ഈ നേട്ടം മറ്റൊരു ഇന്ത്യൻ ബാറ്റ്‌സ്മാനുമില്ല :വീണ്ടും രക്ഷകനായി ശ്രേയസ് അയ്യർ.

ഒരിക്കൽ കൂടി അരങ്ങേറ്റ ടെസ്റ്റിൽ കയ്യടികൾ നേടുകയാണ് ഇന്ത്യൻ ബാറ്റ്‌സ്മാൻ ശ്രേയസ് അയ്യർ. അരങ്ങേറ്റ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ സെഞ്ച്വറിയുമായി മികവ് കാഴ്ചവെച്ച താരം ഇന്ത്യൻ ടീം വളരെ വെല്ലുവിളികൾ നേരിട്ട രണ്ടാം ഇന്നിങ്സിൽ നിർണായക അർദ്ധ സെഞ്ച്വറിയുമായി വീണ്ടും ഒരിക്കൽ കൂടി തിളങ്ങി.

49 റൺസ്‌ ഒന്നാം ഇന്നിങ്സ് ലീഡ് കരസ്ഥമാക്കിയ ഇന്ത്യൻ ടീമിന് പക്ഷേ നാലാം ദിനം പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. തുടരെ വിക്കറ്റുകൾ നഷ്ടമായി ഒരുവേള വിഷമിച്ച ഇന്ത്യക്കായി ലോവർ ഓർഡർ ബാറ്റ്‌സ്മാന്മാർക്ക് ഒപ്പം മികച്ച ടോട്ടൽ പടുത്തുയർത്തിയ ശ്രേയസ് അയ്യർ അപൂർവ്വ റെക്കോർഡുകൾ കൂടി സ്വന്തമാക്കിയാണ് മടങ്ങിയത്. താരം 125 പന്തിൽ നിന്നും 8 ഫോറും ഒരു സിക്സ് അടക്കം 65 റൺസ്‌ നേടിയപ്പോൾ വാലറ്റത്ത് അശ്വിൻ, അക്ഷർ പട്ടേൽ, വൃദ്ധിമാൻ സാഹ എന്നിവർ മികച്ച പിന്തുണ നൽകി.

ആദ്യ ഇന്നിങ്സിലെ സെഞ്ച്വറിക്ക്‌ പിന്നാലെ രണ്ടാം ഇന്നിങ്സിൽ ഫിഫ്റ്റി അടിച്ച താരം ടെസ്റ്റ്‌ ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരവും സ്വന്തമാക്കിയിട്ടില്ലാത്ത റെക്കോർഡിനും അവകാശിയായി.65 റൺസ്‌ നാലാം ദിനം അടിച്ചെടുത്ത ശ്രേയസ് അയ്യർ അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറിയും ഫിഫ്റ്റിയും നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്‌സ്മാനായി മാറി.കൂടാതെ അന്താരാഷ്ട്ര ടെസ്റ്റ്‌ ക്രിക്കറ്റിൽ ഈ നേട്ടത്തിലേക്ക് എത്തുന്ന പത്താം ബാറ്റ്‌സ്മാനുമാണ് താരം.

അതേസമയം അരങ്ങേറ്റത്തിൽ കളിച്ച രണ്ട് ഇന്നിങ്സിൽ കൂടി ഫിഫ്റ്റി പ്ലസ് സ്കോറിലേക്ക് എത്തിയ മൂന്നാമത്തെ ഇന്ത്യൻ താരം കൂടിയാണ് ശ്രേയസ് അയ്യർ. മുൻപ് ഇംഗ്ലണ്ടിനെതിരെ ദിലാവർ ഹുസൈനും കൂടാതെ 1971 ൽ വെസ്റ്റിൻഡീസിനെതിരെ ഇതിഹാസതാരം സുനിൽ ഗവാസ്ക്കറും അരങ്ങേറ്റ ടെസ്റ്റ്‌ മത്സരത്തിൽ ഫിഫ്റ്റി പ്ലസ് സ്കോർ നേടി സമാന റെക്കോർഡ് നേടിയിരുന്നു.

എന്നാൽ അരങ്ങേറ്റ ടെസ്റ്റിൽ ഏറ്റവും അധികം റൺസ്‌ അടിച്ച ഇന്ത്യൻ താരം എന്നുള്ള നേട്ടത്തിൽ ശിഖർ ധവാനെ പിന്തള്ളാൻ അയ്യർക്ക് കഴിഞ്ഞില്ല. താരം കാൻപൂർ ടെസ്റ്റിൽ ആകെ 170 റൺസ്‌ നേടിയപ്പോൾ ശിഖർ ധവാൻ തന്റെ ടെസ്റ്റ്‌ അരങ്ങേറ്റത്തിൽ 187 റൺസാണ് നേടിയത്