ഇന്നും ഇന്നലെയും തുടങ്ങിയ ബന്ധമല്ലിത് : നായക സ്ഥാനത്തെ കുറിച്ച് മനസ്സ് തുറന്ന് സഞ്ജു സാംസൺ

ആദ്യമായിട്ടാണ് ഒരു  മലയാളി ക്രിക്കറ്റ് താരം ഐപിഎല്ലിൽ ഒരു ഫ്രാഞ്ചൈസി ടീമിന്റെ നായക സ്ഥാനത്തേക്ക് എത്തുന്നത് . മലയാളി താരവും വലംകൈയ്യൻ ബാറ്സ്മാനുമായ  സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് ടീമിന്റെ  ക്യാപ്റ്റനായി പ്രഖ്യാപിക്കപ്പെട്ടത് ക്രിക്കറ്റ് പ്രേമികൾ വളരെയേറെ  ആകാംക്ഷയോടെയാണ് വരവേറ്റത് .  കഴിഞ്ഞ സീസണില്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് സ്റ്റീവ് സ്മ്ത്തിന് സ്ഥാനം നഷ്ടമായിരുന്നു. അദ്ദേഹത്തിന് പകരമായിട്ടാണ് സഞ്ജുവിനെ ടീം മാനേജ്‌മന്റ്  ക്യാപ്റ്റനാക്കി നിശ്ചയിച്ചത്. ഇത്തവണ താരലേലത്തിൽ സ്റ്റീവ് സ്മിത്തിനെ ഡൽഹി ക്യാപിറ്റൽസ് ടീം സ്‌ക്വാഡിൽ എത്തിച്ചിരുന്നു .

തന്റെ കരിയറിലെ ഏറ്റവും നിർണായക ചുമതലയെ കുറിച്ച് ഇപ്പോൾ സഞ്ജുവും ഏറെ വാചാലനാവുകയാണ് .മലയാളി താരത്തിന്റെ വാക്കുകൾ ഇപ്രകാരമാണ് “രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ് ഞാന്‍ ഐപിഎല്‍ കരിയര്‍ ആരംഭിച്ചത്. ആദ്യ എന്റെ ഐപിഎല്ലിലെ ആദ്യ  മത്സരം കളിക്കുമ്പോള്‍ എനിക്ക് 18 വയസ്സ് മാത്രമായിരുന്നു  പ്രായം. ഇപ്പോള്‍  എനിക്ക് 26 വയസായി. അത്യാവശ്യം മത്സരങ്ങൾ കളിച്ച  പരിചയസമ്പത്തുണ്ട്. അതുകൊണ്ടുതന്നെയാണ് ക്യാപ്റ്റന്റെ ഉത്തരവാദിത്തം എന്നെ  ടീം മാനേജ്‌മന്റ് വിശ്വാസത്തോടെ ഏല്‍പ്പിച്ചത്.ഇതിൽ എനിക്ക് ഏറെ സന്തോഷമുണ്ട് .ഞാനും  വളരെയധികം ആകാംക്ഷയോടെയാണ് ഇത്തവണത്തെ ഐപിഎല്ലിനായി കാത്തിരിക്കുന്നത്.” സാംസൺ നയം വ്യക്തമാക്കി .

കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങള്‍ കളിച്ച സഞ്ജു 375 റണ്‍സാണ് നേടിയത്. ഇതില്‍ മൂന്ന് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും.   കഴിഞ്ഞ സീസണിലും ഐപിഎല്ലിലെ  തുടക്കത്തിൽ മികച്ച   ബാറ്റിംഗ് കാഴ്ചവെച്ച  സഞ്ജു പിന്നീട് മോശം ബാറ്റിങ്ങാൽ ആരാധകരുടെ പ്രതീക്ഷ തല്ലിക്കെടുത്തി . ഇത്തവണ രാജസ്ഥാൻ ടീമിനൊപ്പം പരിശീലന ക്യാംപിലുള്ള താരം ഇത്തവണ മികച്ച പ്രകടനത്തോടെ ഇന്ത്യൻ ടീമിലും തിരികെ വരാം എന്നാണ് പ്രതീക്ഷിക്കുന്നത്