ശ്രീലങ്കയ്ക്കെതിരായ ഏകദിന- ട്വന്റി20 പരമ്പരകൾക്കായി ഇന്ത്യൻ ടീം ലങ്കൻ മണ്ണിൽ കാലുകുത്തിയിട്ടുണ്ട്. ഈ മാസം 27ന് പല്ലക്കല്ലെയിലാണ് പര്യടനത്തിലെ ആദ്യ ട്വന്റി20 മത്സരം നടക്കുന്നത്. ഒരുപാട് അത്ഭുതങ്ങൾ നിറഞ്ഞ ഒരു സ്ക്വാഡാണ് ഇന്ത്യ ട്വന്റി20 പരമ്പരക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഹർദിക് പാണ്ഡ്യയെ മാറ്റിനിർത്തി സൂര്യകുമാർ യാദവാണ് ട്വന്റി20 പരമ്പരയിൽ ഇന്ത്യയുടെ നായകൻ.
ഹർദിക് പാണ്ഡ്യയുടെ ഫിറ്റ്നസ് പ്രശ്നങ്ങൾ മൂലമാണ് സൂര്യകുമാർ യാദവിനെ ട്വന്റി20 നായകനായി നിശ്ചയിച്ചത് എന്ന് ഇന്ത്യയുടെ പുതിയ കോച്ചായ ഗൗതം ഗംഭീർ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല ഋതുരാജ്, അഭിഷേക് ശർമ എന്നീ മികച്ച താരങ്ങളെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. എന്നിരുന്നാലും സഞ്ജു സാംസൺ അടക്കമുള്ള താരങ്ങൾ ട്വന്റി20 ടീമിൽ അണിനിരക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ ആദ്യ മത്സരത്തിലെ സാധ്യത ടീമിനെ പരിശോധിക്കാം.
2026 ട്വന്റി20 ലോകകപ്പിന് മുൻപായുള്ള യാത്രയാണ് ഇന്ത്യ ലങ്കൻ പരമ്പരയോടെ ആരംഭിക്കുന്നത്. ഗംഭീറിന്റെ ആദ്യ ഉദ്യമം എന്ന നിലയിൽ പരമ്പര വിജയിക്കുക എന്നത് ഇന്ത്യയുടെ ആവശ്യമാണ്. നിലവിൽ ശുഭ്മാൻ ഗില്ലും ജയ്സ്വാളും ഇന്ത്യയുടെ ട്വന്റി20 സ്ക്വാഡിൽ ഉൾപ്പെടുന്നുണ്ട്. അതിനാൽ ആദ്യത്തെ ട്വന്റി20യിൽ ഗില്ലും ജയസ്വാളും ഓപ്പണർമാരായി എത്തുമെന്നാണ് കരുതുന്നത്.
ശേഷം സഞ്ജു സാംസനാവും ഇന്ത്യക്കായി മൂന്നാം നമ്പറിൽ ബാറ്റിംഗിന് ഇറങ്ങുക. നാലാം നമ്പറിൽ നായകൻ സൂര്യകുമാർ യാദവ് ക്രീസിലെത്തും എന്നാണ് കരുതുന്നത്. മത്സരത്തിൽ സഞ്ജു സാംസൺ, റിയാൻ പരാഗ് എന്നിവരിൽ ഒരാളായിരിക്കും ടീമിൽ ഉണ്ടാവുക. ഇതിൽ സഞ്ജു സാംസനാണ് ഏറെ സാധ്യതകൾ.
മാത്രമല്ല ഇന്ത്യയിലെ നിലവിലെ മികച്ച വിക്കറ്റ് കീപ്പർ ബാറ്ററാണ് സഞ്ജു സാംസൺ എന്ന് ഗംഭീർ ഇതിനുമുൻപ് പറയുകയും ഉണ്ടായി. അതിനാൽ മൂന്നാം നമ്പർ സ്ഥാനം സഞ്ജുവിന് ഇന്ത്യൻ നൽകാനാണ് സാധ്യത. അങ്ങനെയെങ്കിൽ പന്ത് അഞ്ചാം നമ്പറിലാവും ആദ്യ മത്സരത്തിൽ ഇറങ്ങുക.
മുൻപ് ഇന്ത്യക്കായി വിരാട് കോഹ്ലിയായിരുന്നു മൂന്നാം നമ്പറിൽ ക്രീസിലെത്തിയിരുന്നത്. വിരാട് കോഹ്ലിയുടെ അതേ റേഞ്ചിൽ കളിക്കാൻ സാധിക്കുന്ന താരമാണ് സഞ്ജു സാംസൺ. അതിനാൽ മൂന്നാം നമ്പർ സ്ഥാനം സഞ്ജുവിന് ഇന്ത്യൻ നൽകാനുള്ള സാധ്യത വളരെയധികമാണ്.
ഇവർക്കൊപ്പം ശിവം ദുബെ, റിങ്കൂ സിംഗ് എന്നിവരും ഇന്ത്യയുടെ ആദ്യ മത്സരത്തിനുള്ള പ്ലെയിങ് ഇലവനിൽ സ്ഥാനം കണ്ടെത്തും എന്നാണ് കരുതുന്നത്. ഒപ്പം ഹർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ എന്നീ 2 ഓൾറൗണ്ടർമാരും ടീമിലുണ്ടാവും. മുഹമ്മദ് സിറാജ്, അർഷദീപ് സിംഗ് എന്നീ പേസർമാരെ ഇന്ത്യ തിരഞ്ഞെടുക്കാനുള്ള സാധ്യതകളും വളരെ കൂടുതലാണ്.
രവി ബിഷ്ണോയിയാവും സ്പിന്നർ എന്ന നിലയ്ക്ക് ഇന്ത്യൻ ടീമിൽ അണിനിരക്കുക. 3 ട്വന്റി20 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ ശ്രീലങ്കയിൽ കളിക്കുന്നത്. നിലവിലെ ലോക ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് തങ്ങളുടെ കരുത്ത് തെളിയിക്കാനുള്ള അവസരം കൂടിയാണിത്.