ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ തകർപ്പൻ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. എന്നാൽ മത്സരത്തിൽ വിരാട് കോഹ്ലിയുടെ അഭാവം നിഴലിച്ചിരുന്നു. ആദ്യ മത്സരത്തിൽ കോഹ്ലി കളിക്കുമെന്ന രീതിയിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പക്ഷേ അവസാന നിമിഷം കോഹ്ലിയ്ക്ക് കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് ഇന്ത്യ ബാറ്റിംഗ് ഓർഡറിൽ മാറ്റം വരുത്തുകയായിരുന്നു.
മത്സരത്തിൽ കോഹ്ലിയുടെ ബാറ്റിംഗ് പൊസിഷനിൽ കളിച്ചത് ശുഭമാൻ ഗില്ലാണ്. തന്റെ ഓപ്പണിങ് സ്ഥാനം യുവതാരമായ ജയസ്വാളിന് ഗിൽ നൽകുകയാണ് ഉണ്ടായത്. 15 റൺസ് നേടിയ ജയസ്വാൾ നിരാശാജനകമായ പ്രകടനം കാഴ്ചവച്ചെങ്കിലും 87 റൺസുമായി ഗിൽ മത്സരത്തിൽ തിളങ്ങി.
മത്സരത്തിൽ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവച്ച മറ്റൊരു താരം ശ്രേയസ് അയ്യരാണ്. ഇന്ത്യയ്ക്ക് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായ സമയത്തായിരുന്നു അയ്യർ ക്രീസിലെത്തിയത്. എന്നാൽ ഇംഗ്ലണ്ട് ബോളിംഗിന് മുൻപിൽ ഒട്ടും പതറാതെ ശക്തമായ പ്രകടനം തന്നെ പുറത്തെടുക്കാൻ അയ്യർക്ക് സാധിച്ചു. മത്സരത്തിൽ 59 റൺസ് ആണ് നാലാമനായിറങ്ങിയ അയ്യർ സ്വന്തമാക്കിയത്. എന്നാൽ ഇന്ത്യയുടെ ആദ്യ ഏകദിന മത്സരത്തിൽ താൻ പ്ലെയിങ് ഇലവനിൽ ഉൾപ്പെടെണ്ട താരമായിരുന്നില്ല എന്ന് അയ്യർ പറയുകയുണ്ടായി. വിരാട് കോഹ്ലിയ്ക്ക് പരിക്കേറ്റതു കൊണ്ട് മാത്രമാണ് തന്നെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയത് എന്ന് അയ്യർ തുറന്നു പറഞ്ഞു.

“ഇന്നത്തെ മത്സരത്തിൽ ഞാൻ കളിക്കേണ്ട താരമായിരുന്നില്ല. ഇന്ത്യ എന്നെ പ്ലെയിങ് ലെവലിൽ ഉൾപ്പെടുത്താനും തീരുമാനിച്ചിരുന്നില്ല. പക്ഷേ നിർഭാഗ്യവശാൽ വിരാട് കോഹ്ലിയ്ക്ക് പരിക്കേൽക്കുകയുണ്ടായി. ഈ സാഹചര്യത്തിലാണ് ഞാൻ ടീമിൽ കളിച്ചത്.”- അയ്യർ പറയുകയുണ്ടായി. മത്സരത്തിൽ ഒരു ട്വന്റി20 മോഡലിൽ ആയിരുന്നു അയ്യർ റൺസ് കണ്ടെത്തിയത്. 30 പന്തുകളിൽ അർദ്ധസെഞ്ച്വറി നേടി ഇന്ത്യയെ ശക്തമായ നിലയിലെത്തിക്കാൻ അയ്യർക്ക് സാധിച്ചിരുന്നു. മത്സരത്തിൽ 36 പന്തുകളിൽ നിന്നാണ് അയ്യർ 59 റൺസ് നേടിയത്. 9 ബൗണ്ടറികളും 2 സിക്സറുകളുമായിരുന്നു താരത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്.
അയ്യരുടെ ഇന്നിംഗ്സ് ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായിരുന്നു. അയ്യർക്ക് ശേഷമെത്തിയ അക്ഷർ പട്ടേലും അടിച്ച് തകർത്തപ്പോൾ ഇന്ത്യ മത്സരത്തിൽ അനായാസം വിജയത്തിലേക്ക് എത്തുകയായിരുന്നു. ഈ വിജയത്തോടെ 3 മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1- 0 എന്ന നിലയിൽ മുൻപിലെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. അടുത്ത മത്സരത്തിൽ കൂടെ വിജയം സ്വന്തമാക്കി പരമ്പര നേടുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.



