ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള സ്ക്വാഡിനെ പ്രഖ്യാപിക്കുകയുണ്ടായി. രോഹിത് ശർമയും വിരാട് കോഹ്ലിയും ചെറിയ ഇടവേളയിൽ തങ്ങളുടെ വിരമിക്കൽ പ്രഖ്യാപിച്ചതോടെ വലിയ ആകാംക്ഷയിലായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. ഇരു താരങ്ങൾക്കും പകരക്കാരായി ആരൊക്കെ ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ അണിനിരക്കുമെന്ന ചോദ്യം ഉയർന്നിരുന്നു.
ഇപ്പോൾ എല്ലാത്തിനുമുള്ള ഉത്തരം ലഭിച്ചിരിക്കുകയാണ്. ശുഭമാൻ ഗിൽ നായകനായ ഇന്ത്യൻ ടീമിന്റെ ഉപനായകനായി റിഷഭ് പന്താണ് പരമ്പരയിൽ കളിക്കുന്നത്. 18 അംഗങ്ങൾ അടങ്ങിയ ടീമിൽ ഇന്ത്യയുടെ പ്രധാന പേസറായ മുഹമ്മദ് ഷാമിയെ ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ് ഒരു വലിയ മാറ്റമായി കാണാൻ സാധിക്കുന്നത്.
തലമുറ മാറ്റങ്ങൾ വ്യക്തമായി കാണാൻ സാധിക്കുന്ന സ്ക്വർഡിൽ മുഹമ്മദ് ഷാമിക്ക് അവസരം നഷ്ടമായത് വലിയ നിരാശ ഉണ്ടാക്കുന്നു. സമീപകാലത്തെ മോശം ഫോമാണ് മുഹമ്മദ് ഷാമിയെ ഇത്തരത്തിൽ ടെസ്റ്റ് സ്ക്വാഡിൽ നിന്നും മാറ്റിനിർത്തിയത് എന്ന് വ്യക്തമാണ്. നിലവിൽ നടക്കുന്ന ഐപിഎല്ലിൽ അടക്കം മോശം ഫോമിലായിരുന്നു ഷാമി പന്തെറിഞ്ഞിരുന്നത്. 2025 ഐപിഎല്ലിൽ 11 റൺസ് എന്ന എക്കണോമി റേറ്റിൽ 6 വിക്കറ്റുകൾ മാത്രമാണ് ഷാമിയ്ക്ക് സ്വന്തമാക്കാൻ സാധിച്ചത്. ഇത് ഷാമിയുടെ ഒഴിവാക്കലിൽ വലിയ പങ്കുതന്നെ വഹിച്ചിട്ടുണ്ട്. മാത്രമല്ല ഇതിന് മുൻപ് നടന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിലും മികവ് പുലർത്താൻ താരത്തിന് സാധിച്ചിരുന്നില്ല.
മുൻപ് പരിക്ക് മൂലം വലഞ്ഞ മുഹമ്മദ് ഷാമിയുടെ ഫിറ്റ്നസിനെ സംബന്ധിച്ച് വലിയ ചർച്ചകൾ ഉയർന്നിരുന്നു. 34കാരനായ മുഹമ്മദ് ഷാമിയ്ക്ക് ഇപ്പോൾ കൃത്യമായ ഫിറ്റ്നസ് ഉണ്ടോ എന്ന കാര്യത്തിൽ പോലും ബിസിസിഐ തങ്ങളുടെ സംശയം പ്രകടിപ്പിച്ചിരുന്നതായാണ് റിപ്പോർട്ട്. മുൻപ് പരിക്കിന്റെ പിടിയിൽപെട്ട ഷാമി അതിൽ നിന്ന് തിരികെയെത്താൻ വലിയ സമയം തന്നെ എടുത്തിരുന്നു. അതുകൊണ്ടുതന്നെ ഓസ്ട്രേലിയക്കെതിരെ നടന്ന ബോർഡർ- ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ താരത്തിന് അവസരം നൽകിയിരുന്നില്ല. രഞ്ജി ട്രോഫി അടക്കമുള്ള ആഭ്യന്തര ടൂർണമെന്റുകളിൽ കളിച്ച ശേഷമായിരുന്നു ഷാമി ഇന്ത്യൻ ടീമിൽ എത്തിയത്. പക്ഷേ ഇപ്പോൾ വീണ്ടും താരം തഴയപ്പെട്ടിരിക്കുകയാണ്.
ഇത്തരത്തിൽ ഷമി തഴയപ്പെട്ടത് ഇന്ത്യൻ ടീമിന് വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്. ജൂണിലാണ് ഇംഗ്ലണ്ടിനെതിരെ 5 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പര ഇന്ത്യ കളിക്കാൻ തയ്യാറാവുന്നത്. സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച കരുൺ നായരെ ഇന്ത്യ തങ്ങളുടെ ടെസ്റ്റ് സ്ക്വാഡിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ഐപിഎല്ലിൽ മികവ് പുലർത്തുന്ന സായി സുദർശനും ടെസ്റ്റ് സ്‌ക്വാഡിലെ അംഗമാണ്. 18 അംഗങ്ങൾ അടങ്ങിയ ടീമിനെയാണ് നിലവിൽ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ അണിനിരത്താൻ തയ്യാറായിരിക്കുന്നത്.