ഷമിയുടെ വിശേഷം ചോദിച്ച് ഷഹീന്‍ എത്തി. ക്ലാസെടുത്ത് ഇന്ത്യന്‍ പേസര്‍

ടി20 ലോകകപ്പിനു മുന്നോടിയായുള്ള പരിശീലന മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ മത്സരം വിജയിപ്പിച്ചത് പേസര്‍ മുഹമ്മദ് ഷമിയായിരുന്നു. ജസ്പ്രീത് ബുംറയുടെ പകരക്കാരനായി എത്തിയ താരം താന്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ വിജയം നേടി കൊടുക്കാനായി സാധിച്ചു.

ദിവസങ്ങള്‍ക്ക് മുന്‍പ് കോവിഡ് ബാധിതനായിരുന്ന താരം നെറ്റ്സില്‍ കടുത്ത പരിശീലനത്തിനായിരുന്നു. നെറ്റ്സില്‍ പാക്കിസ്ഥാന്‍ താരം ഷഹീന്‍ ഷാ അഫ്രീദിയുമായി സംസാരിച്ചിരുന്നു. അതിന്‍റ വീഡിയോ ഇപ്പോള്‍ വൈറലാവുകയായിരുന്നു.

പരിശീലനത്തിനിടെ മുഹമ്മദ് ഷമിയെ എന്തൊക്കെയുണ്ട് ഷമി ഭായ് വിശേഷം എന്ന് ചോദിച്ചാണ് ഷഹീന്‍ എത്തിയത്. പന്തെറിയുന്ന കാലം മുതല്‍ ഷമിയെ പിന്തുടരുന്നുണ്ടെന്നും സീം ചെയ്യുന്ന പന്തുകളുടെ കാര്യത്തില്‍ താങ്കളുടെ കടുത്ത ആരാധകനാണെന്നും അഫ്രീദി പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

അതിനു ശേഷം സീം പൊസിഷനെ പറ്റി മുഹമ്മദ് ഷമി, ഷഹീന്‍ അഫ്രീദിയെ പഠിപ്പിക്കുന്നുണ്ടായിരുന്നു. പന്തിന്‍റെ റിലീസ് പോയിന്‍റ് കൃത്യമാണെങ്കില്‍ സീമും സ്വാഭാവികമായും കൃതൃമാവും എന്ന് ഷമി പറഞ്ഞു.