സഞ്ജുവിന്റെ പരിക്ക്, ഒന്നര മാസം വിശ്രമത്തിന് നിർദ്ദേശം. ഇനി കളിക്കുന്നത് ഐപിഎല്ലിൽ.

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ അവസാന ട്വന്റി20 മത്സരത്തിൽ കൈവിരലിന് പരിക്കേറ്റ സഞ്ജു സാംസണ് ഒരു മാസത്തേക്ക് മൈതാനത്ത് ഇറങ്ങാനാവില്ല എന്ന് റിപ്പോർട്ട്. മത്സരത്തിന്റെ നിർണായക സമയത്തായിരുന്നു സഞ്ജുവിന്റെ കൈവിരലിന് പരിക്കേറ്റത്. ശേഷം ഡോക്ടർ സഞ്ജുവിനെ പരിശോധിക്കുകയും ആറാഴ്ചത്തെ വിശ്രമം നിർദ്ദേശിക്കുകയും ചെയ്യുകയായിരുന്നു. സഞ്ജുവിന്റെ കൈവിരലിന് പൊട്ടലുണ്ട് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇതോടെ വലിയ തിരിച്ചടി തന്നെയാണ് കേരള ടീമിനടക്കം ആഭ്യന്തര ക്രിക്കറ്റിൽ ലഭിച്ചിരിക്കുന്നത്.

ഇതോടെ ഈ മാസം 8ന് ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് വേണ്ടി സഞ്ജു കളിക്കില്ല എന്ന കാര്യം ഉറപ്പായിട്ടുണ്ട്. രഞ്ജി ട്രോഫിയിലെ ക്വാർട്ടർ മത്സരത്തിൽ കേരളം ഒന്നാം സ്ഥാനക്കാരായ ജമ്മു കാശ്മീരിനെ നേരിടാൻ ഒരുങ്ങുകയായിരുന്നു. ഈ മത്സരത്തിൽ കേരളത്തെ സംബന്ധിച്ച് സഞ്ജുവിന്റെ സാന്നിധ്യം വളരെ നിർണായകമായിരുന്നു. പക്ഷേ നിലവിൽ, പരിക്കേറ്റ സഞ്ജു തിരുവനന്തപുരത്തെ തന്റെ വീട്ടിലേക്ക് മടങ്ങിയെന്നാണ് സൂചന. നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെത്തി തന്റെ ശാരീരിക ക്ഷമത കൈവരിച്ച ശേഷം മാത്രമേ സഞ്ജു ടീമിലേക്ക് അണിനിരക്കൂ.

“സഞ്ജുവിന്റെ വലതു കൈയിലെ ചൂണ്ടുവിരലിനാണ് പൊട്ടലുള്ളത്. ഈ സാഹചര്യത്തിൽ ആറാഴ്ച സഞ്ജുവിന് വിശ്രമം നൽകേണ്ടിവരും. അതുകൊണ്ടു തന്നെ സഞ്ജുവിന് കേരളത്തിന്റെ രഞ്ജി ക്വാർട്ടർ മത്സരം നഷ്ടമാകും എന്ന കാര്യത്തിൽ സംശയമില്ല. ഈ വർഷം മാർച്ച് 21ന് തുടങ്ങുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ ആയിരിക്കും സഞ്ജുവിന് ഇനി കളിക്കാൻ സാധിക്കുക.”- ബിസിസിഐയുമായി ബന്ധപ്പെട്ട ഒരു വൃത്തം പിടിഐ ന്യൂസിനോട് പറയുകയുണ്ടായി. ഇതോടുകൂടി സഞ്ജുവിന്റെ ഇന്ത്യൻ ജേഴ്സിയിലുള്ള പ്രകടനവും പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.

ഐപിഎല്ലിന് ശേഷം ജൂലൈയിലാണ് ഇന്ത്യയ്ക്ക് ഇനിയൊരു അന്താരാഷ്ട്ര മത്സരമുള്ളത്. ബംഗ്ലാദേശിനെതിരെ നടക്കുന്ന ഈ മത്സരത്തിൽ സഞ്ജു സാംസണെ പരിഗണിക്കും എന്നാണ് റിപ്പോർട്ട്. മുംബൈയിൽ നടന്ന അവസാന മത്സരത്തിൽ സഞ്ജു സാംസണിന്റെ കൈവിരലിന് പരിക്കേറ്റതിന് പിന്നാലെ ധ്രുവ് ജൂറലിനെയായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി പരിഗണിച്ചിരുന്നത്. മത്സരത്തിൽ ജോഫ്ര ആർച്ചർ എറിഞ്ഞ മൂന്നാം പന്തിലാണ് സഞ്ജുവിന്റെ വിരലിന് പന്ത് കൊണ്ടത്.