അവന്റെ പന്ത് മനസിലാക്കാൻ സമയമെടുക്കും, അതിന് മുമ്പ് അവന്‍ ഔട്ടാക്കും. ഇന്ത്യൻ പേസറെപറ്റി സ്മിത്ത്.

ഇത്തവണത്തെ ബോർഡർ- ഗവാസ്കർ ട്രോഫിയിൽ മിന്നും പ്രകടനം തന്നെയായിരുന്നു ഇന്ത്യൻ പേസർ ജസ്പ്രീത് ബൂമ്ര കാഴ്ചവച്ചത്. ഇപ്പോള്‍ ബൂമ്രയെ അങ്ങേയറ്റം പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. താൻ തന്റെ കരിയറിൽ നേരിട്ടിട്ടുള്ളതിൽ ഏറ്റവും വ്യത്യസ്തനായ ബോളർ ജസ്പ്രീത് ബുമ്രയാണ് എന്ന് സ്മിത്ത് പറയുകയുണ്ടായി.

മാത്രമല്ല ബൂമ്രയുടെ പന്തുകൾ തനിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിട്ടുണ്ട് എന്നും സ്മിത്ത് മനസ് തുറന്നു. താരത്തിന്റെ പന്തുകൾ കൃത്യമായി മനസ്സിലാക്കാൻ ഒരുപാട് സമയം ബാറ്റർമാർക്ക് ആവശ്യമാണ് എന്നാണ് സ്മിത്ത് പറഞ്ഞത്.

“ബൂമ്രയുടെ പന്തുകളുടെ ഗതിയും ദിശയും മനസ്സിലാക്കണമെങ്കിൽ തന്നെ 5- 6 പന്തുകൾ ബാറ്റർക്ക് ആവശ്യമായി വരും. ഇനി ഇത്തരത്തിൽ അവന്റെ പന്തുകളെ മനസ്സിലാക്കിയാലും അതിനെ കൃത്യമായി നേരിടാൻ സാധിക്കണമെന്നില്ല. അത്രയും പന്തുകൾ ബൂമ്ര ബാറ്റർമാർക്ക് നൽകാനുള്ള സാധ്യതയും വളരെ കുറവാണ്.”- സ്മിത്ത് പറയുകയുണ്ടായി. തന്റെ റണ്ണപ്പ് മുതൽ പന്ത് എറിയുന്നത് വരെ വളരെ വ്യത്യസ്തമായ ആക്ഷനാണ് ബൂമ്രയുടേത് എന്നും സ്മിത്ത് പറഞ്ഞു. ലോകത്തുള്ള പല ബാറ്റർമാർക്കും ബൂമ്രയ്ക്കെതിരെ ബാറ്റ് വീശാൻ ബുദ്ധിമുട്ടാണ് എന്ന് സ്മിത്ത് തുറന്നു പറയുന്നു.

“ഇതുവരെ അവനെതിരെ 3 ഫോർമാറ്റുകളിലും ഒരുപാട് മത്സരങ്ങൾ കളിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. അസാധ്യമായ രീതിയിൽ അവന് പന്തിനെ സ്വിങ് ചെയ്യിക്കാൻ സാധിക്കുമെന്നതാണ് വലിയൊരു പ്രത്യേകത. ബാറ്ററുടെ തൊട്ടടുത്തു നിൽക്കുന്ന പോയിന്റിൽ വയ്ച്ചാണ് ബൂമ്ര സാധാരണയായി പന്ത് റിലീസ് ചെയ്യാറുള്ളത്. ഇതോടെ അവന്റെ പന്തുകൾ വളരെ വേഗതയിൽ തന്നെ നമ്മൾ കളിക്കേണ്ട ആവശ്യവും വരും. അവന് വേണ്ട രീതിയിൽ തന്നെ പന്ത് പിച്ച് ചെയ്യിപ്പിക്കാനും അറിയാം.”- സ്മിത്ത് കൂട്ടിച്ചേർക്കുന്നു.

ഇത്തവണത്തെ ബോർഡർ- ഗവാസ്കർ ട്രോഫിയിൽ ബുമ്രയ്ക്കെതിരെ സ്മിത്ത് പതറിയിരുന്നു. ഇതിന് ശേഷമാണ് ഇത്തരമൊരു അഭിപ്രായം പങ്കുവെച്ച് താരം രംഗത്ത് എത്തിയത്. നിലവിൽ ബോർഡർ- ഗവാസ്കർ ട്രോഫിയ്ക്കിടെ പരിക്കേറ്റ ബൂമ്ര വിശ്രമത്തിലാണ്. ജനുവരി 22ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ പരമ്പരയിൽ ബൂമ്ര കളിക്കില്ല എന്ന റിപ്പോർട്ടുകൾ ഇതിനോടകം പുറത്തുവന്നിരുന്നു. ചാമ്പ്യൻസ് ട്രോഫിയ്ക്ക് മുമ്പ് ബുമ്രയ്ക്ക് വേണ്ട രീതിയിലുള്ള വിശ്രമം നൽകാനാണ് നിലവിൽ ഇന്ത്യൻ ടീം മാനേജ്മെന്റ് ശ്രമിക്കുന്നത്.

Previous articleരാഹുലിന് വിശ്രമം. ചാമ്പ്യൻസ് ട്രോഫിയ്ക്ക് മുമ്പ് സഞ്ജുവിന് സുവർണാവസരം. ഇംഗ്ലണ്ടിനെതിരെ കളിക്കും.