ദുലീപ് ട്രോഫിയിലെ ഇന്ത്യ ഡിയുടെ ഇന്ത്യ ബി ടീമിനെതിരായ മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടി മലയാളി താരം സഞ്ജു സാംസൺ. ഒരു ഏകദിന ഇന്നിങ്സിന് സമാനമായ രീതിയിലാണ് സഞ്ജു സാംസൺ മത്സരത്തിൽ സെഞ്ച്വറി നേടിയത്. 101 പന്തുകൾ നേരിട്ട സഞ്ജു സാംസൺ 106 റൺസാണ് മത്സരത്തിൽ നേടിയത്.
ഇന്ത്യ ഡി ടീമിന്റെ വാലറ്റത്തെ കൂട്ടുപിടിച്ച് അങ്ങേയറ്റം മികച്ച രീതിയിൽ പൊരുതാൻ സഞ്ജു സാംസണ് സാധിച്ചു. 12 ബൗണ്ടറികളും 3 സിക്സറുകളുമാണ് സഞ്ജുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടത്. ആദ്യ മത്സരത്തിൽ മോശം പ്രകടനം കാഴ്ചവച്ച സഞ്ജുവിന്റെ ശക്തമായ തിരിച്ചുവരവാണ് ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ കാണാൻ സാധിച്ചത്.
മത്സരത്തിൽ ആദ്യം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഡി ടീമിനായി ദേവദത്ത് പടിക്കലും ഭരതും അർത്ഥ സെഞ്ച്വറികൾ സ്വന്തമാക്കുകയുണ്ടായി. ഒപ്പം മൂന്നാമനായെത്തിയ റിക്കി ഭൂയി കൂടി അർസെഞ്ച്വറി നേടിയതോടെ ഇന്ത്യ ഡി ശക്തമായ നിലയിലേക്ക് എത്തുകയായിരുന്നു. പക്ഷേ നായകൻ ശ്രേയസ് അയ്യർ പൂജ്യനായി മടങ്ങിയത് ടീമിനെ ബാധിച്ചു. ശേഷമാണ് ആറാമനായി സഞ്ജു സാംസൺ ക്രിസിലെത്തിയത്. നേരിട്ട ആദ്യ ബോൾ മുതൽ കൃത്യമായ ആക്രമണം അഴിച്ചുവിടാൻ സഞ്ജുവിന് സാധിച്ചിരുന്നു. തന്റേതായ ശൈലിയിൽ ഇന്നിംഗ്സ് മുൻപോട്ടു കൊണ്ടുപോവാനാണ് സഞ്ജു ശ്രമിച്ചത്.
മത്സരത്തിന്റെ ആദ്യ ദിവസം തന്നെ ഇന്ത്യ ബി ബോളർമാരെ സഞ്ജു സമ്മർദ്ദത്തിലാക്കി. ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 83 പന്തുകൾ നേരിട്ട സഞ്ജു 89 റൺസായിരുന്നു നേടിയത്. രണ്ടാം ദിവസം മറുവശത്ത് വിക്കറ്റുകൾ നഷ്ടമായപ്പോഴും സഞ്ജു ആക്രമണം അഴിച്ചുവിട്ടു. അവസാന നിമിഷം വരെ മികച്ച പ്രകടനം കാഴ്ചവച്ച് മത്സരത്തിൽ സെഞ്ച്വറി സ്വന്തമാക്കാൻ സഞ്ജുവിന് സാധിക്കുകയായിരുന്നു. 101 പന്തുകളിൽ 106 റൺസ് നേടിയ സഞ്ജു സാംസൺ ഏഴാമനായാണ് മത്സരത്തിൽ പുറത്തായത്.
ഒരു ഏകദിന ഇന്നിംഗ്സിന് സമാനമായ പ്രകടനമാണ് സഞ്ജു മത്സരത്തിൽ കാഴ്ചവച്ചത്. 104.95 എന്ന വമ്പൻ സ്ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ പ്രകടനം. കഴിഞ്ഞ സമയങ്ങളിൽ മോശം പ്രകടനങ്ങൾ മൈതാനത്ത് കാഴ്ചവച്ചതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ സഞ്ജുവിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ലഭിച്ച അവസരങ്ങൾ വിനിയോഗിക്കുന്നതിൽ സഞ്ജു പരാജയപ്പെട്ടതും തിരിച്ചടി ഉണ്ടാക്കി. എന്നാൽ എല്ലാത്തിനുമുള്ള മറുപടി തന്റെ വമ്പൻ ബാറ്റിങ് പ്രകടനത്തിലൂടെ സഞ്ജു നൽകിയിരിക്കുകയാണ്. മലയാളി ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് അഭിമാന നിമിഷമാണിത്.