ആദ്യ ടി:20യിൽ തന്നെ രോഹിത് ശർമ്മക്ക്‌ തെറ്റ് പറ്റി: ചൂണ്ടികാട്ടി ആകാശ് ചോപ്ര

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ എല്ലാം ഏറ്റവും ആവേശപൂർവ്വം കാത്തിരുന്ന കിവീസിന് എതിരായ ടി :20 പരമ്പരയിൽ ജയത്തോടെ തുടങ്ങി രോഹിത്തും ടീമും. ആദ്യത്തെ ടി :20യിൽ 5 വിക്കറ്റ് ജയം നേടിയ ഇന്ത്യൻ ടീം 3 മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0ന് മുൻപിലെത്തി. മികച്ച പ്രകടനവുമായി ബൗളിംഗ് നിര വളരെ തിളങ്ങിയ മത്സരത്തിൽ രോഹിത്തും സൂര്യകുമാർ യാദവും കാഴ്ചവെച്ച മികച്ച ബാറ്റിങ് ഇന്ത്യൻ ടീമിന് ജയം ഒരുക്കി. എന്നാൽ അവസാന ഓവറുകളിൽ ഏറെ വിക്കറ്റുകൾ നഷ്ടമായത് ഇന്ത്യൻ ടീമിൽ ആശങ്കകൾ സമ്മാനിച്ചുവെങ്കിലും റിഷാബ് പന്തിന്റെ ഫിനിഷിങ് ഇന്ത്യക്ക് വിജയം നേടി കൊടുത്തു.

എന്നാൽ ഇന്നലത്തെ കളിയിൽ നായകൻ രോഹിത് ശർമ്മക്ക്‌ ഒരു തെറ്റ് സംഭവിച്ചു എന്നത് ചൂണ്ടികാട്ടുകയാണ് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര.സാധാരണ മികച്ച ക്യാപ്റ്റൻസി മികവ് തന്റെ എല്ലാ കളികളിലും പുറത്തെടുക്കാറുള്ള രോഹിത് എന്തുകൊണ്ടോ ഈ ഒരു പിഴവ് വരുത്തിയെന്നും മുൻ ഇന്ത്യൻ താരം വിശദമാക്കി. “ഒരു ആൾറൗണ്ടർ ഇന്ത്യൻ ടീമിൽ ആവശ്യമാണെന്ന് മത്സരങ്ങൾക്ക് മുൻപായി രോഹിത് പറഞ്ഞിരുന്നു. എന്നാൽ ഇന്നലെ അത്തരം ഒരു ശ്രമം ഉണ്ടായില്ല. വെങ്കടേഷ് അയ്യറെ ആറാം നമ്പറിൽ കളിക്കാനിറക്കി നമ്മൾ ആ ഒരു അജണ്ട മുന്നോട്ട് വെച്ചെങ്കിലും ബൗളർ എന്നുള്ള നിലയിൽ അദ്ദേഹത്തെ ഒരു ഓവറിൽ പോലും ഉപയോഗിച്ചില്ല. ഇത് ഒരു തെറ്റാണ് “ആകാശ് ചോപ്ര തുറന്ന് പറഞ്ഞു.

“ക്യാപ്റ്റൻ രോഹിത്തിൽ നിന്നും നമ്മൾ ആരും പ്രതീക്ഷിക്കാത്ത ഒരു പിഴവായി ഇത് മാറി.പൊതുവായി നമ്മൾ ആരും തന്നെ രോഹിതിന്‍റെ ക്യാപ്റ്റൻസിയിൽ പിഴവ് പറയാറില്ല. എന്നാൽ ഇന്നലെ വെങ്കടഷ് അയ്യർക്ക്‌ ഒരു ഓവർ പോലും ബൗളിംഗ് ചെയ്യാൻ അനുവദിച്ചില്ല. ഇത് അൽപ്പം ആശങ്ക സൃഷ്ടിച്ചു. ദീപക് ചഹാർ, സിറാജ് എന്നിവർക്ക്‌ അടികൊണ്ട സാഹചര്യവും നോക്കുമ്പോൾ ഒരു ഓവർ എങ്കിലും വെങ്കടേഷ് അയ്യർക്ക് നൽകാമായിരുന്നു” മുൻ താരം വ്യക്തമാക്കി.