ഇത്തവണത്തെ ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിൽ ഇതുവരെ വമ്പൻ ബോളിംഗ് പ്രകടനമാണ് ഇന്ത്യയുടെ പേസർ ജസ്പ്രീത് ബുമ്ര കാഴ്ചവെച്ചിട്ടുള്ളത്. ഇതുവരെ 3 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 21 വിക്കറ്റുകൾ സ്വന്തമാക്കാൻ ബുമ്രയ്ക്ക് സാധിച്ചു. ഇന്ത്യൻ നിരയിൽ ഈ പരമ്പരയിൽ ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കിയ താരമാണ് ബുമ്ര.
മാത്രമല്ല ഇതുവരെ ഈ സീരീസിൽ ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കിയ താരവും ബൂമ്ര തന്നെയാണ്. ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിനേക്കാൾ 7 വിക്കറ്റുകൾ കൂടുതൽ സ്വന്തമാക്കാൻ ബുമ്രയ്ക്ക് ഇതുവരെ സാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബൂമ്രയെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം രവി ശാസ്ത്രി.
ഈ പരമ്പരയിൽ ഇന്ത്യയുടെ സാധ്യതകൾ നിലനിൽക്കാൻ കാരണം ബുമ്രയുടെ ഒറ്റയാൾ പോരാട്ടമാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ശാസ്ത്രി. 2018ൽ ശാസ്ത്രിയ്ക്ക് കീഴിലായിരുന്നു ബൂമ്ര തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. മാത്രമല്ല ഈ പരമ്പരയിൽ രോഹിത് ശർമയും വിരാട് കോഹ്ലിയും തിരികെ ഫോമിലേക്ക് എത്തേണ്ടതിന്റെ അനിവാര്യതയെ പറ്റിയും രവി ശാസ്ത്രി സംസാരിക്കുകയുണ്ടായി. കഴിഞ്ഞ മത്സരങ്ങളിൽ ഇതു താരങ്ങളും പരാജയപ്പെട്ടിരുന്നുവെന്നും എന്നാൽ ഈ താരങ്ങൾ തിരികെ വന്നാൽ മാത്രമേ ഇന്ത്യയ്ക്ക് പരമ്പരയിൽ വലിയ വിജയം സ്വന്തമാക്കാൻ സാധിക്കു എന്നുമാണ് ശാസ്ത്രീ കൂട്ടിച്ചേർത്തത്.
“ഈ പരമ്പരയിൽ ഇന്ത്യൻ ടീമിനെ ഒറ്റയാൾ പോരാട്ടത്തിലൂടെ രക്ഷിച്ചു നിർത്തിയിരിക്കുന്നത് ബുമ്രയാണ്. നിലവിൽ ഇന്ത്യൻ ടീമിലെ ബിഗ് ബോയ്സ് ആയ വിരാട് കോഹ്ലിയും രോഹിത് ശർമയും തിരികെ ഫോമിലേക്ക് എത്തേണ്ടതുണ്ട്. വരുന്ന 2 ടെസ്റ്റ് മത്സരങ്ങളിലും ബാറ്റിംഗിൽ ഇരുവർക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കണം. കഴിഞ്ഞ 2 ടെസ്റ്റ് മത്സരങ്ങളിലും ഇരുവരും ബാറ്റിംഗിൽ പരാജയപ്പെട്ടിരുന്നു. രോഹിത് കഴിഞ്ഞ മത്സരങ്ങളിൽ രണ്ടക്കം കാണാൻ പോലും ബുദ്ധിമുട്ടുകയുണ്ടായി. ഇരുവരും ഉണർന്ന് ഇന്ത്യക്കായി മികച്ച പ്രകടനങ്ങൾ പുറത്തെടുത്താൽ ഓസ്ട്രേലിയൻ ടീം സമ്മർദ്ദത്തിലാവും എന്നത് ഉറപ്പാണ്.”- ശാസ്ത്രി പറയുന്നു.
“രോഹിതും കോഹ്ലിയും ജയിലിൽ നിന്ന് ഇറങ്ങിയിട്ടും അവർക്ക് ജാമ്യം ലഭിക്കാത്ത പ്രതിതിയാണ് ഇപ്പോഴുള്ളത്. മെൽബൺ ടെസ്റ്റ് മത്സരത്തിൽ തുറന്നുവിട്ട പക്ഷികളാണ് അവർ. അതുകൊണ്ടു തന്നെ അവർക്കാവശ്യമായതെന്തും അവർക്ക് ചെയ്യാൻ സാധിക്കും. ബോക്സിങ് ഡേ ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ആധിപത്യം സ്ഥാപിക്കാൻ കഴിയുന്ന 2 താരങ്ങൾ തന്നെയാണ് കോഹ്ലിയും രോഹിത്തും.”- രവി ശാസ്ത്രി കൂട്ടിച്ചേർക്കുകയുണ്ടായി. നാലാം ടെസ്റ്റ് മത്സരത്തിന് മുൻപ് തങ്ങളുടെ ടീമിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാവും ഇന്ത്യ മൈതാനത്ത് എത്തുക എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്