ഇന്ത്യയെ ഒതുക്കി ശ്രീലങ്ക. പരമ്പര സ്വന്തമാക്കി.

ഇന്ത്യയുമായുള്ള മൂന്നാം മത്സരം വിജയിച്ചതോടെ ശ്രീലങ്ക ടി20 പരമ്പര സ്വന്തമാക്കി. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ 7 വിക്കറ്റിനാണ് ശ്രീലങ്കയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 82 റണ്‍സ് വിജയലക്ഷ്യം 14.3 ഓവറിലാണ് ശ്രീലങ്കയുടെ വിജയം. തുടക്കത്തിലേ രാഹുല്‍ ചഹര്‍ 3 വിക്കറ്റ് നേടിയെങ്കിലും ധനജയ ഡീസില്‍വ (23), ഹസരങ്ക (14) എന്നിവര്‍ ചേര്‍ന്ന് ശ്രീലങ്കയെ വിജയത്തിലെത്തിച്ചു.

അവിഷ്ക ഫെര്‍ണാണ്ടോ (12), ബനുക (18), സമരവിക്രമ (6) എന്നിവരാണ് പുറത്തായ ബാറ്റസ്മാന്‍മാര്‍.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 81റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. ഇന്ത്യന്‍ ഇന്നിങ്‌സില്‍ റുതുരാജ് ഗെയ്ക്വാട്, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 23 റണ്‍സ് നേടിയ കുല്‍ദീപ് യാദവാണ് ടോപ് സ്‌കോറര്‍. നാല് ഓവറില്‍ വെറും ഒമ്പത് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ വനിന്ദു ഹസരംഗയാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ കഥ കഴിച്ചത്.

പരമ്പര നിര്‍ണയിക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വളരെ മോശം തുടക്കമാണ് ലഭിച്ചത്. നേരിട്ട ആദ്യപന്തില്‍ തന്നെ ധവാന്‍ മടങ്ങി. പകരമെത്തിയ ദേവ്ദത്ത് പടിക്കല്‍ 15 പന്തില്‍ ഒമ്പത് റണ്‍സ് നേടി പുറത്തായപ്പോള്‍ സഞ്ചു ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. റണ്‍സൊന്നും നേടാന്‍ കഴിയാതെയാണ് സഞ്ജു മടങ്ങിയത്.

സ്‌കോര്‍ 25ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാടും വീണു. ഇതോടെ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 25 എന്ന നിലയിലായി. നിതീഷ് റാണ ക്രീസില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അധികനേരം തുടരാന്‍ താരത്തിന് കഴിഞ്ഞില്ല. ശേഷമെത്തിയ ഉപനായകന്‍ ഭുവനേശ്വര്‍ കുമാര്‍ കുല്‍ദീപ് യാദവിനെയും കൂട്ടുപിടിച്ച് വിക്കറ്റ് നഷ്ടപ്പെടുത്താതെ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയി. എന്നാല്‍ 15ആം ഓവറില്‍ ഹസരംഗ ഭുവിയെ മടക്കി. 32 പന്തില്‍ നിന്നും 16 റണ്‍സാണ് ഭുവി നേടിയത്.

പന്നീടെത്തിയ രാഹുൽ ചഹർ ( അഞ്ച് പന്തിൽ അഞ്ച്), വരുൺ ചക്രവർത്തി (പൂജ്യം) എന്നിവർക്കും ഒന്നും ചെയ്യാനായില്ല. ചേതൻ സാകരിയ (9 പന്തിൽ 5*) പുറത്താകാതെ നിന്നു. 23 റണ്‍സ് നേടിയ കുല്‍ദീപ് യാദവാണ് ടോപ്പ് സ്കോറര്‍.

ഇന്ത്യൻ ഇന്നിങ്സിൽ ആകെ രണ്ടു ബൗണ്ടറികൾ മാത്രമാണ് പിറന്നത്. ദേവ്ദത്ത് പടിക്കലും രാഹുൽ ചാഹറുമാണ് ഓരോന്നു വീതം ഫോർ അടിച്ചത്. ശ്രീലങ്കയ്ക്കായി ക്യാപ്റ്റൻ ദസൂൺ ഷാനക രണ്ടു വിക്കറ്റും ദുഷ്മന്ത ചമീര, രമേഷ് മെൻഡിസ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.