രോഹിത്തിന് വീണ്ടും പരിക്ക് വില്ലൻ :ഗുരുതര പ്രശ്നമെന്ന് ആകാശ് ചോപ്ര

ഇന്ത്യൻ ക്രിക്കറ്റ്‌ ലോകത്ത് വളരെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചാണ് ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും വിരാട് കോഹ്ലിയെ മാറ്റി പകരം സ്റ്റാർ ഓപ്പൺർ രോഹിത് ശർമ്മയെ നിയമിച്ചത്.ടി :20 ലോകകപ്പിന് പിന്നാലെ ടി :20 നായകന്റെ റോളിൽ നിന്നും ഒഴിഞ്ഞ കോഹ്ലിക്ക് ഈ ഒരു ബിസിസിഐ തീരുമാനം കടുത്ത തിരിച്ചടിയായി മാറിയിരുന്നു. എന്നാൽ പരിക്ക് കാരണം ടെസ്റ്റ്‌ പരമ്പരക്കുള്ള ഇന്ത്യൻ ടീമിലിടം നേടാതിരുന്ന രോഹിത് ശർമ്മക്ക്‌ ഏകദിന സ്‌ക്വാഡിൽ നിന്നും പിന്മാറേണ്ടി വന്നു. സൗത്താഫ്രിക്കക്ക്‌ എതിരായ ഏകദിന സ്‌ക്വാഡിലേക്ക് കെ. എൽ. രാഹുലാണ് താരത്തിന്റെ അഭാവത്തിൽ നായകനായി എത്തുന്നത്. വരാനിരിക്കുന്ന ടി :20 ലോകകപ്പും 2023ലെ ഏകദിന ലോകകപ്പും മുന്നിൽ നിൽക്കേ തുടർച്ചയായുള്ള രോഹിത് പരിക്ക് ചർച്ചാവിഷയമാക്കുകയാണ് ആരാധകർ ഇപ്പോൾ.

ഈ വിഷയത്തിൽ തന്റെ ആശങ്ക തുറന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര.രോഹിത് ശർമ്മയുടെ ഈ ഫിറ്റ്നസ് പാളിച്ചകളിലാണ് ആകാശ് ചോപ്രയുടെ വിഷമം. ഇങ്ങനെ പരിക്ക് കാരണം രോഹിത്തിന് തുടർ പരമ്പരകൾ നഷ്ടമാകുന്നത് ഇന്ത്യൻ ടീമിന് അത്ര നല്ലതല്ലെന്നാണ് ചോപ്രയുടെ അഭിപ്രായം. “ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം കൂടുതൽ മത്സരങ്ങൾ രോഹിത് ശർമ്മക്ക്‌ നഷ്ടമാകുന്നത് ഇന്ത്യൻ ടീമിന് ഒരു ദീർഘകാല പ്രശ്നമാണ് . ഏകദിന സ്ക്വാഡ് വരുമ്പോൾ ഏറ്റവും വലിയ വാർത്ത രോഹിത് ശർമ്മ ഇല്ല എന്നത് തന്നെയാണ്.അദ്ദേഹത്തിന് വീണ്ടും പരിക്ക് വില്ലനായി മാറുകയാണ്. ഇത് ഒരു ഗുരുതര പ്രശ്നമാണ്.നമ്മൾ അൽപ്പം ശ്രദ്ധിച്ച് നോക്കിയാൽ വളരെ കാലമായി ഈ പരിക്ക് രോഹിത്തിന് പ്രശ്നമാണ് ” ആകാശ് ചോപ്ര നിരീക്ഷിച്ചു.

“ഈ പരിക്ക് രോഹിത് ശർമ്മയെ ഏറെ കാലമായി അലട്ടുന്നുണ്ട്. അദ്ദേഹം കഴിഞ്ഞ മാസം നടന്ന കിവീസിനെതിരെ നടന്ന ടെസ്റ്റ്‌ പരമ്പരയിലും പരിക്ക്‌ കാരണം കളിച്ചിരുന്നില്ല.ഇപ്പോൾ അദ്ദേഹത്തിന് പരിശീലത്തിനിടയിൽ ഹാംസ്ട്രിങ് ഇഞ്ചുറിയാണ്‌ പ്രശ്നം സൃഷ്ടിക്കുന്നത്. ഇത് ഒരു നീണ്ടകാല പ്രശ്നമാണ്. ലോകകപ്പ് മുന്നിൽ നിൽക്കേ ഇത് നല്ല വാർത്തയല്ല “ആകാശ് ചോപ്ര വെളിപ്പെടുത്തി