17 വയസ്സുകാരിയെ ‘ വനിത സേവാഗാക്കിയത് ‘ രഞ്ജി ക്യാംപിലെ ചേട്ടന്‍മാര്‍

ഇന്ത്യന്‍ വനിതാ ടീമിന്‍റെ സേവാഗാണ് 17 വയസ്സുകാരിയായ ഷെഫാലി വെര്‍മ. ചുരുങ്ങിയ നാളുകളില്‍ ഇന്ത്യന്‍ ടീമിന്‍റെ ഒഴിവാക്കാനാവത്ത സാന്നിധ്യമാണ് ഈ ഹരിയാന താരം. ടി20 യില്‍ 22 മത്സരങ്ങളിലായി 617 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം. 150 നോട് അടുത്ത് പ്രഹര ശേഷിയില്‍ ബാറ്റ് ചെയ്യുന്ന ഷെഫാലി 3 അര്‍ദ്ധസെഞ്ചുറി നേടി. ടി20യിലെ തകര്‍പ്പന്‍ പ്രകടനം ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഏകദിന – ടെസ്റ്റ് ടീമില്‍ ഇടം നേടി കൊടുത്തു.

ezgif.com gif maker 2

ഇപ്പോഴിതാ തന്‍റെ പ്രകടനത്തിന്‍റെ രഹസ്യം വെളിപ്പെടുത്തുകയാണ് ഷെഫാലി വെര്‍മ. സെയ്ദ് മുഷ്താഖ് അലി ട്രോഫിക്ക് മുന്‍പുള്ള ഹരിയാന ക്യാംപില്‍ പങ്കെടുത്തതുകൊണ്ട് തന്‍റെ ബാക്ക് ഫൂട്ട് ചലനങ്ങള്‍ നന്നായി എന്ന് ഇന്ത്യന്‍ ഓപ്പണര്‍ പറഞ്ഞു. ഐപിഎല്‍ താരങ്ങളായ ഹര്‍ഷല്‍ പട്ടേലിനെയും, രാഹുല്‍ ടെവാട്ടിയയുടെ അടുത്ത് നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചെന്നും, തന്‍റെ മികച്ചതാക്കാന്‍ സഹായിച്ചത് ഈ ക്യാംപാണെന്നും ഷെഫാലി വെളിപ്പെടുത്തി.

” നേരത്തെ എന്‍റെ ബാക്ക് ഫൂട്ട് ചലനങ്ങള്‍ വളരെ മോശമായിരുന്നു. 140 കി.മീ വേഗതയില്‍ പന്തെറിയുന്ന രഞ്ജി ബോളര്‍മാരെ നേരിട്ടത് എന്‍റെ ടെക്നിക്ക് നന്നാക്കാന്‍ സഹായിച്ചു. വിക്കറ്റിനു മുന്‍പില്‍ ആത്മവിശ്വാസത്തോടെ നില്‍ക്കാന്‍ സഹായിച്ചു ” ഈ അവസരം ഒരുക്കി തന്ന ഹരിയാന ക്രിക്കറ്റ് അസോസിയേഷനോട് നന്ദി പറഞ്ഞുകൊണ്ട് ഷെഫാലി പറഞ്ഞു.

ഒരു ടെസ്റ്റും മൂന്നു വീതം ഏകദിനവും ടി20 യും ഇന്ത്യന്‍ വനിതകള്‍ ഇംഗ്ലണ്ടില്‍ കളിക്കും. പുരുഷ താരങ്ങള്‍ക്കൊപ്പം ചാര്‍ട്ടേട് വീമാനത്തില്‍ ജൂണ്‍ 3 ന് ഇംഗ്ലണ്ടിലെത്തും. വനിത ബിഗ് ബാഷ് ലീഗിലും ഇത്തവണ ഇന്ത്യന്‍ ഓപ്പണര്‍ കളിക്കും. സിഡ്നിയില്‍ സിക്സേഴിനു വേണ്ടിയാണ് ഷെഫാലിയുടെ ബാറ്റിംഗ് വിരുന്ന് കാണാനാവുക.