സ്റ്റാർ പേസ് ബൗളറെ ഒഴിവാക്കി ഹർഭജന്റെ പ്ലെയിങ് ഇലവൻ :ഫൈനലിനുള്ള പരിശീലനം തുടങ്ങി ഇന്ത്യൻ ടീം

ക്രിക്കറ്റ്‌ പ്രേമികൾ ആവേശത്തോടെ ഇപ്പോൾ നോക്കിക്കാണുന്നത് വരുന്ന ജൂൺ പതിനെട്ടിന് ആരംഭിക്കുന്ന പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനായിട്ടാണ്. വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യൻ ടീമും വില്യംസൺ ക്യാപ്റ്റനായ കിവീസ് ടീമും പരസ്പരം ടെസ്റ്റ് ലോകകപ്പ് കിരീത്തിനായി പോരാട്ടം തുടങ്ങുമ്പോൾ ആരാകും വിജയിക്കുക എന്നത് അപ്രവചനീയമാണ്. ഇന്ത്യൻ ടീമിൽ ആരൊക്കെ ഫൈനലിനായി ഇടം കണ്ടെത്തുമെന്നതാണ് ശ്രദ്ധേയം. മൂന്ന് പേസർമാർ ഉറപ്പായും ഫൈനൽ കളിക്കും എന്നതിൽ ആർക്കും സംശയമില്ല.പക്ഷേ നാലാം പേസ് ബൗളറിനെ പരീക്ഷിക്കുമോ ഇന്ത്യൻ ടീം മാനേജ്മെന്റ് എന്നതാണ് പ്രധാന ചോദ്യം.

അതേസമയം മിക്ക ക്രിക്കറ്റ്‌ പ്രേമികളും ഒപ്പം മുൻ താരങ്ങളും ജസ്‌പ്രീത് ബുറ, മുഹമ്മദ്‌ ഷമി, ഇഷാന്ത് ശർമ എന്നിവർ പ്ലെയിങ് ഇലവനിൽ ഇടം നേടുമെന്ന് ഉറപ്പിച്ച് പറയുമ്പോൾ ഏറെ വ്യത്യസ്ത അഭിപ്രായം പങ്കിടുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. ടീം ഇന്ത്യ മൂന്ന് പേസ് ബൗളർമാരെ ഇറക്കാനാണ് പ്ലാൻ എങ്കിൽ ഇഷാന്ത് ശർമ്മക്ക് പകരം യുവ പേസർ മുഹമ്മദ്‌ സിറാജിന് അവസരം നൽകണമെന്നാണ് ഹർഭജന്റെ വാദം.

“എന്റെ അഭിപ്രായത്തിൽ ഫൈനലിൽ ഇന്ത്യൻ ടീം മൂന്ന് പേസ് ബൗളർമാരുമായി കളിക്കണം. ബുറ, ഷമി എന്നിവരുടെ കാര്യത്തിൽ സംശയമില്ല. മൂന്നാം പേസ് ബൗളർ മുഹമ്മദ്‌ സിറാജ് ആയിരിക്കണം. ഇഷാന്ത് ശർമ്മയെ മറികടന്ന് സിറാജ് ടീമിൽ എത്തണം.ടെസ്റ്റിൽ ഇന്ത്യൻ ടീമിനായി വളരെ അധികം മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരമാണ് ഇഷാന്ത് പക്ഷേ ഇക്കഴിഞ്ഞ ഓസ്ട്രേലിയൻ പരമ്പരയിൽ അടക്കം മികച്ച അരങ്ങേറ്റം നടത്തിയ സിറാജിന്റെ ഫോം കൂടാതെ അവന്റെ ആത്മവിശ്വാസവും ഫൈനലിൽ ഇടം നേടികൊടുക്കും. പുല്ലുള്ള പിച്ചിൽ സിറാജ് അപകടകാരിയാകും “ഹർഭജൻ അഭിപ്രായം വിശദമാക്കി.