പേടിച്ച് ശൈലി മാറ്റാൻ ഞാനില്ല :തുറന്നടിച്ച് സഞ്ജു സാംസൺ

ക്രിക്കറ്റ്‌ ആരാധകർ എല്ലാം ടി :20 ക്രിക്കറ്റ്‌ ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിനെ കുറിച്ചുള്ള ചർച്ചകളിലാണ്. ഒക്ടോബർ, നവംബർ മാസങ്ങളിലായി നടക്കുന്ന ടി :20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. വളരെ ഏറെ സസ്പെൻസ് നിറഞ്ഞ സ്‌ക്വാഡിൽ എല്ലാവരും വളരെ അധികം ശ്രദ്ധിച്ചത് മലയാളി താരം സഞ്ജു സാംസൺ അഭാവമാണ്. ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിലേക്ക്‌ റിഷാബ് പന്ത്, ഇഷാൻ കിഷൻ എന്നിവരാണ് വിക്കറ്റ് കീപ്പർ റോളിൽ തിരഞ്ഞെടുക്കപ്പെട്ടത് എങ്കിലും ഐപിഎല്ലിലെ ഫോമിന്റെ കൂടി അടിസ്ഥാനത്തിൽ സഞ്ചുവിനും ഒരു അവസരം മലയാളികൾ അടക്കം ഉറച്ച് വിശ്വസിച്ചിരുന്നു. എന്നാൽ സ്‌ക്വാഡിൽ സഞ്ജുവിനെ ഉൾപെടുത്തുവാനായി സെലക്ഷൻ കമ്മിറ്റി തയ്യാറായില്ല. സഞ്ജു ഇക്കഴിഞ്ഞ ശ്രീലങ്കൻ പര്യടനത്തിൽ ലഭിച്ച ഒരു അവസരവും വിനിയോഗിച്ചില്ല എന്നുള്ള വിമർശനവും ഇതിനൊപ്പം ആരാധകർ അടക്കം ഉന്നയിക്കുന്നുണ്ട്

എന്നാൽ ഏത് മോശം കാലയളവിലും തന്റെ സ്വതസിദ്ധമായ ശൈലിയിൽ നിന്നും മാറുവാൻ ആഗ്രഹിക്കുന്നില്ല എന്ന് വിശദമാക്കുകയാണ് സഞ്ജു ഇപ്പോൾ. ടി :20 ലോകകപ്പ് സ്‌ക്വാഡിന്റെ സെലക്ഷൻ ശേഷം ആദ്യമായി മനസ്സ് തുറക്കുന്ന സഞ്ജു ഐപിഎല്ലിൽ ബാക്കിയുള്ള എല്ലാ മത്സരങ്ങളിലും രാജസ്ഥാൻ റോയൽസ് ടീമിനെ ജയിപ്പിക്കുകയാണ് ലക്ഷ്യമെന്നും അഭിപ്രായപ്പെട്ടു.

“നായകനായി മാറിയത് ഒരിക്കലും എന്റെ ശൈലിയെ ബാധിച്ചിട്ടില്ല. ടീമിനായി മികച്ച പ്രകടനമാണ് ലക്ഷ്യം. ടീമിലെ മറ്റുള്ള എല്ലാ താരങ്ങളെയും പോലെയാണ് എന്നെയും കാണുന്നത്. എന്താണ് നമുക്ക് മുൻപിലുള്ള സാഹചര്യമെന്ന് അതിവേഗം മനസ്സിലാക്കേണ്ടതുണ്ട്.ചില മത്സരങ്ങൾ ടീം തോൽക്കുകയും ഒരുവേള ചില മത്സരങ്ങൾ ടീം ജയിക്കുകയും ചെയ്യാം. അതുപോലെ ബാറ്റിങ്ങിലും ഒരു ദിവസം നമ്മൾ എതിരാളികൾക്ക് മുകളിൽ വൻ ആധിപത്യം നേടിയേക്കാം പക്ഷേ മറ്റൊരു ദിവസം നമ്മൾ വേഗം വിക്കറ്റ് നഷ്ടമാക്കി മടങ്ങിയേക്കാം. എല്ലാം സ്വാഭാവികമാണ് “സഞ്ജു നിലപാട് വിശദമാക്കി.

അതേസമയം ക്യാപ്റ്റൻസി ഒരിക്കലും തന്റെ ബാറ്റിങ് ശൈലിയെ ബാധിച്ചിട്ടില്ല എന്നും പറഞ്ഞ സഞ്ജു സാംസൺ തന്റെ ബാറ്റിങ് ശൈലി എന്താണോ ആ ശൈലി പിന്തുടരുവാനാണ് ആഗ്രഹിക്കുന്നത് എന്നും വിശദമാക്കി. നിലവിൽ താരം രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനാണ്‌. ഈ സീസണിൽ കളിച്ച ഏഴ് മത്സരങ്ങളിൽ നിന്നായി താരം 277 റൺസ് നേടി