സൂര്യയ്ക്കും തിലകിനും പകരം സഞ്ജുവിനെ ടീമിൽ എടുക്കേണ്ടിയിരുന്നു. പിന്തുണ അറിയിച്ച് ആകാശ് ചോപ്ര.

2023 ഏഷ്യാകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിൽ മലയാളി താരം സഞ്ജു സാംസൺ സ്ഥാനം അർഹിച്ചിരുന്നുവെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റർ ആകാശ് ചോപ്ര. സൂര്യകുമാർ യാദവിന്റെയോ തിലക് വർമയുടെയോ സ്ഥാനത്ത് ഇന്ത്യ സഞ്ജു സാംസണിനെ സ്ക്വാഡിൽ ഉൾപ്പെടുത്തേണ്ടിയിരുന്നു എന്നാണ് ആകാശ് ചോപ്ര പറയുന്നത്. 17 അംഗങ്ങളടങ്ങിയ ഇന്ത്യയുടെ സ്ക്വാഡിൽ നിന്നാണ് സഞ്ജു സാംസനെ ഇന്ത്യ ഒഴിവാക്കിയത്. എന്നാൽ ബായ്ക്കപ്പ് കളിക്കാരനായി സഞ്ജുവിനെ ഇന്ത്യ ടീമിനൊപ്പം ചേർത്തിട്ടുണ്ട്. കെ എൽ രാഹുൽ പരിക്കിന്റെ പിടിയിലായതിനാൽ മുൻകരുതലായാണ് ഇന്ത്യ സഞ്ജുവിനെ ബാക്കപ്പ് താരമായി പരിഗണിക്കുന്നത്.

സഞ്ജുവിനെ ഇന്ത്യ തങ്ങളുടെ ടീമിൽ നിന്ന് ഒഴിവാക്കിയത് വളരെ ദൗർഭാഗ്യകരമാണ് എന്ന് ആകാശ് ചോപ്ര പറയുന്നു. ഏകദിന ഫോർമാറ്റിൽ ഏറ്റവും മികച്ച റെക്കോർഡുകളുള്ള താരമായിട്ടും സഞ്ജു അവഗണിക്കപ്പെടുകയാണ് എന്നാണ് ചോപ്ര വിലയിരുത്തുന്നത്. “സഞ്ജു സാംസൺ ഇന്ത്യയുടെ ഏഷ്യാകപ്പിനുള്ള സ്ക്വാഡിലില്ല എന്നത് വലിയൊരു വാർത്ത തന്നെയാണ്. സഞ്ജുവിന് അർഹിച്ച സ്ഥാനം ഇന്ത്യ നൽകേണ്ടിയിരുന്നു. തിലക് വർമയുടെയോ സൂര്യകുമാർ യാദവിന്റെയോ സ്ഥാനത്ത് സഞ്ജുവിനെ ഇന്ത്യ ഉൾപ്പെടുത്തണമായിരുന്നു. 17 അംഗങ്ങളടങ്ങിയ സ്ക്വാഡിൽ സഞ്ജു സ്ഥാനം അർഹിച്ചിരുന്നു.”- ചോപ്ര പറഞ്ഞു.

“സഞ്ജു സാംസന്റെ ആരാധകരും സഞ്ജു സാംസനും ഇതൊരു നിർഭാഗ്യമായി തന്നെയാവും കണക്കാക്കുക. കാരണം ഏകദിന ക്രിക്കറ്റിൽ അത്ര മികച്ച പ്രകടനങ്ങളാണ് സഞ്ജു സാംസൺ ഇതുവരെ കാഴ്ചവച്ചിട്ടുള്ളത്. ഏകദിനങ്ങളിൽ 50 റൺസിന് മുകളിൽ ശരാശരിയുള്ള ക്രിക്കറ്ററാണ് സഞ്ജു സാംസൺ. ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ പര്യടനത്തിലും തനിക്ക് ലഭിച്ച അവസരത്തിൽ ഒരു അർത്ഥസെഞ്ച്വറി സ്വന്തമാക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ഏഷ്യാകപ്പിലും സഞ്ജു മികച്ച രീതിയിൽ കളിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും ഉണ്ടായിരുന്നില്ല. മാത്രമല്ല നാലാം നമ്പറിൽ കളിച്ചു തരക്കേടില്ലാത്ത പരിചയസമ്പന്നയും സഞ്ജുവിനുണ്ട്.”- ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.

എന്നിരുന്നാലും കെ എൽ രാഹുലിന് പറ്റിയ ബാക്കപ്പ് കളിക്കാരനാണ് സഞ്ജു സാംസൺ എന്നാണ് ചോപ്ര വിലയിരുത്തുന്നത്. രാഹുലിന് പരിക്കുള്ള സാഹചര്യത്തിൽ മധ്യനിരയിൽ മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്ററെ ആവശ്യം വരികയാണെങ്കിൽ ഇന്ത്യ സഞ്ജുവിനെ തന്നെ പരിഗണിക്കും എന്ന് ചോപ്ര കരുതുന്നു. “സത്യസന്ധമായി പറഞ്ഞാൽ, കെ എൽ രാഹുൽ കഴിഞ്ഞാൽ മധ്യനിരയിൽ ഇന്ത്യയ്ക്ക് കളിപ്പിക്കാൻ സാധിക്കുന്ന ഒരു വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ മാത്രമാണ്. അതേസമയം ടോപ്പ് ഓർഡറിലാണ് ഒരു വിക്കറ്റ് കീപ്പർ ബാറ്ററെ ആവശ്യമെങ്കിൽ ഇഷാൻ കിഷനെയാവും ഇന്ത്യ പരിഗണിക്കുക. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല.”- ചോപ്ര പറഞ്ഞുവയ്ക്കുന്നു.