ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കിയാണ് ശുഭ്മാൻ ഗിൽ ആരാധകരെ കയ്യിലെടുത്തത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ഗില്‍ തന്റെ സ്വതസിദ്ധമായ ശൈലിയിൽ റൺസ് സ്വന്തമാക്കുകയായിരുന്നു. മത്സരത്തിൽ 102 പന്തുകളിൽ 112 റൺസാണ് ഗിൽ സ്വന്തമാക്കിയത്.
14 ബൗണ്ടറികളും 3 സിക്സറുകളും താരത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. ഈ തകർപ്പൻ ഇന്നിങ്സോടെ ഒരു ലോക റെക്കോർഡ് തന്റെ പേരിൽ ചേർക്കാനും ഗില്ലിന് സാധിച്ചിട്ടുണ്ട്. ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗതയിൽ 2500 റൺസ് സ്വന്തമാക്കുന്ന താരം എന്ന റെക്കോർഡാണ് ഗിൽ പേരിൽ ചേർത്തത്.
ദക്ഷിണാഫ്രിക്കയുടെ മുൻ താരമായ ഹഷിം അംലയുടെ ലോക റെക്കോർഡാണ് ഇപ്പോൾ ഗിൽ മറികടന്നിരിക്കുന്നത്. കേവലം 50 ഏകദിന ഇന്നിംഗ്സുകൾക്കുള്ളിൽ തന്നെ 2500 റൺസ് പൂർത്തീകരിക്കുന്ന ആദ്യ താരം എന്ന ബഹുമതിയും ഇതോടെ ഗിൽ പേരിൽ ചേർത്തു. നിലവിൽ 50 ഇന്നിംഗ്സുകളിൽ നിന്നാണ് ഗിൽ 2500 റൺസ് സ്വന്തമാക്കിയിരിക്കുന്നത്. 51 ഇന്നിംഗ്സുകളിൽ നിന്നായിരുന്നു ഹഷിം അംല ഈ റെക്കോർഡ് തന്റെ പേരിൽ ചേർത്തത്. 52 ഇന്നിംഗ്സുകളിൽ നിന്ന് ഏകദിന ക്രിക്കറ്റിൽ 2500 റൺസ് സ്വന്തമാക്കിയ പാകിസ്ഥാൻ താരം ഇമാം ഉൾ ഹക്കാണ് ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത്.
56 ഏകദിന ഇന്നിങ്സുകളിൽ നിന്ന് 2500 റൺസ് സ്വന്തമാക്കിയ വിൻഡീസ് ഇതിഹാസ താരം റീച്ചാർഡ്സും ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം ജൊനാദൻ ട്രോട്ടും ലിസ്റ്റിൽ അടുത്ത സ്ഥാനങ്ങളിൽ ഇടംപിടിച്ചിരിക്കുന്നു. മത്സരത്തിൽ തന്റെ ഏഴാമത്തെ ഏകദിന സെഞ്ച്വറിയാണ് ഗിൽ പേരിൽ ചേർത്തത്. അഹമ്മദാബാദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഏകദിന സെഞ്ച്വറി കൂടി സ്വന്തമാക്കിയതോടെ മറ്റൊരു റെക്കോർഡും പേരിൽ ചേർക്കാൻ ഗില്ലിന് സാധിച്ചിട്ടുണ്ട്. ഒരേ മൈതാനത്ത് തന്നെ ഏകദിന, ടെസ്റ്റ്, ട്വന്റി20, ഐപിഎൽ സെഞ്ച്വറികൾ സ്വന്തമാക്കുന്ന ആദ്യ താരമാണ് ശുഭമാൻ ഗിൽ.
അന്താരാഷ്ട്ര ക്രിക്കറ്റിന്റെ 3 ഫോർമാറ്റുകളിലും ഒരേ മൈതാനത്ത് സെഞ്ച്വറി നേടിയിട്ടുള്ള മറ്റു താരങ്ങളെ പരിശോധിക്കാം. ദക്ഷിണാഫ്രിക്കയുടെ മുൻ നായകനായ ഫാഫ് ഡുപ്ലെസീസ് ആണ് ഈ പട്ടികയിൽ ഒന്നാമൻ. ജോഹന്നാസ്ബർഗിൽ എല്ലാ ഫോർമാറ്റുകളിലും സെഞ്ച്വറി നേടാൻ ഡുപ്ലെസിസിന് സാധിച്ചിരുന്നു.
അഡ്ലൈഡ് സ്റ്റേഡിയത്തിൽ എല്ലാ ഫോർമാറ്റിലും സെഞ്ച്വറി നേടിയ ഓസ്ട്രേലിയയുടെ മുൻ താരം ഡേവിഡ് വാർണറും ലിസ്റ്റിലുണ്ട്. കറാച്ചി സ്റ്റേഡിയത്തിൽ ഏകദിന ട്വന്റി20 ടെസ്റ്റ് മത്സരങ്ങളിൽ സെഞ്ച്വറി നേടിയ ബാബർ ആസമും ഈ ലിസ്റ്റിൽ ഉൾപ്പെടുന്നു. ദക്ഷിണാഫ്രിക്കൻ താരം ഡികോക്കിന് സെഞ്ചുറിയനിൽ 3 ഫോർമാറ്റിലും സെഞ്ച്വറി നേടാൻ സാധിച്ചിട്ടുണ്ട്. ശേഷമാണ് ഇപ്പോൾ ഗിൽ ഈ ലിസ്റ്റിലേക്ക് എത്തിയത്.