ജസ്പ്രീത് ബുംറക്ക് പകരം ആര് ? പേര് നിര്‍ദ്ദേശിച്ച് ഷെയിന്‍ വാട്ട്സണ്‍

ടി20 ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ ഇന്ത്യന്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറ പരിക്കേറ്റ് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. പുറത്തെ പരിക്ക് കാരണമാണ് ബുംറയുടെ സേവനം ഇന്ത്യക്ക് നഷ്ടമാകുന്നത്. ഇപ്പോഴിതാ ബുംറയുടെ പകരക്കാരന്‍ ആരാവണം എന്ന ചര്‍ച്ചകള്‍ നടക്കുകയാണ്. ഇപ്പോഴിതാ അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ താരം ഷെയിന്‍ വാട്ട്സണ്‍.

മുഹമ്മദ് ഷമി, ദീപക്ക് ചഹര്‍ എന്നിവരാണ് ഇന്ത്യന്‍ ലോകകപ്പ് ടീമിലെ റിസര്‍വ്വ് താരങ്ങള്‍. എന്നാല്‍ ഇരുവരേയും പരിഗണിക്കാതെ യുവതാരം മുഹമ്മദ് സിറിജിന്‍റെ പേരാണ് മുന്‍ ഓസ്ട്രേലിയന്‍ താരം നിര്‍ദ്ദേശിച്ചത്.

ഇന്ത്യക്ക് ഏറ്റവും മികച്ച ഓപ്ഷൻ സിറാജ് ആണെന്നാണ് വാട്‌സൺ ഉറപ്പിച്ചു പറയുന്നത്.

“ജസ്പ്രീത് ലഭ്യമല്ലെങ്കിൽ ഞാൻ ഉൾപ്പെടുത്തുന്ന കളിക്കാരൻ മുഹമ്മദ് സിറാജാണ്, കാരണം അവന്‍റെ ഉള്ളില്‍ ആ ഫയർ പവർ ഉണ്ട്” വാട്സൺ ഐസിസി റിവ്യൂവിൽ പറഞ്ഞു.

“ ന്യൂ ബോളില്‍ സിറാജ് മികച്ചവനാണ്. അവന് വേഗതയുണ്ട്, അവൻ പന്ത് സ്വിംഗ് ചെയ്യുന്നു, അദ്ദേഹത്തിന്റെ പ്രതിരോധ കഴിവുകളും മികച്ചതാണ്.

“കഴിഞ്ഞ രണ്ട് വർഷമായി അവന്‍ മെച്ചപ്പെട്ടിട്ടുണ്ട്. ഐ‌പി‌എല്ലിൽ അത് കണ്ടതാണ്. അതിനാൽ, എന്നെ സംബന്ധിച്ചിടത്തോളം അവൻ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്താൻ പോകുന്ന ആളായിരിക്കും.” വാട്ട്സണ്‍ കൂട്ടിചേര്‍ത്തു