ആരെങ്കിലും ഉത്തരവാദിത്വം ഏറ്റെടുക്കണം. ചോദ്യവുമായി മുന്‍ സെലക്ടര്‍

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഹര്‍ദ്ദിക്ക് പാണ്ട്യയെ തിരഞ്ഞെടുത്തതിനെ വിമര്‍ശിച്ച് മുന്‍ സെലക്ടര്‍ സന്ദീപ് പാട്ടീല്‍. ബൗളിംഗ് ചെയ്യുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെങ്കിലും ഒരു ഓള്‍റൗണ്ടറായാണ് ഹര്‍ദ്ദിക്ക് പാണ്ട്യയെ ഇന്ത്യന്‍ ടീമില്‍ തിരഞ്ഞെടുത്തത്. എന്നാല്‍ കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഒരു പന്തു പോലും എറിയാതെയാണ് ഇന്ത്യന്‍ ടീം പ്രവേശനം നേടിയത്.

ന്യൂസിലന്‍റിനെതിരായ മത്സരത്തിനു മുന്നോടിയായി ഹര്‍ദ്ദിക്ക് പാണ്ട്യ നെറ്റ്സില്‍ ബൗളിംഗ് പരിശീലനം നടത്തിയിരുന്നു. എന്നാല്‍ വരുന്ന മത്സരത്തില്‍ ഹാര്‍ദ്ദിക്ക് പന്തെറിയുമോ എന്ന് വ്യക്തമല്ലാ. ഇപ്പോഴിതാ ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തുന്നതിനു മുന്‍പ് ഫിറ്റ്നെസ് ടെസ്റ്റ് നടത്തണം എന്നായിരുന്നു മുന്‍ സെലക്ടറായ സന്ദീപ് പാട്ടീല്‍ പറയുന്നത്.

” പ്ലയിംഗ് ഇലവനില്‍ ഹര്‍ദിക്കിനെ ഉള്‍പ്പെടുത്തണമോ വേണ്ടയോ എന്നത് കോച്ചിന്റേയും ക്യാപ്റ്റന്റേയും തീരുമാനമാണ്. കായികക്ഷമതയില്ലാത്ത താരത്തെ ടീമിലെടുക്കുമ്പോള്‍ അവിടെ ചോദ്യം വരിക സെലക്ടര്‍മാരുടെ നേരെയാണ് ”

” ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെടുത്തുന്നതിന് മുന്‍പ് ഫിറ്റ്നസ് ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെടണമായിരുന്നു. ഇതിന്റെയെല്ലാം ഉത്തരവാദിത്വം ഒരാള്‍ ഏറ്റെടുക്കണം. പരിശീലകന്‍ രവി ശാസ്ത്രി ഒന്നും ഇതിനെ കുറിച്ച് പറയുന്നില്ല. എങ്ങനെയാണ് ഹര്‍ദിക് ഫിറ്റാണ് എന്ന് പറയാനാവുക? ഇത് സാധാരണ ഒരു പരമ്പരയല്ല. ലോകകപ്പാണെന്നും ഓര്‍ക്കണം ” മുന്‍ സെലക്ടര്‍ പറഞ്ഞു.