ബട്ലറും അശ്വിനും മൂത്ത സഹോദരങ്ങൾ, ഹെറ്റ്മെയ്ർ ഉറ്റസുഹൃത്ത്‌. സഹതാരങ്ങളുമായുള്ള ബന്ധത്തെപറ്റി സഞ്ജു സാംസൺ.

നിലവിൽ 2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നുതന്നെയാണ് രാജസ്ഥാൻ റോയൽസ്. മൈതാനത്തും മൈതാനത്തിന് പുറത്തും സൗഹൃദം കാത്തുസൂക്ഷിക്കുന്ന കുറച്ചധികം ക്രിക്കറ്റർമാരുടെ നിരയാണ് രാജസ്ഥാൻ. രാജസ്ഥാൻ പുറത്തു വിടുന്ന സോഷ്യൽ മീഡിയ വീഡിയോകളും മറ്റും താരങ്ങളുടെ സൗഹൃദത്തിനുള്ള ഉദാഹരണമാണ്. രാജസ്ഥാൻ റോയൽസിലെ താരങ്ങളുമായി തനിക്കുള്ള ബന്ധത്തെപ്പറ്റി സംസാരിക്കുകയാണ് ടീം നായകൻ സഞ്ജു സാംസൺ ഇപ്പോൾ. ടീമിലെ എല്ലാ താരങ്ങളെയും താൻ സഹോദരങ്ങളായാണ് കാണുന്നത് എന്നാണ് സഞ്ജു പറഞ്ഞത്.

“ടീമിലെ എല്ലാ കളിക്കാരോടും വ്യത്യസ്തമായ ബന്ധങ്ങളാണ് ഞാൻ വെച്ചുപുലർത്താറുള്ളത്. ജോസ് ബട്ലറും രവിചന്ദ്രൻ അശ്വിനും എന്നെ സംബന്ധിച്ച് മൂത്ത സഹോദരങ്ങളേ പോലെയാണ്. എന്നാൽ ഷിമറോൺ ഹെറ്റ്മെയർ എനിക്ക് ഒരു നല്ല സുഹൃത്താണ്. ടീമിലെ യുവതാരങ്ങളൊക്കെയും എനിക്ക് ഇളയ സഹോദരന്മാരാണ്. ഇത്തരത്തിൽ പരസ്പരം വലിയ ബന്ധങ്ങളുള്ള കുറച്ചധികം കളിക്കാരെ ടീമിൽ കിട്ടിയതിൽ ഞാൻ വളരെ ഭാഗ്യവാനാണ്.
ഈ ബന്ധങ്ങൾ എന്നെ ഒരുപാട് സഹായിക്കുന്നുണ്ട്. മാത്രമല്ല ഞാനത് നല്ല രീതിയിൽ ആസ്വദിക്കുകയും ചെയ്യുന്നു.”- സഞ്ജു സാംസൺ പറഞ്ഞു.

mumbai indians vs rajasthan ipl 2023

“എന്നിരുന്നാലും മൈതാനത്തിറങ്ങുമ്പോൾ എല്ലാവരും തുല്യരാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എങ്ങനെയാണോ ഓരോരുത്തരെയും നമ്മൾ പരിഗണിക്കേണ്ടത്, ആ രീതിയിൽ തന്നെ പരിഗണിക്കുക. അങ്ങനെയാവുമ്പോൾ എല്ലാം സാധാരണമായി തോന്നും. പക്ഷേ വ്യത്യസ്ത സഹതാരങ്ങളോട് വ്യത്യസ്ത രീതിയിൽ നമ്മൾ ആശയവിനിമയം നടത്തേണ്ടതായി വരും. ചില സമയത്ത് നമ്മൾ കഠിനമായി സംസാരിക്കേണ്ടതായി വരും. മൈതാനത്ത് കൃത്യമായ തീരുമാനങ്ങളെടുക്കാൻ നമ്മൾ വളരെ ആത്മവിശ്വാസത്തോടെ തന്നെ നിൽക്കേണ്ടതുണ്ട്.”- സഞ്ജു സാംസൺ കൂട്ടിച്ചേർക്കുന്നു.

2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം തന്നെയാണ് സഞ്ജുവിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ റോയൽസ് കാഴ്ചവെച്ചിട്ടുള്ളത്. ആദ്യ മത്സരങ്ങളിൽ വിജയിച്ചു തുടങ്ങിയ രാജസ്ഥാൻ അവസാന മത്സരങ്ങളിൽ താരതമ്യേന മോശം പ്രകടനങ്ങളാണ് കാഴ്ചവെച്ചിട്ടുള്ളത്. ഇതുവരെ ഈ ഐപിഎല്ലിൽ 9 മത്സരങ്ങൾ കളിച്ചപ്പോൾ രാജസ്ഥാൻ 5 മത്സരങ്ങളിൽ വിജയിക്കുകയും നാലെണ്ണത്തിൽ പരാജയപ്പെടുകയും ചെയ്തു. നിലവിൽ പോയിന്റ്സ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് രാജസ്ഥാൻ നിൽക്കുന്നത്.