മുഹമ്മദ്‌ ഷാമിക്ക് വീണ്ടും പരിക്ക്. ബോർഡർ- ഗവാസ്കർ ട്രോഫിയിൽ കളിച്ചേക്കില്ല, റിപ്പോർട്ട്‌.

shami prayer

ഇന്ത്യ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ടൂർണമെന്റാണ് 2024-25 ലെ ബോർഡർ- ഗവാസ്കർ ട്രോഫി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നടക്കുന്ന 5 ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിൽ ഇത്തവണ ഉൾപ്പെടുന്നത്. അതിനാൽ തന്നെ പരമ്പര വിജയം ഇന്ത്യയ്ക്ക് വളരെ നിർണ്ണായകമാണ്.

ഇന്ത്യയുടെ സൂപ്പർ താരങ്ങളൊക്കെയും പരമ്പരയിൽ അണിനിരക്കും എന്നാണ് കരുതുന്നത്. ഈ സമയത്ത് ഒരു വലിയ തിരിച്ചടി ഇന്ത്യയ്ക്ക് നേരിട്ടിരിക്കുകയാണ്. കഴിഞ്ഞ സമയങ്ങളിൽ പരിക്ക് മൂലം ഇന്ത്യൻ ടീമിൽ നിന്നും മാറി നിന്ന മുഹമ്മദ് ഷാമി 2024-25 ബോർഡർ ഗവാസ്കർ ട്രോഫിയിലൂടെ ടീമിലേക്ക് തിരികെ വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ തന്റെ തിരിച്ചുവരവിൽ മുഹമ്മദ് ഷാമിയ്ക്ക് വീണ്ടും പരിക്കേറ്റിരിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ വച്ച് മുഹമ്മദ് ഷാമിയുടെ കാൽമുട്ടിന് പരിക്കേറ്റിരിക്കുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 2023 ഏകദിന ലോകകപ്പിന്റെ ഫൈനൽ മത്സരത്തിനിടെയായിരുന്നു മുഹമ്മദ് ഷാമിയ്ക്ക് ആദ്യം പരിക്ക് പറ്റിയത്. അന്ന് കണംകാലിന് പരിക്കേറ്റ മുഹമ്മദ് ഷാമി പിന്നീട് എല്ലാത്തരം ക്രിക്കറ്റിൽ നിന്നും മാറി നിൽക്കുകയുണ്ടായി.

ശേഷമാണ് ഇപ്പോൾ തിരിച്ചുവരവിനായി ഷാമി ശ്രമം നടത്തുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് മുഹമ്മദ് ഷാമിയ്ക്ക് എൻസിഎയിൽ വച്ച് വീണ്ടും പരിക്കുപറ്റി എന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ അടുത്ത 6 മുതൽ 8 ആഴ്ചകളിലേക്ക് മുഹമ്മദ് ഷാമിയ്ക്ക് വിശ്രമം ആവശ്യമായി വന്നേക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Read Also -  നിതീഷിനും റിങ്കുവിനും മുൻപിൽ അടിതെറ്റി ബംഗ്ലകൾ. പരമ്പര സ്വന്തമാക്കി ഇന്ത്യ.

“മുഹമ്മദ് ഷാമി തന്റെ ബോളിംഗ് ക്രീസിലേക്ക് തിരികെ എത്തിയിരുന്നു. മാത്രമല്ല മത്സര ക്രിക്കറ്റിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുന്നതിന്റെ സൂചനകൾ മുഹമ്മദ് ഷാമി നൽകുകയും ചെയ്തു. എന്നാൽ അതിനു ശേഷം ഷാമിയുടെ കാൽമുട്ടിന് പരിക്കേൽക്കുകയാണ് ഉണ്ടായത്. ബിസിസിഐയുടെ മെഡിക്കൽ ടീം മുഹമ്മദ് ഷാമിയുടെ പരിക്കിനെ സംബന്ധിച്ചുള്ള കാര്യങ്ങൾ കൂടുതൽ നിരീക്ഷിക്കുകയാണ്. കുറച്ചു സമയം എന്തായാലും ഷാമിയ്ക്ക് ആവശ്യമായി വരും. എൻസിഎയെ സംബന്ധിച്ചും ഇതൊരു ദൗർഭാഗ്യകരമായ കാര്യമാണ്. കഴിഞ്ഞ ഒരു വർഷത്തോളമായി മുഹമ്മദ് ഷാമിയോടൊപ്പം അവർ പ്രവർത്തിക്കുകയാണ്. നിലവിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ ഒന്നാണ് എൻസിഎ. അതിനാൽ എത്രയും വേഗം മുഹമ്മദ് ഷാമിയെ തിരികെ കൊണ്ടുവരാനാണ് അവർ ശ്രമിക്കുന്നത്.”- ഒരു ബിസിസിഐ ഉറവിടം അറിയിക്കുകയുണ്ടായി.

തന്റെ കരിയറിലുടനീളം ഇത്തരത്തിൽ കാൽമുട്ടിന് പരിക്കേറ്റിരുന്ന താരമാണ് മുഹമ്മദ് ഷാമി. മുൻപ് 2015ലും ഷാമിയ്ക്ക് ഇതേപോലെ കാൽമുട്ടിന് പരിക്കേറ്റിരുന്നുm പിന്നീട് പരിക്ക് നിലനിൽക്കവെയാണ് മുഹമ്മദ് ഷാമി ലോകകപ്പിൽ കളിച്ചത്.

കാൽമുട്ടിന്റെ പരിക്ക് മൂലം തന്റെ കരിയറിന്റെ നല്ലൊരു ശതമാനവും പുറത്തിരിക്കേണ്ടി വന്ന താരം കൂടിയാണ് ഷാമി. എന്തായാലും ഷാമി ഉടൻ തന്നെ പരീക്കിൽ നിന്ന് മുക്തനായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ. എന്നിരുന്നാലും ബോർഡർ- ഗവാസ്കർ ട്രോഫി മുഹമ്മദ് ഷാമിയ്ക്ക് നഷ്ടമായാൽ അത് ഇന്ത്യൻ ടീമിനെ സംബന്ധിച്ച് വലിയൊരു പോരായ്മ തന്നെയാണ്.

Scroll to Top