ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ 5 വിക്കറ്റുകളുടെ പരാജയമാണ് ഇന്ത്യൻ ടീമിന് നേരിടേണ്ടി വന്നത്. മത്സരത്തിൽ 371 എന്ന ശക്തമായ വിജയലക്ഷ്യം ഇംഗ്ലണ്ടിന് മുൻപിലേക്ക് വയ്ക്കാൻ സാധിച്ചെങ്കിലും, ബോളർമാരുടെ ഭാഗത്ത് നിന്ന് വമ്പൻ പ്രകടനങ്ങൾ ഉണ്ടാവാതിരുന്നത് ടീമിനെ ബാധിക്കുകയായിരുന്നു.
മത്സരത്തിൽ ഇന്ത്യയുടെ 5 താരങ്ങൾ സെഞ്ച്വറി സ്വന്തമാക്കിയിട്ടും ടീമിന് വിജയിക്കാൻ സാധിച്ചില്ല എന്നതാണ് വസ്തുത. മത്സരത്തിലെ ഇന്ത്യയുടെ പരാജയത്തിൽ പ്രധാന കാരണമായി മാറിയത് ടീം സെലക്ഷനിലെ ചില അബദ്ധങ്ങളാണ് എന്ന് ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുൻ പേസറായ സ്റ്റുവർട്ട് ബ്രോഡ് ഇപ്പോൾ.

മത്സരത്തിൽ കൃത്യമായ കോമ്പിനേഷനുകൾ മൈതാനത്ത് സൃഷ്ടിക്കാൻ സാധിക്കാതെ വന്നതാണ് ഇന്ത്യൻ പരാജയത്തിന്റെ പ്രധാന കാരണം എന്ന് ബ്രോഡ് പറയുന്നു. ഒരുപക്ഷേ ഓൾറൗണ്ടറായ ശർദുൽ താക്കൂറിന് പകരം സ്പിന്നർ കുൽദീപ് യാദവിനെ ഇന്ത്യ സ്ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിൽ മത്സരഫലം മറ്റൊന്നായേനെ എന്നാണ് ബ്രോഡ് കരുതുന്നത്. സമീപകാലത്ത് ഇംഗ്ലണ്ട് കൈക്കുഴ സ്പിന്നർമാർക്കെതിരെ വളരെയേറെ ബുദ്ധിമുട്ടിയ ഒരു ടീമാണ് എന്നും ബ്രോഡ് പറയുകയുണ്ടായി. ഇതോടൊപ്പം രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ വരുത്തേണ്ട മാറ്റങ്ങളെ പറ്റിയും ബ്രോഡ് സംസാരിച്ചിരുന്നു.
“ടീം സെലക്ഷൻ പാളിപ്പോയതാണ് ഇന്ത്യയുടെ ഇത്തരത്തിലുള്ള ഒരു പരാജയത്തിന് കാരണമായി മാറിയത് എന്ന് ഞാൻ കരുതുന്നു. സത്യസന്ധമായി പറഞ്ഞാൽ ശർദുൽ താക്കൂറിന്റെ സ്ഥാനത്ത് മത്സരത്തിൽ കളിക്കേണ്ടിയിരുന്നത് കുൽദീപ് യാദവാണ്. അവന് ഉചിതമായ പിച്ചായിരുന്നു ലീഡ്സിലേത്. മാത്രമല്ല സമീപകാലത്ത് കൈക്കുഴ സ്പിന്നർമാർക്കെതിരെ ഇംഗ്ലണ്ടിന്റെ ബാറ്റർമാർ ഒരുപാട് പ്രതിസന്ധികൾ നേരിട്ടിരുന്നു. ഇന്ത്യൻ ടീമിൽ കുൽദീപ് ഉണ്ടായിരുന്നുവെങ്കിൽ അത് വലിയൊരു വ്യത്യാസം ഉണ്ടാക്കിയേനെ.”- ബ്രോഡ് പറയുന്നു.
“രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ബൂമ്രയ്ക്ക് വിശ്രമം നൽകാനാണ് സാധ്യത. അങ്ങനെയെങ്കിൽ അർഷദ്ദീപ് സിംഗിനെയാവും ഇന്ത്യ ടീമിൽ ഉൾപ്പെടുത്തുക. ഇന്നിംഗ്സിന്റെ തുടക്കത്തിൽ ബോൾ സ്വിങ് ചെയ്യിക്കാൻ കഴിവുള്ള പേസറാണ് അർഷദീപ്. അത് ഇന്ത്യൻ ബോളിംഗ് അറ്റാക്കിനെ കൂടുതൽ ശക്തമാക്കും എന്നാണ് ഞാൻ കരുതുന്നത്. ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ പ്രസീദ് കൃഷ്ണ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. എന്നിരുന്നാലും ഇന്ത്യൻ ബോളിങ് അറ്റാക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും വിക്കറ്റ് ഭീഷണികൾ സൃഷ്ടിക്കാൻ സാധിക്കാതെ വരികയും ചെയ്തു. ഇതൊരു മോശം സാഹചര്യമാണെന്ന് ഞാൻ കരുതുന്നുമില്ല. മത്സരത്തിന്റെ പല സമയങ്ങളിലും നിയന്ത്രണം ഇന്ത്യയുടെ പക്ഷത്തായിരുന്നു.”- ബ്രോഡ് കൂട്ടിച്ചേർക്കുന്നു.



