ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഇന്ത്യയുടെ ഓപ്പണർമാരായ സഞ്ജു സാംസനും അഭിഷേക് ശർമയ്ക്കും സാധിച്ചിരുന്നില്ല. മികച്ച ബാറ്റിംഗ് വിക്കറ്റ് വിക്കറ്റ് ആയിരുന്നിട്ട് പോലും സഞ്ജുവിനും അഭിഷേകിനും ഇംഗ്ലണ്ടിന്റെ പേസർമാർക്കെതിരെ ആധിപത്യം പുലർത്താൻ കഴിഞ്ഞില്ല. സഞ്ജു കഴിഞ്ഞ 2 മത്സരങ്ങളിലും ഇത്തരത്തിൽ മോശം പ്രകടനങ്ങളാണ് കാഴ്ചവെച്ചത്.
കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ കേവലം 26 റൺസ് നേടിയ സഞ്ജു, ചെന്നൈയിലെ മത്സരത്തിൽ 5 റൺസ് മാത്രമാണ് സ്വന്തമാക്കിയത്. ഇതിന് ശേഷം സഞ്ജുവിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ .
സമീപകാലത്ത് ക്രീസിൽ ഒരുപാട് ചലനങ്ങൾ ഉണ്ടാക്കുന്ന രീതിയിലാണ് സഞ്ജു സാംസൺ ബാറ്റ് ചെയ്യുന്നത്. മാത്രമല്ല പേസർമാരുടെ സ്പീഡ് വേണ്ട രീതിയിൽ ഉപയോഗിക്കാനും സഞ്ജുവിന് സാധിക്കുന്നില്ല. സഞ്ജുവിന്റെ മത്സരങ്ങളിലെ ഷോട്ട് സെലക്ഷനെ വിമർശിച്ചു കൊണ്ടാണ് ഗവാസ്കർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. അനാവശ്യമായി സഞ്ജു വിക്കറ്റ് വലിച്ചെറിയുകയാണ് ചെയ്തത് എന്ന് സുനിൽ ഗവാസ്കർ സ്റ്റാർ സ്പോർട്സിൽ പറയുകയുണ്ടായി. “ഒരു കാരണവശാലും സഞ്ജുവിന്റെ ആ ഷോട്ട് മികച്ച ഒരു ഓപ്ഷനായി ഞാൻ കരുതുന്നില്ല. മത്സരത്തിൽ സഞ്ജുവിന്റെ ഗ്ലൗസിൽ പന്ത് കൊണ്ടിരുന്നു. അതിന് ശേഷം അവന് സെറ്റിലാവാൻ സാധിച്ചില്ല.”- ഗവാസ്കർ പറയുന്നു.
മറ്റൊരു കമന്ററ്ററായ ദീപ് ദാസ് ഗുപ്തയും സഞ്ജുവിന്റെ ബാറ്റിംഗ് ശൈലിയെ ചോദ്യം ചെയ്യുകയുണ്ടായി. “ഇത്തരത്തിൽ ബോളർമാർക്കെതിരെ കഠിനമായ ഷോട്ടുകൾ കളിക്കുന്നതിന് പകരം അവരുടെ പേസ് ഉപയോഗിക്കുക എന്നതായിരുന്നു സഞ്ജു സാംസൺ ചെയ്യേണ്ടിയിരുന്നത്. ഇത്തരത്തിൽ വലിയ പേസിലാണ് ബോളർമാർ പന്ത് എറിയുന്നതെങ്കിൽ ബാറ്റർമാർക്ക് ക്രീസിൽ തന്നെ നിന്ന് ആ പേസ് ഉപയോഗിച്ച് ബൗണ്ടറി സ്വന്തമാക്കാൻ സാധിക്കുമായിരുന്നു. ഇത് നേരത്തെ സുനിൽ ഗവാസ്കറും പറഞ്ഞിട്ടുണ്ട്.”- ദീപ്ദാസ് ഗുപ്ത പറഞ്ഞു.
ഇതിന് രസകരമായ രീതിയിലായിരുന്നു ഗവാസ്കർ മറുപടി പറഞ്ഞത്. ഇത് ട്വന്റി20 ക്രിക്കറ്റാണെന്നും സഞ്ജുവിന് ബൗണ്ടറികളല്ല സിക്സറുകളാണ് ആവശ്യമെന്നും സുനിൽ ഗവാസ്കർ പറയുകയുണ്ടായി. എന്തായാലും വലിയ വിമർശനം തന്നെയാണ് രണ്ടാം ട്വന്റി20 മത്സരത്തിലെ മോശം പ്രകടനത്തിന് ശേഷം സഞ്ജു സാംസണ് ഏറ്റുവാങ്ങേണ്ടി വന്നത്. സമീപകാലത്ത് ട്വന്റി20 ക്രിക്കറ്റിൽ വമ്പൻ പ്രകടനങ്ങൾ കാഴ്ചവച്ച് വിമർശകരുടെ വായടപ്പിക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു. ഇതിന് ശേഷം വീണ്ടും വിമർശനങ്ങൾ സഞ്ജുവിനെതിരെ ആരംഭിച്ചിരിക്കുകയാണ്.



