെസ്റ്റ്‌ മത്സരങ്ങളിൽ എപ്രകാരമാണ് പിച്ച് പെരുമാറുക എന്നത് നിർണായകമാണ്. ആദ്യ ദിവസം പിച്ച് എങ്ങനെ കളിക്കും എന്നത് ആർക്കും പറയുവാനാവില്ല. ഒട്ടും പരിചിതമല്ലാത്ത പിച്ചിൽ ആദ്യ ദിനം ഏതൊക്കെ പന്ത് കളിക്കണം ഏതൊക്കെ പന്തുകൾ ലീവ് ചെയ്യണം എന്നത് എല്ലാം രോഹിത് കാണിച്ചുതന്നു “ഗവാസ്ക്കർ വാനോളം പുകഴ്ത്തി. കൂടാതെ രോഹിത് വൈകാതെ തന്നെ ടെസ്റ്റ്‌ ക്രിക്കറ്റിൽ വിദേശ സെഞ്ച്വറി നേടുമെന്നും മുൻ താരം വിശദമാക്കി