ബംഗ്ലാദേശിനെ മലർത്തിയടിച്ച് ലങ്കൻ സിംഹങ്ങള്‍. വിജയം 21 റണ്‍സിന്

366946

ബംഗ്ലാദേശിനെതിരായ തങ്ങളുടെ ആദ്യ സൂപ്പർ 4 മത്സരത്തിൽ ഉജ്ജല വിജയം സ്വന്തമാക്കി ശ്രീലങ്ക. നിലവിലെ ഏഷ്യാകപ്പ് ചാമ്പ്യന്മാരായ ശ്രീലങ്ക 21 റൺസിനാണ് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. സമരവിക്രമയുടെ തകർപ്പൻ ബാറ്റിംഗ് മികവും ഷനകയുടെയും തീക്ഷണയുടെയും പതിരാനയുടെയും ബോളിംഗ് മികവുമാണ് മത്സരത്തിൽ ശ്രീലങ്കയെ വിജയത്തിൽ എത്തിച്ചത്. സൂപ്പർ 4ലെ ആദ്യ മത്സരത്തിൽ തന്നെ വിജയം കണ്ടത് ശ്രീലങ്കൻ ടീമിന് കൂടുതൽ ആത്മവിശ്വാസം നൽകുമെന്നതിൽ സംശയമില്ല.

കൊളംബോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിൽ വളരെ സ്റ്റഡിയായ തുടക്കമാണ് ശ്രീലങ്കയ്ക്ക് ലഭിച്ചത്. ഓപ്പണർ നിസംഗ(40) കുശാൽ മെണ്ടിസ്(50) എന്നിവർ ശ്രീലങ്കയ്ക്കായി മികച്ച ഒരു അടിത്തറ സൃഷ്ടിച്ചു. പിന്നീട് നാലാമനായെത്തിയ സമരവിക്രമ ബംഗ്ലാദേശ് ബോളർമാരെ അടിച്ചു തകർക്കുകയായിരുന്നു. മത്സരത്തിൽ 72 പന്തുകൾ നേരിട്ട സമരവിക്രമ 93 റൺസ് നേടി. 8 ബൗണ്ടറികളും 2 സിക്സറുകളും ഇന്നിംഗ്സിൽ ഉൾപ്പെട്ടു. എന്നാൽ പിന്നാലെ എത്തിയ ബാറ്റർമാരാരും മികവു കാട്ടാതിരുന്നത് ശ്രീലങ്കയെ ബാധിക്കുകയായിരുന്നു.

ഇങ്ങനെ, മികച്ച ഒരു ഫിനിഷ് സ്വപ്നം കണ്ടിരുന്ന ശ്രീലങ്ക 257 റൺസിൽ ഒതുങ്ങി. മത്സരത്തിൽ ബംഗ്ലാദേശിനായി ടാസ്‌കിൻ അഹമ്മദ്, ഹസൻ മഹ്മൂദ് എന്നിവർ 3 വിക്കറ്റ് വീതവും ഷെറീഫുൾ ഇസ്ലാം 2 വിക്കറ്റും നേടുകയുണ്ടായി. 258 എന്ന വിജയലക്ഷ്യം മുന്നിൽ കണ്ടിറങ്ങിയ ബംഗ്ലാദേശും വളരെ ജാഗ്രതയോടെയാണ് ഇന്നിങ്സ് ആരംഭിച്ചത്. ആദ്യ വിക്കറ്റിൽ 55 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ ബംഗ്ലാദേശിന് സാധിച്ചു. എന്നാൽ പിന്നാലെ തുടർച്ചയായി ബംഗ്ലാദേശിന് വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയുണ്ടാക്കി.

Read Also -  2025 മെഗാലേലത്തിൽ മുംബൈ ലക്ഷ്യം വയ്ക്കുന്ന ഓപ്പണർമാർ. രാഹുൽ അടക്കം 3 പേർ ലിസ്റ്റിൽ.

പിന്നാലെ അഞ്ചാം വിക്കറ്റിൽ മുഷ്‌ഫിഖുർ റഹീമും ഹൃദോയും ചേർന്നാണ് ബംഗ്ലാദേശിനെ വൻവിപത്തിൽ നിന്ന് രക്ഷിച്ചത്. കൃത്യമായ രീതിയിൽ സ്കോറിംഗ് ഉയർത്താൻ സാധിച്ചില്ലെങ്കിലും ബംഗ്ലാദേശിന് ആശ്വാസകരമായ ഒരു കൂട്ടുകെട്ട് ഇരുവരും ചേർന്ന് സമ്മാനിച്ചു. ഹൃദോയ് മത്സരത്തിൽ 92 പന്തുകളിൽ 87 റൺസ് നേടി ബംഗ്ലാദേശിനായി പൊരുതി. എന്നാൽ അവസാന ഓവറുകളിൽ ഹൃദ്രോയുടെ വിക്കറ്റ് നഷ്ടമായതോടെ ബംഗ്ലാദേശ് പരാജയം സമ്മതിക്കുകയായിരുന്നു. മത്സരത്തിൽ 21 റൺസിന്റെ പരാജയമാണ് ബംഗ്ലാദേശ് നേരിട്ടത്

Scroll to Top