സഞ്ജു ദുരന്തകഥ തുടരുന്നു. വീണ്ടും വിക്കറ്റ് വലിച്ചെറിഞ്ഞു. നേടിയത് വെറും 13 റൺസ്.

അവസാന ട്വന്റി20യിലും ബാറ്റിംഗിൽ ദുരന്തമായി സഞ്ജു സാംസൺ. മത്സരത്തിൽ അഞ്ചാമനായി ക്രീസിലേത്തിയ സഞ്ജുവിന് 10 ഓവറുകളിലധികം ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ അത് യാതൊരു മടിയുമില്ലാതെ സഞ്ജു വലിച്ചെറിയുകയാണ് ഉണ്ടായത്. മത്സരത്തിൽ കേവലം 13 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ഇത് ആദ്യമായല്ല ഇത്തരത്തിൽ അവസരങ്ങൾ ഇല്ലാതാക്കുന്നത്. 5 മത്സരങ്ങൾ അടങ്ങിയ വിൻഡീസ് പര്യടനത്തിൽ മൂന്നു മത്സരങ്ങളിലാണ് സഞ്ജു ബാറ്റ് ചെയ്തത്. ഇതിൽ നിന്നായി 12, 7, 13 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്കോർ.

മത്സരത്തിൽ അഞ്ചാമതായി ക്രീസിലെത്തിയ സഞ്ജു വളരെ പതിയെയാണ് ആരംഭിച്ചത്. എന്നാൽ മൂന്നാം പന്തിൽ ബൗണ്ടറി നേടി സഞ്ജു തന്റെ വീര്യം പുറത്തെടുത്തു. പിന്നീട് അടുത്ത ഓവറിൽ വീണ്ടും മറ്റൊരു ബൗണ്ടറി നേടിയപ്പോൾ സഞ്ജു മികച്ച ഇന്നിങ്സ് കാഴ്ചവയ്ക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. പക്ഷേ ഇന്നിംഗ്സിലെ പതിനൊന്നാം ഓവറിൽ റോമാരിയോ ഷെപ്പേർഡിന്റെ പന്തിൽ സഞ്ജു പൂരന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. മത്സരത്തിൽ 9 പന്തുകളിൽ 13 റൺസ് ആണ് സഞ്ജു സാംസൺ നേടിയത്. ഇന്നിംഗ്സിൽ രണ്ട് ബൗണ്ടറികൾ ഉൾപ്പെട്ടു.

നിർണായകമായ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിന് അനുകൂലമായ ഫ്ലോറിഡയിലെ പിച്ചിൽ അത്ര മികച്ച തുടക്കമല്ല ഇന്ത്യയ്ക്ക് ലഭിച്ചത്. ഓപ്പണർമാരായ ജയിസ്‌വാളിന്റെയും ഗില്ലിന്റെയും വിക്കറ്റുകൾ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ നഷ്ടമായി. ഇതോടെ ഇന്ത്യ വലിയ തകർച്ചയിലേക്ക് നീങ്ങുകയായിരുന്നു. 17ന് 2 എന്ന നിലയിൽ തകർന്ന ഇന്ത്യയെ കൈപിടിച്ചു കയറ്റിയത് സൂര്യകുമാർ യാദവും തിലക് വർമ്മയും ചേർന്നാണ്.

മൂന്നാം വിക്കറ്റിൽ ഇന്ത്യക്കായി ഒരു തട്ടുപൊളിപ്പൻ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് കെട്ടിപ്പടുത്തത്. 49 റൺസിന്റെ ഈ കൂട്ടുകെട്ട് അവസാനിപ്പിക്കാൻ റോസ്റ്റൺ ചെയ്സ് വേണ്ടിവന്നു. ചെയ്സ് ആണ് തിലക് വർമ്മയുടെ വിക്കറ്റ് മത്സരത്തിൽ കൊയ്ത്. ശേഷമാണ് അഞ്ചാമനായി സഞ്ജു സാംസൺ ക്രീസിലേക്ക് എത്തിയത്. ആദ്യ പന്തിൽ സിംഗിള്‍ നേടി ആരംഭിച്ച സഞ്ജു പതുക്കെ ആക്രമണം അഴിച്ചു വിടുകയായിരുന്നു.