വിൻഡിസിനെതിരെയും സഞ്ജു ആക്രമണം തുടരണം, അതാണ് അവന്റെ ശൈലി. മുൻ കോച്ചിന്റെ നിർദ്ദേശം.

2023 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സീസൺ സഞ്ജു സാംസന് അത്ര മികച്ചതായിരുന്നില്ല. എന്നിരുന്നാലും ടൂർണമെന്റിലെ പല മത്സരങ്ങളിലും സഞ്ജു സാംസൺ തന്റെ പോരാട്ടവീര്യം കാട്ടുകയുണ്ടായി. ടീമിനെ പ്ലെയോഫിലെത്തിക്കാൻ സാധിച്ചില്ലെങ്കിലും ചില വ്യക്തിഗത ഇണിങ്സുകൾ കൊണ്ട് സഞ്ജു സാംസൺ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ശേഷം നിലവിൽ ഇന്ത്യയുടെ വിൻഡീസിനെതിരെ പര്യടനത്തിൽ ടീമിൽ സ്ഥാനം കണ്ടെത്താൻ ശ്രമിക്കുകയാണ് സഞ്ജു. വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ എത്തിപ്പെട്ടാലും സഞ്ജു സാംസൺ തന്റെ ആക്രമണശൈലിയിൽ മാറ്റം വരുത്തരുത് എന്നാണ് സഞ്ജുവിന്റെ ബാല്യകാല കോച്ചായ ബിനു ജോർജ് പറയുന്നത്. പരമ്പരയിൽ ഏത് പൊസിഷനിൽ കളിക്കേണ്ടിവന്നാലും സഞ്ജു തന്റെ ആക്രമണ മനോഭാവം തുടരുക തന്നെ ചെയ്യണമെന്നാണ് ബിനു ജോർജിന്റെ അഭിപ്രായം.

“വിൻഡിസ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ സഞ്ജു തന്റെതായ ശൈലിയിൽ തന്നെ പ്രകടനം നടത്തുന്നതാണ് നല്ലത്. പരമ്പരയിൽ ഏത് ബാറ്റിംഗ് പൊസിഷനിൽ കളിക്കേണ്ടി വന്നാലും തന്റേതായ രീതിയിൽ ആക്രമണപരമായി തന്നെ സഞ്ജു കളിക്കാൻ തയ്യാറാവണം. സഞ്ജു സാംസൺ എന്ന കളിക്കാരനെ ഈ നിലയിൽ എത്തിച്ചതും ഇത്രയും ആരാധകരെ നൽകിയതും ആ ശൈലി തന്നെയാണ്. അതുകൊണ്ടുതന്നെ ആ ശൈലിയിൽ ഉറച്ചു നിന്ന് മുന്നോട്ടു പോകുന്നതാണ് സഞ്ജു സാംസന്റെ കരിയറിന് ഉത്തമം.”- ബിനു ജോർജ് പറഞ്ഞു.

“എന്നിരുന്നാലും സഞ്ജു പൂർണമായും ആക്രമണം അഴിച്ചു വിടുന്നതിനു മുൻപ് ചില കാര്യങ്ങൾ ചിന്തിക്കേണ്ടതുണ്ട്. ഏത് ബോളർക്കെതിരെയാണ് ആധിപത്യം നേടേണ്ടതെന്നും, ആരെയാണ് സൂക്ഷ്മമായി കളിക്കേണ്ടത് എന്നും സഞ്ജു തിരിച്ചറിയണം. ഇനി വരാനിരിക്കുന്ന മൂന്നു വർഷങ്ങളാണ് സഞ്ജുവിന്റെ കരിയർ നിർണയിക്കാൻ പോകുന്നത്. അത് ഏറ്റവും മികച്ചതാക്കി മാറ്റണം. സഞ്ജുവിന് തന്റെ മത്സരത്തെക്കുറിച്ച് പൂർണമായ ബോധ്യമുണ്ട്. ഇതുവരെയും അവനിൽ നിന്ന് ഏറ്റവും മികച്ച പ്രകടനം കാണാൻ സാധിച്ചിട്ടില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്.”- ബിനു ജോർജ് കൂട്ടിച്ചേർത്തു.

വിൻഡീസിനെതിരായ ഇന്ത്യയുടെ പര്യടനത്തിൽ രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും 5 ട്വന്റി20കളുമാണ് അടങ്ങുന്നത്. ജൂലൈ 12ന് ആദ്യ ടെസ്റ്റും ജൂലൈ 20ന് രണ്ടാം ടെസ്റ്റ് നടക്കും. അതിനുശേഷമാണ് ഏകദിന പരമ്പരയും ട്വന്റി20 പരമ്പരയും നിശ്ചയിച്ചിരിക്കുന്നത്. ഈ പരമ്പരകളിലൊക്കെയും സീനിയർ താരങ്ങൾക്ക് വിശ്രമം നൽകി കൂടുതൽ യുവതാരങ്ങൾക്ക് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.