സൂപ്പര്‍ താരം തിരിച്ചെത്തുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടി20 കളിക്കും

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ഏറ്റവും പുതിയ കോവിഡ് ടെസ്റ്റ് നെഗറ്റീവായി. അണുബാധയെത്തുടർന്ന് പുനഃക്രമീകരിച്ച എഡ്ജ്ബാസ്റ്റൺ ടെസ്റ്റ് നഷ്‌ടമായ രോഹിത് ശര്‍മ്മ സതാംപ്ടണിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 യില്‍ കളിക്കും

“രോഹിത് ശര്‍മ്മയുടെ പരിശോധനാഫലം നെഗറ്റീവാണ്, മെഡിക്കൽ പ്രോട്ടോക്കോളുകൾ പ്രകാരം ഇപ്പോൾ ക്വാറന്റൈനില്ല. എന്നിരുന്നാലും, നോർത്താംപ്ടൺഷയറിനെതിരെ ഇന്നത്തെ ടി20 സന്നാഹ മത്സരം കളിക്കുന്നില്ല, കാരണം ആദ്യ ടി 20 ക്ക് മുമ്പ് അദ്ദേഹത്തിന് കുറച്ച് സമയവും പരിശീലനവും ആവശ്യമാണ്,” പിടിഐ ഉദ്ധരിച്ച് ഒരു മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ പറഞ്ഞു

Rohit sharma captain

ജൂലായ് ഒന്നിന് ആരംഭിച്ച ടെസ്റ്റിൽ നിന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പുറത്തായിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തിൽ ജസ്പ്രീത് ബുംറയാണ് ടീമിനെ നയിക്കുന്നത്.

ടെസ്റ്റ് മത്സരത്തിനു ശേഷം മൂന്നു വീതം ഏകദിനങ്ങളും ടി20യുമാണ് ഇന്ത്യ കളിക്കുക. ടെസ്റ്റ് ഇലവന്റെ ഭാഗമായ വിരാട് കോഹ്‌ലി, ബുംറ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരെല്ലാം രണ്ടാം ടി20ക്ക് മുമ്പായി മാത്രമേ ടീമിനൊപ്പം ചേരുകയുള്ളു. അതിനാല്‍ മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കായി ബിസിസിഐ രണ്ട് സ്ക്വാഡുകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.