2025 ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ മലയാളി താരം സഞ്ജു സാംസണെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല. സീസണിൽ മികച്ച തുടക്കമാണ് സഞ്ജുവിന് ലഭിച്ചത്. എന്നാൽ അത് മുൻപോട്ട് കൊണ്ടുപോകുന്നതിൽ താരം പരാജയപ്പെട്ടു. ഒരു ബാറ്റർ എന്ന നിലയിലും നായകനെന്ന നിലയിലും സഞ്ജു സീസണിൽ പരാജയപ്പെടുകയായിരുന്നു.
മാത്രമല്ല രാജസ്ഥാൻ റോയൽസ് മാനേജ്മെന്റുമായി സഞ്ജുവിന് അസ്വാരസ്യമുണ്ട് എന്നും വാർത്തകൾ പുറത്തുവന്നിരുന്നു. ടൂർണമെന്റിന്റെ നല്ലൊരു ശതമാനവും സഞ്ജുവിനെ പരിക്ക് പിടികൂടിയതും താരത്തെ ബാധിച്ചു. ഇതിന് ശേഷം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിലേക്ക് ചേക്കേറുകയാണോ എന്ന സംശയങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ആരാധകർ ഉന്നയിച്ചിരിക്കുന്നത്. സഞ്ജുവിന്റെ സമീപകാലത്തെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ചൂണ്ടിക്കാട്ടിയാണ് ആരാധകർ രംഗത്ത് വന്നിരിക്കുന്നത്.
സഞ്ജുവും ഭാര്യ ചാരുലതയും ഒരു റോഡ് ക്രോസ് ചെയ്യുന്ന ചിത്രമാണ് താരം തന്റെ സാമൂഹ്യ മാധ്യമത്തിൽ ഇട്ടിരിക്കുന്നത്. ഇതിന്റെ ക്യാപ്ഷനായി സഞ്ജു ഇട്ടിരിക്കുന്നത് “Time To Move” എന്നാണ്. ഇത് ആരാധകർക്കിടയിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു. മാത്രമല്ല റോഡിലുള്ള ഒരു മഞ്ഞ ലൈൻ താണ്ടിയാണ് സഞ്ജുവും ഭാര്യയും മുൻപോട്ട് പോകുന്നത്. ഇതിൽ നിന്നാണ് ചെന്നൈ സൂപ്പർ കിങ്സിലേക്ക് സഞ്ജു ചേക്കേറാൻ തയ്യാറായിരിക്കുകയാണ് എന്ന നിഗമനത്തിൽ ആരാധകർ എത്തിയിരിക്കുന്നത്. മാത്രമല്ല ഈ ചിത്രത്തിന് സഞ്ജു ഉപയോഗിച്ചിരിക്കുന്ന തമിഴ് ഗാനവും ആരാധകർ അന്വേഷിക്കുകയുണ്ടായി.
ഇത്തരത്തിൽ സംഭവിക്കുകയാണെങ്കിൽ അടുത്ത ഐപിഎല്ലിന് മുന്നോടിയായുള്ള മിനി ലേലത്തിൽ ആവും സഞ്ജുവിനെ ചെന്നൈയ്ക്ക് സ്വന്തമാക്കാൻ സാധിക്കുക. രാജസ്ഥാൻ റോയൽസ്, താരത്തെ റിലീസ് ചെയ്യാൻ തീരുമാനിച്ചാൽ മാത്രമേ ചെന്നൈ സൂപ്പർ കിങ്സിന് സഞ്ജുവിനെ തങ്ങളുടെ ടീമിൽ എത്തിക്കാൻ കഴിയൂ. നിലവിൽ ഋതുരാജ് ഗെയ്ക്വാഡാണ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ നായകൻ. എന്നാൽ സഞ്ജു ടീമിലേക്ക് എത്തുകയാണെങ്കിൽ ചെന്നൈയെ സംബന്ധിച്ച് ധോണിയ്ക്ക് ഒരു പകരക്കാരനെയും ലഭിക്കും.
2012 ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡഴ്സ് ടീമിലൂടെയായിരുന്നു സഞ്ജു ഐപിഎല്ലിലേക്ക് അരങ്ങേറിയത്. എന്നാൽ ആ വർഷം കൊൽക്കത്തയ്ക്കായി പ്ലെയിങ് ഇലവനിൽ കളിക്കാൻ സഞ്ജുവിന് സാധിച്ചില്ല. ശേഷം 2013ലാണ് രാജസ്ഥാൻ റോയൽസ് സഞ്ജുവിനെ സ്വന്തമാക്കിയത്. 2015 വരെ രാജസ്ഥാനൊപ്പം കളിച്ച സഞ്ജു പിന്നെയുള്ള 2 വർഷങ്ങളിൽ ഡൽഹി ക്യാപ്പിറ്റൽസിന്റെ ഭാഗമായിരുന്നു. 2018ൽ രാജസ്ഥാൻ തിരികെയെത്തിയതോടെ സഞ്ജു വീണ്ടും ടീമിന്റെ ഭാഗമായി. പിന്നീട് സഞ്ജുവിനെ, രാജസ്ഥാൻ നായകനാക്കുകയും താരം ടീമിനായി മികവ് പുലർത്തുകയും ചെയ്തു.