ഗിൽ വിദേശ പിച്ചുകളിൽ കളി മറക്കുന്നു. 9 ഇന്നിങ്സുകളിൽ 104 റൺസ് മാത്രം, കണക്കുകൾ

വെസ്റ്റിൻഡീസിനെതിരായ ഇന്ത്യയുടെ രണ്ടാം ടെസ്റ്റ് മത്സരത്തിലും മോശം ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച് ശുഭമാൻ ഗിൽ. നിർണായകമായ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 12 പന്തുകൾ നേരിട്ട ഗിൽ 10 റൺസ് മാത്രമാണ് നേടിയത്. ഇന്നിങ്സിൽ 2 ബൗണ്ടറികൾ നേടാൻ സാധിച്ചെങ്കിലും കെമാർ റോച്ചിന്റെ പന്തിൽ കീപ്പർ സിൽവയ്ക്ക് ക്യാച്ച് നൽകി ഗില്‍ മടങ്ങുകയുണ്ടായി. ഇതോടെ വിൻഡീസിനെതിരായി തുടർച്ചയായി രണ്ടാമത്തെ ഇന്നിംഗ്സിലാണ് ഗിൽ പരാജയപ്പെടുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യ ഇന്നിംഗ്സിൽ 11 പന്തുകളിൽ നിന്ന് 6 മാത്രമായിരുന്നു ശുഭ്മാൻ ഗില്ലിന്റെ സമ്പാദ്യം.

ഈ പരാജയങ്ങളോടെ ഒരുപാട് ചോദ്യങ്ങൾ ഗില്ലിന്റെ ബാറ്റിംഗിനെതിരെ ഉയർന്നിട്ടുണ്ട്. ഇന്ത്യൻ പിച്ചുകളിൽ മാത്രം മികവ് പുലർത്തുന്ന ഒരു താരമായി ഗിൽ മാറിയോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഏഷ്യൻ ഭൂഖണ്ഡത്തിന് പുറത്തുള്ള അവസാന 9 ടെസ്റ്റ് ഇന്നിങ്സുകളിലെ ഗില്ലിന്റെ കണക്കുകൾ പരിശോധിച്ചാൽ നിരാശ മാത്രമാണ് ഫലം. 28, 8, 17, 4, 13, 18, 6, 10 എന്നിങ്ങനെയാണ് അവസാനം 9 ടെസ്റ്റ് ഇന്നിങ്സുകളിൽ ഏഷ്യക്ക് പുറത്ത് ഗിൽ നേടിയിട്ടുള്ളത് അതായത് 9 ഇന്നിങ്സുകളിൽ നിന്ന് നേടിയിട്ടുള്ളത് കേവലം 104 റൺസ് മാത്രം. ഇതോടെ ഗിൽ വിദേശ പിച്ചുകളിൽ പരാജയമായി മാറുകയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

മാത്രമല്ല മുൻപ് ഇന്ത്യയുടെ ഓപ്പണറായി കളിച്ചിരുന്ന ഗില്‍ ഇപ്പോൾ മൂന്നാം നമ്പർ സ്ഥാനത്താണ് ഇറങ്ങുന്നത്. ചേതെശ്വർ പൂജാരയ്ക്ക് പകരക്കാരനായി മൂന്നാം നമ്പറിലെത്തിയ ഗില്ലിന്റെ രണ്ടു മത്സരങ്ങളിലെ പ്രകടനവും നിരാശയുണ്ടാക്കി. ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡിനോടും നായകൻ രോഹിത് ശർമയോടും മൂന്നാം നമ്പർ സ്ഥാനം ചോദിച്ചു വാങ്ങുകയായിരുന്നു ഗിൽ. അതിനുശേഷം ഇത്തരം നിരാശപ്പെടുത്തുന്ന പ്രകടനങ്ങൾ പുറത്തെടുക്കുമ്പോൾ വിമർശനങ്ങൾക്ക് കാഠിന്യം ഏറുകയാണ്.

എന്തായാലും ഗില്‍ അടുത്ത ഇന്നിംഗ്സിൽ തന്നെ മികച്ച പ്രകടനത്തോടെ തിരിച്ചെത്തേണ്ടത് അത്യാവശ്യമാണ്. ഹനുമാ വിഹാരി, സർഫറാസ് ഖാൻ തുടങ്ങിയ ഒരുപാട് താരങ്ങൾ ആഭ്യന്തര ക്രിക്കറ്റിൽ മികവാർന്ന പ്രകടനങ്ങൾ പുറത്തെടുക്കുമ്പോൾ ഒന്നോ രണ്ടോ മോശം പ്രകടനങ്ങൾ മാത്രം മതിയാവും ഗില്ലിനെ പോലെ ഒരു താരത്തിന്റെ കരിയർ പിന്നിലേക്ക് പോകാൻ. അടുത്ത ഇന്നിംഗ്സിൽ ശക്തമായി തിരിച്ചുവരും എന്ന് തന്നെയാണ് പ്രതീക്ഷ.