ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്ക് മുന്നോടിയായി മലയാളി താരം സഞ്ജു സാംസനെ അങ്ങേയറ്റം പുകഴ്ത്തി മുൻ ഇന്ത്യൻ ക്രിക്കറ്റർ സഞ്ജയ് മഞ്ജരേക്കർ. കഴിഞ്ഞ സമയങ്ങളിൽ സഞ്ജു പുറത്തെടുത്തിട്ടുള്ള ആക്രമണപരമായ ബാറ്റിംഗ് ശൈലിയെ പുകഴ്ത്തിയാണ് മഞ്ജരേക്കർ സംസാരിച്ചത്.
നിലവിൽ ഇംഗ്ലണ്ടിനെതിരെ വലിയൊരു പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ് സഞ്ജു സാംസൺ. 5 ട്വന്റി20 മത്സരങ്ങളും 3 ഏകദിനങ്ങളുമുള്ള പരമ്പരകളാണ് ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയ്ക്ക് മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ കളിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ ട്വന്റി20 ടീമിലെ സാന്നിധ്യമായ സഞ്ജു സാംസനെ പറ്റി സഞ്ജയ് മഞ്ജരേക്കർ സംസാരിച്ചത്.
2024 ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ സ്ക്വാഡ് അംഗമായിരുന്നു സഞ്ജു സാംസൺ. പക്ഷേ ലോകകപ്പിൽ ഒരു മത്സരത്തിൽ പോലും മൈതാനത്തിറങ്ങാൻ താരത്തിന് സാധിച്ചില്ല. ശേഷം കഴിഞ്ഞ 5 ട്വന്റി20 മത്സരങ്ങളിൽ 3 സെഞ്ച്വറികൾ നേടിയാണ് സഞ്ജു സാംസൺ തന്റെ കരുത്ത് തെളിയിച്ചത്. കഴിഞ്ഞ സമയങ്ങളിൽ സഞ്ജു വീണ്ടെടുത്ത തന്റെ ആത്മവിശ്വാസത്തെ പറ്റി മഞ്ജരേക്കർ സംസാരിക്കുകയുണ്ടായി. തന്റെ വിക്കറ്റിന് സഞ്ജു ഇപ്പോൾ കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട് എന്നാണ് മഞ്ജരേക്കറുടെ വിലയിരുത്തൽ. ഇനിയും സഞ്ജു ഇത്തരത്തിൽ മുൻപോട്ടു പോയാൽ ഇന്ത്യൻ ടീമിന്റെ നിറസാന്നിധ്യമായി മാറാൻ സാധിക്കും എന്നാണ് മഞ്ജരേക്കർ കരുതുന്നത്.
“അവന് ഇപ്പോൾ നല്ല ആത്മവിശ്വാസമുണ്ട്. കൂടുതൽ പക്വത അവൻ മൈതാനത്ത് പുറത്തെടുക്കുന്നുണ്ട്. മാത്രമല്ല തന്റെ വിക്കറ്റിന് കൂടുതൽ മൂല്യം നൽകിയാണ് അവനിപ്പോൾ കളിക്കുന്നത്. തുടർച്ചയായി വലിയ ഇന്നിംഗ്സുകൾ കളിച്ച് ഇന്ത്യൻ ടീമിന് സന്തുലിതാവസ്ഥ നൽകാൻ അവന് കഴിയുന്നു. ഈ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ അവൻ അല്പം താമസിച്ചു എന്ന് പലരും പറയും. പക്ഷേ സഞ്ജു സാംസന് ഇപ്പോൾ എന്തും സാധിക്കും. ഞാനിപ്പോൾ സഞ്ജുവിന്റെ വലിയൊരു ആരാധകനാണ്. മുൻപും അവൻ നന്നായി ബാറ്റ് ചെയ്തിരുന്നു. പക്ഷേ വേണ്ട രീതിയിൽ റൺസ് സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ മികവ് പുലർത്താനും റൺസ് കണ്ടെത്താനും സഞ്ജുവിന് കഴിയുന്നുണ്ട്.”- മഞ്ജരേക്കർ പറയുന്നു.
2025 ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള സ്ക്വാഡിനെ സംബന്ധിച്ച് മുൻപ് ചർച്ചകൾ പുരോഗമിച്ചിരുന്നു. അന്നും റിഷഭ് പന്തിന് മുകളിൽ സഞ്ജു സാംസണെയാണ് മഞ്ജരേക്കർ പിന്തുണച്ചത്. ഫെബ്രുവരി 19 മുതലാണ് ചാമ്പ്യൻസ് ട്രോഫി നിശ്ചയിച്ചിരിക്കുന്നത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെതിരെ മൈതാനത്ത് ഇറങ്ങും. എന്നാൽ ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ടീമിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇതുവരെയും ബിസിസിയഐ പുറത്തു വിട്ടിട്ടില്ല.