ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അവസാന ട്വന്റി20 മത്സരത്തിൽ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനവുമായി മലയാളി താരം സഞ്ജു സാംസൺ. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പൂജ്യനായി പുറത്തായ സഞ്ജു സാംസന്റെ ഒരു വമ്പൻ തിരിച്ചുവരമാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. മത്സരത്തിൽ 51 പന്തുകളിൽ നിന്ന് തന്നെ സെഞ്ച്വറി പൂർത്തീകരിക്കാൻ സഞ്ജുവിന് സാധിച്ചു. ട്വന്റി20 അന്താരാഷ്ട്ര കരിയറിലെ സഞ്ജുവിന്റെ മൂന്നാം സെഞ്ചുറിയാണ് മത്സരത്തിൽ പിറന്നത്. പരമ്പരയിലെ ആദ്യ മത്സരത്തിലും സഞ്ജു സാംസൺ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു.
മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി മികച്ച തുടക്കമാണ് സഞ്ജു സാംസനും അഭിഷേക് ശർമയും നൽകിയത്. കഴിഞ്ഞ മത്സരങ്ങളിലെതിന് സമാനമായ രീതിയിൽ യാൻസന്റെ പന്തിൽ പിഴവുകൾ ആവർത്തിക്കാൻ സഞ്ജു തയ്യാറായില്ല. ആദ്യ ഓവറിൽ തന്നെ വളരെ കരുതലോടെയാണ് സഞ്ജു നീങ്ങിയത്. ശേഷം രണ്ടാം ഓവറിലെ രണ്ടാം പന്തിൽ സിക്സർ നേടിയാണ് സഞ്ജു തന്റെ താണ്ഡവം ആരംഭിച്ചത്. പിന്നീട് പവർപ്ലേ ഓവറുകളിൽ തനിക്ക് ലഭിച്ച മോശം പന്തുകളെ അടിച്ചകറ്റാൻ സഞ്ജുവിന് സാധിച്ചു. സഞ്ജുവിനൊപ്പം അഭിഷേക് ശർമയും കൂടിച്ചേർന്നതോടെ ദക്ഷിണാഫ്രിക്കൻ ബോളർമാർ വിയർക്കുന്നതാണ് കണ്ടത്.
ആദ്യ വിക്കറ്റിൽ അഭിഷേകിനൊപ്പം ചേർന്ന് 73 റൺസ് സ്വന്തമാക്കാൻ സഞ്ജുവിന് സാധിച്ചു. അഭിഷേക് ശർമ മത്സരത്തിൽ 18 പന്തുകളിൽ 36 റൺസാണ് നേടിയത്. അഭിഷേക് പുറത്തായ ശേഷവും തിലക് വർമയെ കൂട്ടുപിടിച്ച് സഞ്ജു വെടിക്കെട്ട് തീർക്കുകയായിരുന്നു. 28 പന്തുകളിൽ മത്സരത്തിലെ തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിക്കാനും സഞ്ജുവിന് സാധിച്ചു. സഞ്ജുവിന്റെ ഈ വെടിക്കെട്ടിന്റെ മികവിൽ ആദ്യ 10 ഓവറിൽ തന്നെ ഇന്ത്യ 129 റൺസ് സ്വന്തമാക്കുകയുണ്ടായി. പിന്നീട് പതിനൊന്നാം ആദ്യപന്തിൽ കവറിനു മുകളിലൂടെ സഞ്ജുനേടിയ സിക്സർ കമന്ററി ബോക്സിൽ ഉണ്ടായിരുന്ന മുൻതാരങ്ങളെ പോലും ഞെട്ടിക്കുകയുണ്ടായി.
ഇതിന് ശേഷവും തനിക്ക് ലഭിച്ച അവസരങ്ങൾ അങ്ങേയറ്റം മികച്ച രീതിയിൽ സഞ്ജു ഉപയോഗിക്കുകയുണ്ടായി. രണ്ടാം വിക്കറ്റിൽ തിലക് വർമയ്ക്കൊപ്പം ചേർന്ന് ഒരു തകർപ്പൻ കൂട്ടുകെട്ടാണ് സഞ്ജു കെട്ടിപ്പടുത്തത്. തിലക് വർമയും സഞ്ജുവിനൊപ്പം അടിച്ച് തകർക്കാൻ തുടങ്ങിയപ്പോൾ ഇന്ത്യയുടെ സ്കോർ കുത്തനെ ഉയരുകയായിരുന്നു. മത്സരത്തിൽ 51 പന്തുകളിൽ നിന്നാണ് സഞ്ജു സാംസൺ തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. 6 ബൗണ്ടറികളും 8 സിക്സറുകളും സഞ്ജുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. കഴിഞ്ഞ അഞ്ച് ഇന്നിങ്സുകളിൽ സഞ്ജുവിന്റെ മൂന്നാമത്തെ സെഞ്ചുറിയാണ് മത്സരത്തിൽ പിറന്നത്