“പപ്പയെ ഞാൻ ഒരുപാട് മിസ്സ്‌ ചെയ്യുന്നു”.. ഒന്നാം റാങ്ക് നേട്ടം തന്റെ പിതാവിനായി സമർപ്പിച്ച് സിറാജ്.

ശ്രീലങ്കയ്ക്കെതിരായ ഏഷ്യകപ്പ് ഫൈനലിലെ തകർപ്പൻ പ്രകടനത്തിനുശേഷം തന്റെ കരിയറിലെ സുവർണ്ണ കാലഘട്ടത്തിലൂടെ കടന്നു പോവുകയാണ് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. നിലവിൽ ബോളർമാരുടെ ഐസിസി ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം കയ്യടക്കാൻ മുഹമ്മദ് സിറാജിന് സാധിച്ചിട്ടുണ്ട്. ശ്രീലങ്കയ്ക്കെതിരായ ഫൈനലിലെ പ്രകടനം തന്നെയാണ് സിറാജിന് ഈ സ്ഥാനം കയ്യടക്കാൻ സഹായകരമായി മാറിയത്. മത്സരത്തിൽ 21 റൺസ് മാത്രം വിട്ടുനൽകി 6 വിക്കറ്റുകളാണ് സിറാജ് നേടിയത്. ഏഷ്യാകപ്പിലുടനീളം 12 റൺസ് ശരാശരിയിൽ 10 വിക്കറ്റുകൾ സ്വന്തമാക്കാൻ സിറാജിന് സാധിച്ചു. ഇതോടെയാണ് റാങ്കിങ്ങിൽ സിറാജിന് കുതിച്ചുചാട്ടം ഉണ്ടായത്.

8 സ്ഥാനങ്ങൾ മറികടനാണ് സിറാജ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. ഓസ്ട്രേലിയൻ പേസർ ജോഷ് ഹേസൽവുഡ്, ന്യൂസിലാൻഡ് താരം ട്രെന്റ് ബോൾട്ട്, റാഷിദ് ഖാൻ, മിച്ചൽ സ്റ്റാർക് എന്നിവരെയൊക്കെയും മറികടന്നാണ് സിറാജ് ഒന്നാം സ്ഥാനം കയ്യടക്കിയത്. ഇത് രണ്ടാം തവണയാണ് സിറാജ് ഐസിസി ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തുന്നത്. മുൻപ് 2023 മാർച്ചിലും സിറാജിന് ഈ നേട്ടം കൈവരിക്കാൻ സാധിച്ചിരുന്നു. ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയതിനുശേഷം മുഹമ്മദ് സിറാജ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.

ഈ ചിത്രത്തിലൂടെ തന്റെ പിതാവിന് ഒരു വൈകാരിക സന്ദേശമാണ് സിറാജ് അയച്ചിരിക്കുന്നത്. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലെ തന്റെ ഫോട്ടോയും, ഒപ്പം രക്ഷിതാക്കളുടെ ഫോട്ടോയും ചേർത്തുവച്ചാണ് സിറാജ് തന്റെ സാമൂഹ്യ മാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടത്. അതി വൈകാരികമായ ഈ ഫോട്ടോയുടെ ശീർഷകം ‘മിസ്സ് യു പപ്പ’ എന്നാണ്. തന്റെ പിതാവിന്റെ ഓർമ്മയ്ക്കായിയാണ് സിറാജ് ഈ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത് . കഴിഞ്ഞ സമയങ്ങളിൽ അതി വൈകാരികമായ നിമിഷങ്ങളിലൂടെ കടന്നുപോയ ക്രിക്കറ്ററാണ് മുഹമ്മദ് സിറാജ്.

2020- 21 സമയത്ത് ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിനിടയായിരുന്നു സിറാജിന്റെ പിതാവ് മരണപ്പെട്ടത്. അന്ന് ക്വാറന്റൈൻ നിയന്ത്രണങ്ങൾ മൂലം പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ പോലും സിറാജിന് സാധിച്ചിരുന്നില്ല. ശേഷം പല സമയങ്ങളിലും സിറാജ് ഇത്തരത്തിൽ തന്റെ മികച്ച പ്രകടനങ്ങൾ പിതാവിന് സമർപ്പിച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്തായാലും സിറാജിന്റെ കരിയറിൽ മറ്റൊരു ഉണർവാണ് ശ്രീലങ്കയ്ക്കെതിരായ ഫൈനലിലെ പ്രകടനം നൽകിയിരിക്കുന്നത്. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് മുഹമ്മദ് സിറാജ് ഇപ്പോൾ.