ആഷസ് കളിക്കുവാൻ ഞാൻ ആ കടുത്ത തീരുമാനം എടുക്കാം :സ്മിത്തിന് കയ്യടിച്ച് ക്രിക്കറ്റ്‌ ലോകം

ക്രിക്കറ്റ്‌ ആരാധകർക്കിടയിൽ വലിയ പിന്തുണ ലഭിക്കുന്ന താരമാണ് മുൻ ഓസ്ട്രേലിയൻ നായകനും നിലവിൽ മൂന്ന് ഫോർമാറ്റിലും ഓസ്ട്രേലിയൻ ടീമിന്റെ സ്റ്റാർ ബാറ്റ്‌സ്മാനുമായ സ്റ്റീവ് സ്മിത്ത്. വരാനിരിക്കുന്ന ടി :20 ലോകകപ്പിന് വേണ്ടി തായ്യാറെടുപ്പുകൾ സ്റ്റീവ് സ്മിത്ത് ആരംഭിച്ചത് ക്രിക്കറ്റ്‌ ലോകത്ത് വലിയ ചർച്ചയായി മാറിയിരുന്നു.നിലവിൽ താരം കൈമുട്ടിനേറ്റ പരിക്ക് കാരണം വരുന്ന ബംഗ്ലാദേശിനും വെസ്റ്റ് ഇൻഡീസിനും എതിരായ പരമ്പരകളിൽ നിന്നും പൂർണ്ണ പിന്മാറ്റം അറിയിച്ചിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം സ്റ്റീവ് സ്മിത്ത് നടത്തിയ ഒരു പ്രഖ്യാപനം എല്ലാ ക്രിക്കറ്റ്‌ പ്രേമികളുടെ മനസ്സ് കവർന്നു. വരുന്ന ആഷസ് പരമ്പരയിൽ കളിക്കുവാനായി താൻ ഒക്ടോബർ മാസം ആരംഭിക്കുന്ന ടി :20 ലോകകപ്പിനുള്ള ടീമിൽ നിന്നും മാറിനിൽക്കാൻ തയ്യാറാണ് എന്നും താരം വിശദമാക്കി. ആഷസ് പരമ്പര ഈ വർഷം അവസാനം ആരംഭിക്കുമ്പോൾ പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കാൻ ആഗ്രഹിക്കുന്ന സ്മിത്ത് ടി :20 ലോകകപ്പിനുള്ള ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടാലും നിരാശയില്ല എന്നും തുറന്ന് പറഞ്ഞു.

“കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരിക്ക് ഭേദമാകുവാനുള്ള ചികിത്സയിലാണ് പക്ഷേ പരിക്ക് എപ്പോൾ മാറുമെന്നത് നമുക്ക് പറയുവാൻ കഴിയില്ല.വരുന്ന ടി :20 ലോകകപ്പ് കളിക്കണമെന്നാണ് എന്റെ ആഗ്രഹം. എന്നാലും ഞാൻ ഇപ്പോൾ പ്രാധാന്യം നൽകുന്നത് വരാനിരിക്കുന്ന പ്രധാന പരമ്പരയായ ആഷസിനാണ് കഴിഞ്ഞ കുറച്ചധികം വർഷങ്ങളിൽ ഞാൻ ആഷസ്സിൽ കാഴ്ചവെച്ച ബാറ്റിങ് പ്രകടനം വീണ്ടും പുറത്തെടുക്കാനാണ് എല്ലാ പരിശ്രമങ്ങളും നടത്തുന്നത് .ഏറെ നേരം മികവോടെ ബാറ്റ്‌ ചെയ്യാനാണ് എന്റെ ടെസ്റ്റ് ക്രിക്കറ്റിലെ ആഗ്രഹവും “സ്മിത്ത് വാചാലനായി.

ഇത്തവണ ഐപിൽ പതിനാലാം സീസൺ കളിച്ച സ്മിത്ത് ഡൽഹി ക്യാപിറ്റൽസ് ടീമിനായി 6 കളികളിൽ നിന്നും 104 റൺസ് നേടി. അവശേഷിക്കുന്ന ഈ സീസൺ ഐപിൽ മത്സരങ്ങൾ കളിക്കുവാൻ താരം വരുവാനുള്ള സാധ്യത വളരെ വിരളമാണ്. പരിക്കിൽ നിന്നും മുക്തനായി ലോകകപ്പ് ടീമിൽ അവസരം ലഭിച്ചാൽ സ്മിത്ത് ആദ്യം തിരഞ്ഞെടുക്കുക ഐപിൽ ഈ സീസൺ ഉപേക്ഷിക്കുകയെന്നതാണ് എന്നും മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു.