ഓറഞ്ച് ക്യാപ്പ് ഭാവി ഇന്ത്യന്‍ ഓപ്പണര്‍ക്ക് സ്വന്തം. റെക്കോഡും കൂടെ പോന്നു.

ഐപിൽ പതിനാലാം സീസണിലെ ഏറെ ആവേശനിറഞ്ഞ ഫൈനലിൽ മികച്ച ബാറ്റിങ് പ്രകടനവുമായി വീണ്ടും ഏറെ കയ്യടികൾ നേടി ചെന്നൈ സൂപ്പർ കിങ്‌സ് യുവ താരം ഋതുരാജ് ഗെയ്ക്ഗ്വാദ്. ഈ സീസണിൽ ചെന്നൈയുടെ ബാറ്റിങ് കരുത്തായി മാറിയ യുവ താരം ഒരിക്കൽ കൂടി എതിരാളികളുടെ ബൗളിംഗ് മികവ് മുൻപിൽ വെല്ലുവിളികൾ ഉയർത്തി. ആദ്യ ഓവർ മുതൽ അടിച്ചുകളിച്ച ചെന്നൈ ഓപ്പണർ സീസണിലെ മറ്റൊരു നേട്ടവും ഒപ്പം അപൂർവ്വമായ ഒരു ഐപിൽ നേട്ടം കൂടി കരസ്ഥമാക്കിയാണ് മടങ്ങിയത്. സീസണിൽ ചെന്നൈ ടീമിന്റെ പ്രധാന റൺസ് സ്കോറർമാരായ ഡൂപ്ലസ്സിസ് : ഗെയ്ക്ഗ്വാദ് സഖ്യം ഒരിക്കൽ കൂടി ധോണിക്കും ടീമിനും മാസ്മരികമായ തുടക്കമാണ് സമ്മാനിച്ചത്.പതിവ് പോലെ ക്ലാസ്സിക് ഷോട്ടുകളുമായി പവർപ്ലേയിൽ കളംനിറഞ്ഞ താരം ഒരിക്കൽ കൂടി തന്റെ ഫോമിന്റെ ആവർത്തനം നടത്തി.

മത്സരത്തില്‍ 27 പന്തില്‍ 32 റണ്‍സ് നേടിയാണ് റുതുരാജ് മടങ്ങിയത്. നരൈന അതിര്‍ത്തി കടത്താനുള്ള ശ്രമത്തിനിടെ ലോങ്ങ് ഓഫില്‍ ശിവം മാവിയുടെ കൈകളില്‍ ഒതുങ്ങി. ഇന്നിംഗ്സില്‍ 3 ഫോറും 1 സിക്സും നേടി.

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഭാവി ഓപ്പണർ എന്നൊരു വിശേഷണം കരസ്ഥമാക്കി കഴിഞ്ഞ ഗെയ്ക്ഗ്വാദ് മത്സരത്തിൽ 24 റൺസ് പിന്നിട്ടപ്പോഴാണ് ഐപിഎല്ലിലെ 13 വർഷം പഴക്കമുള്ള റെക്കോർഡും സ്വന്തം പേരിലാക്കിയത്. മത്സരത്തിന്റെ അഞ്ചാം ഓവറിൽ തന്നെ തന്റെ സ്കോർ പിന്നിട്ട ഗെയ്ക്ഗ്വാദ് ഈ സീസണിലെ ഓറഞ്ച് ക്യാപ്പിന് അർഹനായി. കൂടാതെ ഐപിൽ ചരിത്രത്തിൽ ഓറഞ്ച് ക്യാപ്പ് കരസ്ഥമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ താരവുമായി. മുൻപ് ഈ റെക്കോർഡ് ഓസ്ട്രേലിയൻ താരമായ ഷോൺ മാർഷിന്‍റെ പേരിലായിരുന്നു.

2008ലെ ഐപിൽ സീസണിൽ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടി 616 റണ്‍സ് നേടിയാണ് മാര്‍ഷ് ഓറഞ്ച് ക്യാപ് നേടിയത് എങ്കിൽ 23ാം വയസ്സിലാണ് ഋതുരാജ് ഈ നേട്ടം സ്വന്തമാക്കിയത്. അന്ന് ഓറഞ്ച് ക്യാപ്പ് നേടുമ്പോള്‍ മാര്‍ഷിനു പ്രായം 25 മാത്രം.

സീസണില്‍ 635 റണ്‍സാണ് റുതുരാജ് ഗെയ്ക്വാദ് നേടിയത്. 4 അര്‍ദ്ധസെഞ്ചുറിയും 1 സെഞ്ചുറിയും ഈ സീസണില്‍ സ്വന്തമാക്കി. പുറത്താകതെ നേടിയ 101 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്കോര്‍. സഹതാരം ഫാഫ് ഡൂപ്ലസിസാണ് തൊട്ടു പിന്നില്‍. മത്സരത്തില്‍ അവസാന പന്തില്‍ പുറത്തായ ഡൂപ്ലസിസ് റുതുരാജ് ഗെയ്ക്വാദിനു 2 റണ്‍സ് പിന്നിലായാണ് വീണത്. ഇരുവരും ചേര്‍ന്ന് 756 റണ്‍സാണ് ഈ സീസണില്‍ ഓപ്പണിംഗ് കൂട്ടുകെട്ട് കൂട്ടിചേര്‍ത്തത്.